ബെര്‍ഗറുടെ ക്യാബിന്‍ ആകെപ്പാടെ അലങ്കോലമായിട്ടാണ് ഇപ്പോള്‍ കിടക്കുന്നത്. ഒരു മൂലയില്‍ ഓയില്‍ സ്റ്റൗ വച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ മേശ, പാത്രങ്ങള്‍ വയ്ക്കുവാനായി വിട്ടുകൊടുത്തിരിക്കുന്നു. അവിടെ എത്തിയ കുറച്ച് നാവികര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തുകൊണ്ടിരിക്കുകയാണ് കാത്തെ, എല്‍സെ, ബ്രിജിത്തെ എന്നീ കന്യാസ്ത്രീകള്‍. വെളിയില്‍ കാറ്റ് അതിന്റെ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിക്കുകയാണ്. നന്നായി ക്ഷോഭിച്ചിരിക്കുന്ന സമുദ്രത്തിലൂടെ ഇരുവശത്തേക്കും ആടിയുലഞ്ഞ് കുതിച്ചുകൊണ്ടിരിക്കുകയാണ് ഡോയ്‌ഷ്‌ലാന്റ്.
ഒരു കൈയിലെ ഗ്ലാസില്‍ റമ്മും മറുകൈയില്‍ കുപ്പിയുമായി നില്‍ക്കുകയാണ് ക്യാപ്റ്റന്‍. ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് എത്തിയതേയുള്ളൂ അദ്ദേഹം. ഒരു അരുവിയില്‍ നിന്ന് എന്ന പോലെ അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ കോട്ടില്‍ നിന്ന് വെള്ളം താഴേക്ക് ഇറ്റിറ്റ് വീഴുന്നുണ്ട്. അസ്ഥികള്‍ക്കുള്ളിലേക്ക് വരെ തണുപ്പ് അരിച്ചുകയറുന്നത് പോലെ തോന്നി അദ്ദേഹത്തിന്.
സിസ്റ്റര്‍ കാത്തെ അദ്ദേഹത്തെ നോക്കി. "കഴിക്കാന്‍ എന്തെങ്കിലും എടുക്കട്ടെ ക്യാപ്റ്റന്‍...?"
ബെര്‍ഗര്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. "സമയമില്ല സിസ്റ്റര്‍... അവിടെ പലതും ചെയ്യാന്‍ കിടക്കുന്നു... ഇവിടെ കുഴപ്പങ്ങളൊന്നുമില്ലല്ലോ...?"
"ജോലിത്തിരക്ക് ഒഴിയുന്നത് നോക്കിയാണ് നാവികരില്‍ പലരും ഭക്ഷണത്തിന് എത്തുന്നത്. മൂന്നോ നാലോ പേരില്‍ കൂടില്ല ഒരിക്കലും... എപ്പോഴും ഒരു സ്റ്റൗ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്..."
"അതായത് എപ്പോള്‍ വേണമെങ്കിലും ചൂടുള്ള ഭക്ഷണം ലഭിക്കുമെന്നര്‍ത്ഥം... അതും ഇത്തരം കാലാവസ്ഥയില്‍... വളരെ നന്ദിയുണ്ട് മഹതികളേ ഞങ്ങള്‍ക്ക് നിങ്ങളോട്..." അദ്ദേഹം തന്റെ കണ്ണട തുടച്ചു. "ശരി... ഞാന്‍ അങ്ങോട്ട് ചെല്ലട്ടെ..."
ചീറിയടിക്കുന്ന കാറ്റിനെതിരെ വളരെ ബുദ്ധിമുട്ടി കതക് അടച്ചിട്ട് അദ്ദേഹം പുറത്ത് കടന്നു. ഇളകി മറിയുന്ന കടലിലൂടെ സകല പായകളിലും നിറഞ്ഞ കാറ്റോടെ ഡോയ്‌ഷ്‌ലാന്റ് കുതിക്കുകയാണ്... തിരമാലകള്‍ക്ക് മുകളിലൂടെ കയറിയിറങ്ങുമ്പോള്‍ കൈവരികള്‍ക്ക് മുകളിലൂടെ വെള്ളം ഉയര്‍ന്ന് തട്ടിത്തെറിച്ചുകൊണ്ടിരുന്നു. സ്റ്റിയറിംഗ് വീലിനടുത്ത് രണ്ട് പേരുണ്ട്. ഡെക്കില്‍ നിന്ന് താഴോട്ട് പോകാനുള്ള വാതിലിന് മുന്നില്‍ മുട്ടറ്റം വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ആ കതക് വലിച്ച് തുറന്ന് ജലപ്രവാഹത്തോടൊപ്പം അദ്ദേഹം ഇടനാഴിയിലേക്ക് പതിച്ചു. പെട്ടെന്ന് തന്നെ ചാടിയെഴുന്നേറ്റ് കതകുകള്‍ കൊട്ടിയടച്ച് അദ്ദേഹം താഴേക്ക് നടന്നു.
ഏതാണ്ട് ഒരടിയോളം ഉയരത്തില്‍ വെള്ളം തറയിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഒഴുകുന്നുണ്ടായിരുന്നു അവിടെ. ജാലകത്തിലൂടെ അല്‍പ്പം പോലും പ്രകാശം അവിടെയെത്തുന്നുണ്ടായിരുന്നില്ല. സീലിങ്ങില്‍ തൂങ്ങിക്കിടന്നിരുന്ന രണ്ട് റാന്തലുകള്‍ ആടിക്കൊണ്ടിരുന്നു.
സിസ്റ്റര്‍ ആഞ്ചലയുടെ 'ആഫ്റ്റര്‍നൂണ്‍ ക്ലിനിക്കിലെ' സേവനത്തിനായി ഊഴം കാത്ത് നാല് പേര്‍ അവിടെ നിന്നിരുന്നു. അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ കാള്‍ സ്ഫോറര്‍ മേശമേല്‍ കിടക്കുന്നുണ്ട്. അയാളുടെ വലത് കൈയില്‍ സാമാന്യം വലിയൊരു വ്രണം രൂപം കൊണ്ടിരിക്കുന്നു.
അയാളുടെ സമീപം നിന്നിരുന്ന സിസ്റ്റര്‍ ആഞ്ചല, തന്റെ സ്കേര്‍ട്ടിന്റെ അറ്റം ബെല്‍റ്റിലേക്ക് തിരുകി വച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ അടങ്ങിയ ഒരു ട്രേയും ഒരു ബേസിനും കൈയിലേന്തി ലോട്ടെ അവരുടെ അരികില്‍ത്തന്നെയുണ്ട്. റിക്ടര്‍ അയാളുടെ തലഭാഗത്തായി നിലയുറപ്പിച്ചിരിക്കുന്നു.
"എന്താ സംഭവം ഇവിടെ...?" ബെര്‍ഗര്‍ ചോദിച്ചു.
"ഇന്‍ഫെക്ഷന്‍ കാരണം അയാളുടെ ഒരു കൈ ഏതാണ്ട് മരവിച്ചത് പോലെയായി.." സിസ്റ്റര്‍ ആഞ്ചല പേനാക്കത്തിയെടുത്തുകൊണ്ട് പറഞ്ഞു. "നല്ല മിടുക്കനായി ധൈര്യത്തോടെയിരിക്കൂ കാള്‍... പെട്ടെന്ന് തന്നെ തീര്‍ത്ത് തരാം..."
പതിനെട്ട്‌കാരനായ സ്ഫോറര്‍ വല്ലാതെ ഭയന്നിരുന്നു. അയാളുടെ മുഖം വിയര്‍പ്പില്‍ കുളിച്ചിരുന്നു. അയാളുടെ തോളില്‍ കൈ വച്ചിരുന്ന റിക്ടറുടെ നേരെ സിസ്റ്റര്‍ ആഞ്ചല ആംഗ്യം കാണിച്ചു. പെട്ടെന്നുണ്ടായ ഒരു തിരമാലയില്‍ പെട്ട് ഡോയ്‌ഷ്‌ലാന്റ് ഒന്നുലഞ്ഞു. മുറിയില്‍ കെട്ടിക്കിടന്നിരുന്ന വെള്ളം ഒരു തിര കണക്കെ മറുവശത്തേക്ക് നീങ്ങി.
അവിടെ നിന്നിരുന്നവരില്‍ ഒരുവന്‍ തറയിലെ വെള്ളത്തില്‍ മുട്ടുകുത്തി വീണു. എന്നാല്‍ മേശയില്‍ മുറുകെ പിടിച്ച് സിസ്റ്റര്‍ ആഞ്ചല തന്റെ ജോലി തുടര്‍ന്നുകൊണ്ടിരുന്നു.
പേനാക്കത്തി ആ വ്രണങ്ങളില്‍ ദ്രുതഗതിയില്‍ ചലിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് അതില്‍ നിന്ന് പഴുപ്പ് പൊട്ടി ചീറ്റിയപ്പോള്‍ അസഹനീയമായ ദുര്‍ഗന്ധം അവിടെങ്ങും പരന്നു. ഉച്ചത്തില്‍ അലറിക്കൊണ്ട് വേദനയോടെ അയാള്‍ ഒന്ന് പിടഞ്ഞു. എന്നാല്‍ റിക്ടറിന്റെ ഭാരം മുഴുവനും അയാളുടെ മുകളില്‍ ആയിരുന്നത് കൊണ്ട് അയാള്‍ക്ക് അനങ്ങുവാന്‍ കഴിയുമായിരുന്നില്ല. അടുത്ത നിമിഷം തന്നെ അയാളുടെ ബോധം മറഞ്ഞു.
അസാമാന്യ വേഗതയോടെ സിസ്റ്റര്‍ ആഞ്ചല തന്റെ പ്രവൃത്തി തുടര്‍ന്നു. ഇനി സൗമ്യതയുടെ പ്രശ്നം ഉദിക്കുന്നില്ല. ഒരക്ഷരം പോലും ഉരിയാടാതെ ലോട്ടെ, ഉപകരണങ്ങള്‍ ഓരോന്നായി എടുത്തു കൊടുത്തുകൊണ്ടിരുന്നു. പഴുപ്പ് നിറഞ്ഞിരുന്ന ആ വ്രണങ്ങള്‍ ഓരോന്നായി വൃത്തിയാക്കി കെട്ടുന്നതില്‍ വ്യാപൃതയായി സിസ്റ്റര്‍ ആഞ്ചല.
"ഈ അസുഖത്താല്‍ പലരും കഷ്ടപ്പെടുന്നുണ്ടല്ലേ...?" ബെര്‍ഗര്‍ ചോദിച്ചു.
"ഏതാണ്ട് പകുതിയോളം പേര്‍..." അവര്‍ പറഞ്ഞു.
റിക്ടര്‍ അദ്ദേഹത്തെ നോക്കി. "നീണ്ട ഒരു യാത്ര തന്നെ... അല്ലേ ക്യാപ്റ്റന്‍...?"
"അതേ... വളരെ നീണ്ട ഒരു യാത്ര തന്നെയായിപ്പോയി എന്ന് തോന്നുന്നു ഇപ്പോള്‍..." ബെര്‍ഗറുടെ മറുപടിയില്‍ ക്ഷീണം കലര്‍ന്നിരുന്നു.
* * * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)
കഴിഞ്ഞ ലക്കം ഒരാഘോഷമാക്കി മാറ്റിയ പ്രിയവായനക്കാര്‍ക്ക് അകൈതവമായ നന്ദി...
ReplyDeleteഇനി നമുക്ക് ഡോയ്‌ഷ്‌ലാന്റിലെ വിശേഷങ്ങള്‍ അറിയണ്ടേ...?
ശരിയാണ്. ഡോയ്‌ഷ്‌ലാന്റിലെ വിശേഷങ്ങള്‍ കുറച്ചായി ഓര്‍ക്കാറില്ലായിരുന്നു. ഗെറിക്കിനെ തനിച്ചാക്കി പോരാന്‍ മനസ്സു സമ്മതിയ്ക്കണ്ടേ? :)
ReplyDeleteനന്ദി വിനുവണ്ണാ...
ReplyDeleteഡോയ്ഷ് ലാന്റിലേക്കുള്ള മടക്കം ഇത്ര സംഭവബഹുലമാകുമെന്ന് കരുതിയില്ല..
പതിവുപോലെ, വായനക്കാരില്‍ ഒരു ചിത്രം പോലെ പതിയുന്ന ആദ്യ ഖണ്ഡികയും പിന്നെ അതിന്റെ തുടര്‍ച്ചയും... അതിമനോഹരം...
ജിമ്മി പറഞ്ഞപോലെ ഒരു ദൃശ്യാനുഭവം ഉണ്ടാക്കുന്നുണ്ട് ഈ എഴുത്ത്.
ReplyDeleteവേദനയുടേയും,ശുശ്രൂഷയുടേയും കാഴ്ച്ചകൾ....കേട്ടൊ
ReplyDeleteവരാനിത്തിരി വൈകി.
ReplyDeleteഡോയ്‌ഷ്‌ലാന്റിലെ വിശേഷങ്ങള്‍ക്ക് നന്ദി..
ഗെറിക്ക് ചേട്ടനു സുഖം തന്നെയെന്നു വിചാരിക്കുന്നു.
ശ്രീ... ശരിയാണ്... ഗെറിക്കിന്റെ സാഹസങ്ങള്‍ എഴുതുവാന്‍ തന്നെ നല്ല ഉത്സാഹമാണ്... അടുത്ത ലക്കത്തില്‍ നമുക്ക് ഗെറിക്കിനടുത്തേക്ക് തിരിച്ച് പോകാം...
ReplyDeleteജിമ്മി... ഡോയ്‌ഷ്‌ലാന്റില്‍ ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു... പരിഭാഷ ഹൃദയഹാരിയാക്കുവാന്‍ കഴിയുന്നത്ര ശ്രമിക്കാം...
സുകന്യ... നന്ദി... കഴിയുന്നത്ര നന്നാക്കാന്‍ ശ്രമിക്കാം...
ബിലാത്തിപട്ടണം... അതേ മുരളിഭായ്.. ക്യാപ്റ്റന് തന്നെ മതിയായി എന്ന് തോന്നുന്ന നിലയിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നു കാര്യങ്ങള്‍...
ചാര്‍ളി... ഇത് ശരിയാവില്ല കേട്ടോ... ജാനറ്റ് ഫാന്‍സിന്റെ ഭാരവാഹിത്വം മറ്റ് വല്ലവരും അടിച്ചോണ്ട് പോകും... നമ്മുടെ എറക്കാടന് അല്ലെങ്കിലേ ഒരു നോട്ടമുള്ളതാ..
വിചാരിക്കുന്ന അത്ര എളുപ്പമല്ല പായ്ക്കപ്പലിലെ യാത്ര അല്ലേ...?
ReplyDeleteജിമ്മി, രാവിലെ തന്നെ വിനുവേട്ടന് ജന്മദിനാശംസകള്‍ SMS ചെയ്തപ്പോള്‍ പായസവും കൊണ്ടുവരുമെന്ന് വിചാരിച്ച് കാത്തിരുന്നു ഞങ്ങളിവിടെ...
ശരിക്കും ഭീതി പകരുന്ന യാത്ര തന്നെയാണ് കടലിലേത്. ആ യാത്ര വളരെ മനോഹരമായി അവതരിപ്പിക്കുന്നതില്‍ വിനുവേട്ടന്‍ വിജയിച്ചുകൊണ്ടേയിരിക്കുന്നു.
ReplyDeleteഇളകി മറിയുന്ന കടലിലൂടെ സകല പായകളിലും നിറഞ്ഞ കാറ്റോടെ ഡോയ്‌ഷ്‌ലാന്റ് കുതിക്കുകയാണ്....
ReplyDeleteഒരു നീണ്ട കടല്‍ യാത്രയുടെ എല്ലാ കഷ്ടതകളും കാണിച്ചുതരുന്ന ഒരു എപ്പിസോഡ്..
യാത്ര തുടരട്ടെ..
വായിക്കുന്നു
ReplyDeleteയാത്ര ഇനിയും ദുരിതമാകാതിരിയ്ക്കട്ടെ.
ReplyDelete