പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, June 8, 2010

സ്റ്റോം വാണിംഗ്‌ - 48

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...


പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 23. സിസ്റ്റര്‍ ആഞ്ചലയും പ്രേയ്‌ഗറും കൂടി എന്റെയടുത്ത്‌ വന്നു. ജോലിക്കാരുടെയും യാത്രികരുടെയും മാനസികാവസ്ഥ ദുര്‍ബലമായിക്കൊണ്ടിരിക്കുന്നതില്‍ അവര്‍ രണ്ടുപേരും ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. മോശമായ കാലാവസ്ഥയില്‍ അടുക്കള മിക്കവാറും നനഞ്ഞ്‌ കുതിരുന്നതിനാല്‍ ചൂടുള്ള ഭക്ഷണവും പാനീയവും വിതരണം ചെയ്യാന്‍ കഴിയുന്നില്ല എന്ന് അവര്‍ പരാതി പറഞ്ഞു. ഇക്കാര്യത്തില്‍ സിസ്റ്റര്‍ ആഞ്ചല മുന്നോട്ട്‌ വച്ച നിര്‍ദ്ദേശം ഞാന്‍ അംഗീകരിച്ചു. കപ്പലില്‍ അല്‍പ്പമെങ്കിലും നനവ്‌ തട്ടാത്ത സ്ഥലമുണ്ടെങ്കില്‍ അത്‌ എന്റെ ക്യാബിന്‍ മാത്രമാണ്‌. അത്‌ പാചകാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ഞാന്‍ അനുവാദം കൊടുത്തു. ഇന്ന് ഏകദേശം 225 മൈലുകള്‍ പിന്നിട്ടതായി കണക്കാക്കുന്നു.



അദ്ധ്യായം പതിനൊന്ന്


കൈകള്‍ പിന്നിലേക്ക്‌ കൂട്ടിക്കെട്ടിയ അവസ്ഥയില്‍ ആ ചെറിയ സ്വീകരണമുറിയില്‍ ഇരിക്കുകയാണ്‌ ഗെറിക്ക്‌. ജാലകത്തിനടുത്തുള്ള ഒരു കസേരയില്‍ ഇരുന്ന് മര്‍ഡോക്ക്‌ പൈപ്പില്‍ പുകയില നിറച്ചുകൊണ്ടിരിക്കുന്നുണ്ട്‌. വളരെ ശാന്തമായ അന്തരീക്ഷം.

"അതി മനോഹരമായിരിക്കുന്നു ഈ വീട്‌... ആരാണിതിന്റെ ഉടമ...?" ഗെറിക്ക്‌ ചോദിച്ചു.

"മിസിസ്‌ ജീന്‍ സിന്‍ക്ലെയര്‍... ഈ ദ്വീപിന്റെ അവകാശിയും അവര്‍ തന്നെയാണ്‌. മാത്രമല്ല, ഈ ദ്വീപിലെ ബെയ്‌ലി ... അതായത്‌ മജിസ്‌ട്രേറ്റും പിന്നെ ഹാര്‍ബര്‍ മാസ്റ്ററും ഒക്കെ അവരാണ്‌..."

"അപ്പോള്‍ ഒരു അസാമാന്യ വനിത തന്നെയാണല്ലോ അവര്‍..."

"അത്‌ നിങ്ങള്‍ക്ക്‌ വഴിയേ മനസ്സിലായിക്കോളും... ഇനി നിങ്ങളുടെ ഭാവി അവരുടെ കൈകളിലാണ്‌... ഇവിടുത്തെ നിയമപാലക അവരാണ്‌... അവരുടെ ഭര്‍ത്താവ്‌ നിങ്ങളെപ്പോലെ ഒരു നാവികനായിരുന്നു. പ്രിന്‍സ്‌ ഓഫ്‌ വെയില്‍സ്‌ എന്ന കപ്പല്‍ പസഫിക്കില്‍ വച്ച്‌ മുങ്ങിയപ്പോള്‍ മരണമടഞ്ഞു. 1941 ല്‍ ആയിരുന്നുവെന്ന് തോന്നുന്നു അത്‌..."

"അത്‌ ശരി..." ഗെറിക്ക്‌ പറഞ്ഞു. "അപ്പോള്‍ അതിന്റെ വൈരാഗ്യം അവര്‍ എന്നില്‍ തീര്‍ക്കുമെന്ന് തോന്നുന്നു..."

"നോക്കൂ കമാന്‍ഡര്‍... ഞങ്ങള്‍ അത്ര ക്രൂരഹൃദയരൊന്നുമല്ല... അത്തരത്തിലുള്ള ചിന്തകള്‍ നിങ്ങളുടെ തലയില്‍ നിന്ന് ഇറക്കി വയ്ക്കൂ... ഈ മാസം ഒമ്പതാം തിയ്യതി നിങ്ങളുടെ ഒരു സബ്‌മറീന്‍ ഈ പ്രദേശത്ത്‌ വച്ച്‌ മുങ്ങുകയുണ്ടായില്ലേ...? കഴിഞ്ഞ രണ്ടാഴ്ചകളായി അതില്‍ നിന്നുള്ള എട്ട്‌ മൃതദേഹങ്ങളാണ്‌ ഇവിടെ അടിഞ്ഞ്‌ കയറിയത്‌. അവരെയെല്ലാം സംസ്കരിച്ചത്‌ ഞങ്ങളാണ്‌. മതപരമായി അവര്‍ക്ക്‌ വേണ്ട എല്ലാ ചടങ്ങുകളും ഞാന്‍ തന്നെയാണ്‌ ചെയ്തുകൊടുത്തത്‌. ഈ ദ്വീപിലെ സകല മനുഷ്യജീവികളും അതില്‍ പങ്കെടുത്തു..."

ഒരു നിമിഷത്തേക്ക്‌ അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞു. എന്തോ നഷ്ടപ്പെട്ടവനെപ്പോലെ കാണപ്പെട്ട ഗെറിക്ക്‌ പിന്നെ പറഞ്ഞു. "താങ്ക്‌ യൂ സര്‍... അവരുടെ പേരില്‍ ഞാന്‍ താങ്കള്‍ക്ക്‌ നന്ദി പറയുന്നു..."

കതക്‌ തുറന്ന് അഡ്‌മിറല്‍ റീവ്‌ പ്രവേശിച്ചു. അദ്ദേഹം അപ്പോഴും റീഫര്‍ കോട്ട്‌ അണിഞ്ഞിരുന്നു. മുഖത്ത്‌ മഴത്തുള്ളികള്‍ പറ്റിപ്പിടിച്ചിരിക്കുന്നു.

"മലേയ്‌ഗിലുള്ള ക്യാപ്റ്റന്‍ മറേയുമായി ഞാന്‍ റേഡിയോ ബന്ധം പുലര്‍ത്തി. എന്ത്‌ തന്നെ സംഭവിച്ചാലും ശരി, ഒരു ഔദ്യോഗിക ബോട്ടിലല്ലാതെ താങ്കളെ വന്‍കരയിലേക്ക്‌ കൊണ്ടുപോകരുതെന്നാണ്‌ ഓര്‍ഡര്‍... ലെഫ്റ്റനന്റ്‌ ജാഗോ ഇപ്പോള്‍ സ്റ്റോണോവേയിലേക്ക്‌ പോയിരിക്കുകയാണ്‌. താങ്കളെ കൊണ്ടുപോകാനായി നാളെത്തന്നെ ഇങ്ങോട്ട്‌ തിരിക്കാന്‍ അദ്ദേഹത്തോട്‌ ആവശ്യപ്പെടുമെന്നാണ്‌ ക്യാപ്റ്റന്‍ മറേ പറഞ്ഞത്‌..."

"അങ്ങനെ, സകല വാതിലുകളും കൊട്ടിയടക്കപ്പെടുന്നതിന്‌ മുമ്പ്‌ ഒരു ദിവസം കൂടി നീട്ടിക്കിട്ടി..." ഗെറിക്ക്‌ പറഞ്ഞു.

"മിസ്സിസ്‌ സിന്‍ക്ലെയറിന്‌ താങ്കളെ കാണണമെന്ന്..." റീവ്‌ പറഞ്ഞു.

മര്‍ഡോക്ക്‌ എഴുന്നേറ്റ്‌ ഗെറിക്കിന്‌ നേരെ ആംഗ്യം കാണിച്ചു. ഗെറിക്ക്‌ അദ്ദേഹത്തെ അനുഗമിച്ചു. അഡ്‌മിറല്‍ റീവ്‌ ഗെറിക്കിന്റെ തൊട്ടു പിന്നില്‍ തന്നെയുണ്ടായിരുന്നു. നീണ്ട വരാന്തയിലൂടെ നടന്ന്‌ ഒരു വലിയ ഹാളിലേക്ക്‌ അവര്‍ പ്രവേശിച്ചു. ഹരിതനിറമുള്ള കര്‍ട്ടനിട്ടിരുന്ന വാതില്‍ റീവ്‌ തുറന്നു. ഗെറിക്ക്‌ ഉള്ളിലേക്ക്‌ കടന്നു.

മനോഹരമായ ഒരു മുറിയായിരുന്നു അത്‌. ഇരുവശവുമുള്ള ചുമരുകളിലെ ഷെല്‍ഫുകളില്‍ പലതരം പുസ്തകങ്ങള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. നീളമുള്ള ഫ്രഞ്ച്‌ ജാലകങ്ങളിലൂടെ പുറമെയുള്ള പൂന്തോട്ടത്തിന്റെ ആകര്‍ഷകമായ ദൃശ്യം. നെരിപ്പോടിനരുകില്‍ ജാനറ്റും ജീന്‍ സിന്‍ക്ലെയറും സംസാരിച്ചുകൊണ്ട്‌ നില്‍ക്കുന്നത്‌ ഗെറിക്ക്‌ ശ്രദ്ധിച്ചു.

കാല്‍പ്പെരുമാറ്റം കേട്ടതും അവര്‍ തിരിഞ്ഞു. ഗെറിക്ക്‌ തല കുനിച്ചുകൊണ്ട്‌ അവരെ അഭിവാദ്യം ചെയ്തു. "ഹലോ ലേഡീസ്‌..."

"ഇതാണ്‌ കോര്‍വെറ്റന്‍ ക്യാപ്റ്റന്‍ പോള്‍ ഗെറിക്ക്‌..." റീവ്‌ പറഞ്ഞു. "കമാന്‍ഡര്‍, ഇത്‌ മിസ്സിസ്‌ സിന്‍ക്ലെയര്‍..."

സാമാന്യം സുന്ദരിയായ ജീന്‍ ഒരു ഷെട്ട്‌ലാന്റ്‌ സ്വെറ്ററും ടാര്‍ടന്‍ തുണികൊണ്ടുള്ള ഒരു ഹാഫ്‌ സ്കേര്‍ട്ടുമാണ്‌ ധരിച്ചിരുന്നത്‌. നീലനിറമുള്ള വെല്‍വെറ്റ്‌ ബോ കൊണ്ട്‌ അവര്‍ മുടി പിന്നോട്ട്‌ ഒതുക്കി കെട്ടി വച്ചിട്ടുണ്ട്‌.

അവര്‍ അദ്ദേഹത്തെ സൗമ്യമായി ഒന്ന് നോക്കി. പിന്നെ, ആചാരമര്യാദകളോടെ പറഞ്ഞു. "കമാന്‍ഡര്‍, അഡ്‌മിറല്‍ റീവ്‌ പറഞ്ഞുവോ എന്നെനിക്ക്‌ അറിയില്ല... ഞാനാണ്‌ ഇവിടുത്തെ ബെയ്‌ലി. താങ്കളെ സംബന്ധിക്കുന്ന നിയമപരമായ എല്ലാ ഉത്തരവാദിത്വവും ഇനി എനിക്കാണ്‌..."

"അദ്ദേഹം അതെന്നോട്‌ പറഞ്ഞിരുന്നു..."

"ഈ ദ്വീപില്‍ പോലീസുകാരൊന്നുമില്ല. എങ്കിലും പണ്ടുമുതല്‍ക്കേ ഇവിടെ ഒരു പോലീസ്‌ സ്റ്റേഷന്‍ ഉണ്ട്‌. ആവശ്യം വരുമ്പോഴൊക്കെ അതിന്റെ സെല്ലുകള്‍ ഞാന്‍ ഉപയോഗപ്പെടുത്താറുണ്ട്‌..."

"എനിക്ക്‌ മനസ്സിലാകുന്നുണ്ട്‌ മാഡം..."

"താങ്കളെ കസ്റ്റഡിയില്‍ എടുക്കുവാന്‍ വേണ്ടി ലെഫ്റ്റനന്റ്‌ ജാഗോ നാളെ ഇവിടെയെത്തും. അതു വരെ താങ്കളെ ഞാന്‍ ആ സെല്ലില്‍ അടയ്ക്കുവാന്‍ പോകുകയാണ്‌... സ്വാഭാവികമായും കാവല്‍ക്കാരനുമുണ്ടാകും..."

അത്രയേ അവര്‍ക്ക്‌ പറയുവാനുണ്ടായിരുന്നുള്ളൂ. ജാനറ്റ്‌, ജാലകത്തിനടുത്തേക്ക്‌ നീങ്ങി പുറത്തേക്ക്‌ നോക്കിക്കൊണ്ട്‌ നിന്നു. റീവ്‌ ഗെറിക്കിന്റെ ചുമലില്‍ തട്ടി.

"നമുക്ക്‌ അപ്പോള്‍ അങ്ങോട്ട്‌ പോകാം... മര്‍ഡോക്കും ഞാനും വരാം കൂടെ..."

ജാനറ്റിന്റെ നേര്‍ക്ക്‌ കണ്ണോടിച്ച്‌ ഗെറിക്ക്‌ ഒന്ന് സംശയിച്ചു നിന്നു. എന്നാല്‍ അവള്‍ തിരിഞ്ഞ്‌ നോക്കുകയേയുണ്ടായില്ല. അദ്ദേഹം ഒരു വട്ടം കൂടി പ്രതീക്ഷയോടെ അവളുടെ നേരേ നോക്കിയിട്ട്‌ ഒന്നും മിണ്ടാതെ റീവിനെയും മര്‍ഡോക്കിനേയും അനുഗമിച്ചു.

വാതില്‍ അടഞ്ഞു. "ഡാംന്‍ യൂ പോള്‍ ഗെറിക്ക്‌..." പുറമേ ചാറിത്തുടങ്ങിയ മഴയിലേക്ക്‌ കണ്ണോടിച്ചിട്ട്‌ അവള്‍ മന്ത്രിച്ചു. "ഇനി ഒരിക്കലും നിങ്ങളെ കാണാതിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു..."


* * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

16 comments:

  1. അല്‍പ്പം വൈകിയാണെങ്കിലും അടുത്ത ലക്കം... ഡെയ്‌ലി ഫോളോ അപ്പ്‌ നടത്തിക്കൊണ്ടിരുന്ന നമ്മുടെ ജാനറ്റ്‌ ഫാന്‍സ്‌ അസോസിയേഷന്‍ സെക്രട്ടറി ചാര്‍ളിക്കായി ഡെഡിക്കേറ്റ്‌ ചെയ്യുന്നു... ഈ യജ്ഞത്തിന്‌ ശക്തി പകര്‍ന്നുകൊണ്ട്‌ എന്നോടൊപ്പമുള്ള എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി...

    ReplyDelete
  2. അപ്പോള്‍ മുടങ്ങാതെ വ ആയിക്കുന്ന ഞങ്ങള്‍ക്ക്‌ ഡഡികേഷന്‍ ഇല്ലേ ....ഹി..ഹി ചുമ്മാ ....വായിചൂട്ടോ

    ReplyDelete
  3. സന്തോഷം..

    "കാത്തിരുന്ന പോസ്റ്റല്ലേ..
    കാലമേറയായില്ലേ.. :)"

    അപ്പോ ഗെറിക്കിന്റെ കാര്യം ഒരു വഴിക്കായോ ?
    ഗെറിക്ക് ഫാന്‍സ്കാരെല്ലാം കൂടി എന്റെ കഴുത്തിനു പിടിക്കുമോ?
    ഏറക്കാടന്‍ ഉടക്കി നില്‍ക്കുവാണോ..
    എന്റെ ഇഷ്ടാ, ഇത്തിരി ഡെഡിക്കേഷന്‍ താങ്കള്‍ക്കായി മാറ്റി വയ്ക്കാതിരിക്കാന്‍ പറ്റുമോ വിനുവേട്ടനു.
    be cool

    ReplyDelete
  4. അപ്പോ കാര്യങ്ങള്‍ക്കൊക്കെ ഒരു തീരുമാനമാകുന്നത് അറിയാന്‍ ഇനിയും കാത്തിരിയ്ക്കണം... ശരി.

    :)

    ReplyDelete
  5. ഇത് നല്ല ഇടപാടായിപ്പോയി... പാവം ഗെറിക്കിനെ ജാനറ്റിനെക്കൊണ്ട് ചീത്ത വിളിപ്പിക്കാനാണോ ചാര്ളിച്ചായന്‍ ഇത്ര ശുഷ്കാന്തി കാണിച്ചത്...!

    (എന്നാലും ആ പെണ്ണിനൊന്ന് തിരിഞ്ഞു നോക്കാമായിരുന്നു...)

    ReplyDelete
  6. പെണ്ണിന്റെ മനസ്സിന്റെ ജാലകം ...!
    ജാക്ക്‌ ഹിഗ്ഗിന്‍സിന്റെ കഴിവ് അപാരം തന്നെ അല്ലേ ഭായി.

    ReplyDelete
  7. ഗെറിക്ക്‌ ഫാന്‍സിനേയും, ജാനെറ്റ്‌ ഫാന്‍സിനേയും, ഒരുപോലെ വിഷമിപ്പിയ്ക്കുന്ന പോസ്റ്റായിപോയി..
    ആഖ്യാനമികവ്‌ നിറഞ്ഞു തുളുമ്പുന്ന ഒരു എപ്പിസോഡ്‌!!!
    ആശംസകളോടെ..

    ReplyDelete
  8. എറക്കാടാ... എറക്കാടനുള്ള ഡെഡിക്കേഷന്‍ ഞാന്‍ കമന്റ്‌ രൂപത്തില്‍ തന്നിട്ടുണ്ട്‌... എങ്കിലും എന്റെ വിശാലമനസ്കാ എന്ന പോസ്റ്റില്‍ കണ്ടില്ലായിരുന്നോ? അത്‌ വായിച്ചിട്ട്‌ പിണങ്ങിയിട്ടില്ല എന്ന് കരുതട്ടേ...

    ചാര്‍ളി... ഗെറിക്കിന്റെ കാര്യം ... നമുക്ക്‌ കാത്തിരുന്നു കാണാം...

    ശ്രീ... അതേ... അടുത്തയാഴ്ച വരെ...

    ജിമ്മി... സത്യം പറഞ്ഞാല്‍ ചാര്‍ളിയുടെ ഫോളോ അപ്പ്‌ കാരണമാണ്‌ ചൊവ്വാഴ്ചയെങ്കിലും പോസ്റ്റ്‌ ഇടാന്‍ പറ്റിയത്‌... പിന്നെ, ജാനറ്റ്‌... അല്ലെങ്കിലും അവള്‍ക്ക്‌ ഇത്തിരി അഹങ്കാരം കൂടുതലാ... (ജാനറ്റ്‌ ഫാന്‍സ്‌ ... ക്ഷമിക്കണേ...)

    ബിലാത്തിഭായ്‌... അതേ, അത്‌ പറയാതിരിക്കാന്‍ കഴിയില്ല. ഓരോരുത്തരുടെയും മനോവ്യാപാരം എത്ര നന്നായി അവതരിപ്പിക്കുന്നു അദ്ദേഹം ഈ കഥയില്‍... ഹാറ്റ്‌സ്‌ ഓഫ്‌ റ്റു ഹിം...

    ജോയ്‌.... നന്ദി... ഈ നിരൂപണം സസന്തോഷം സ്വീകരിക്കുന്നു...

    ReplyDelete
  9. സമയമില്ലാത്ത സമയത്തും വായിക്കാതിരിക്കുന്നതെങ്ങിനെ?

    ReplyDelete
  10. ഹി ഹി..അങ്ങനെ വീണ്ടും വെള്ളിയാഴ്ച ആയി..
    ഇനി ഫോളോഅപ്പ് എന്നും പറഞ്ഞു ചെന്നാല്‍ വിനുവേട്ടനെന്നെ കുനിച്ചു നിറുത്തി ഇടിക്കും.
    തല്‍ക്കാലം ഒരിടി കൊള്ളാനുള്ള ആരോഗ്യമില്ലാത്തതിനാല്‍
    അടുത്ത വിസിറ്റ് അടുത്ത വെള്ളിയാഴ്ച മാത്രം..

    ReplyDelete
  11. കഷ്ടമായിപ്പോയല്ലോ. ഗെറിക്കിനെ ജയിലില്‍ അടക്കുകയാണോ? ജാനറ്റ്‌ ഒരു ദുഷ്ട തന്നെ. അദ്ദേഹത്തിന്‌ അവളുടെ മുന്നില്‍ കീഴടങ്ങേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല.

    ReplyDelete
  12. പഴയത് പതുക്കെ വായിക്കുന്നതേ ഉള്ളൂ. ഈ അദ്ധ്യായം കൊള്ളാം. എനിക്ക് മുഴുവൻ പിടുത്തം കിട്ടിയിട്ടില്ല കേട്ടോ.. ശരിയാവും.

    ReplyDelete
  13. ഇനിയെന്നു തുടരും?

    ReplyDelete
  14. ഗെറിക്കിന്റെ ഇനിയുമുള്ള നീക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  15. വായിക്കുന്നു

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...