പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Sunday, February 27, 2011

സ്റ്റോം വാണിംഗ്‌ - പരിസമാപ്തി


സ്റ്റോം വാണിംഗ്‌ അവസാനിച്ചിട്ട്‌ മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിരിക്കുന്നു. വായന തുടങ്ങിയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന നിങ്ങളുടെയെല്ലാം സഹകരണത്തോടെയും പ്രോത്സാഹനത്തോടെയും ഈ മഹത്തായ സംരംഭം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം ആഹ്ലാദമുണ്ട്‌ എനിക്ക്‌.

നോവല്‍ അവസാനിച്ചിട്ടും പതിവ്‌ പോലെ എല്ലാ ബുധനാഴ്ചയും ഇവിടെ എത്തിനോക്കി രണ്ട്‌ വാക്ക്‌ പറഞ്ഞിട്ട്‌ പോകുന്ന കൂട്ടുകാരുടെ സൗഹൃദവും, ഇവിടെ വരുന്നത്‌ തറവാട്ടില്‍ വരുന്നത്‌ പോലെയാണെന്ന് ശ്രീയുടെ ആത്മഹര്‍ഷവും എന്നില്‍ അവാച്യമായ ഒരു ഉന്മേഷം നിറയ്ക്കുന്നു.

സ്റ്റോം വാണിംഗ്‌ അവസാനിക്കാതിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയ നിമിഷങ്ങള്‍ ... ഈ നോവലുമായി അത്രയധികം താദാത്മ്യം പ്രാപിച്ചുപോയിരുന്നു മനസ്സ്‌. സെന്റ്‌ തോമസ്സില്‍ പഠിച്ചിരുന്ന കാലത്ത്‌ ശ്രീ പോള്‍ പഴയാറ്റില്‍ മാഷ്‌ടെ ഇംഗ്ലിഷ്‌ ക്ലാസ്സുകള്‍ക്കായി കാത്തിരുന്നത്‌ പെട്ടെന്ന് ഓര്‍മ്മയിലെത്തി. ഒരു മലയാളം മീഡിയം വിദ്യാലയത്തില്‍ നിന്നും കോളേജില്‍ എത്തിയ എനിക്ക്‌, അന്ന് ഇംഗ്ലിഷ്‌ അനായാസം വഴങ്ങുന്ന ഒന്നായിരുന്നില്ല. എങ്കിലും എന്തുകൊണ്ടോ, ഞങ്ങളേക്കാള്‍ ആറോ എട്ടോ വയസ്സ്‌ മാത്രം അധികമുള്ള അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ എനിക്ക്‌ വളരെ ആകര്‍ഷകമായി തോന്നി. വരികള്‍ക്കിടയില്‍ കഥാകൃത്ത്‌ പറയാതെ പറഞ്ഞു പോയ പല സന്ദേശങ്ങളും അദ്ദേഹം വിവരിക്കുമായിരുന്നു. ആ സന്ദര്‍ഭത്തിന്റെ ഓര്‍മ്മകള്‍ ഈ വിവര്‍ത്തനത്തില്‍ എന്നെ വളരെയേറെ സഹായിച്ചിട്ടുണ്ട്‌ എന്ന് പറയാതിരിക്കാനാവില്ല.

പോള്‍ ഗെറിക്കിന്റെ വീരഗാഥകള്‍ വിവരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആവേശം കാണേണ്ടത്‌ തന്നെയായിരുന്നു. അദ്ദേഹം ഒരിക്കല്‍ തമാശയായി പറഞ്ഞു... 'ഗെറിക്കിന്‌ എങ്ങനെ സ്മാര്‍ട്ട്‌ ആകാതിരിക്കാന്‍ കഴിയും ... because... he is also Paul ... just like me...'

പ്രത്യക്ഷ പ്രണയജോഡികളായ റിക്ടറും ലോട്ടെയും ... പിന്നെ ജാഗോയും ജാനറ്റും ... ഇവരെക്കൂടാതെ അദൃശ്യമായി തഴുകിപ്പോകുന്ന മറ്റ്‌ മൂന്ന് പ്രണയങ്ങള്‍ ... ഗെറിക്കും ജാനറ്റും ... അഡ്‌മിറല്‍ റീവും ജീന്‍ സിന്‍ക്ലെയറും ... സിസ്റ്റര്‍ ആഞ്ചലയുടെ മുന്നില്‍ നിസ്സഹായനാകുന്ന ബെര്‍ഗറുടെ മാനസികാവസ്ഥ, മദ്ധ്യവയസ്സ്‌ പിന്നിട്ട പ്രണയത്തിന്റേതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയപ്പോള്‍ വായിച്ച ഭാഗങ്ങളിലേക്ക്‌ പലവട്ടം തിരിച്ചു പോകാതിരിക്കാന്‍ കഴിഞ്ഞില്ല. വരികള്‍ക്കിടയില്‍ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഒളിപ്പിച്ചുവച്ച പല മൗനങ്ങളും അങ്ങനെയാണ്‌ ഞാന്‍ കണ്ടെത്തിയത്‌.

അറ്റ്‌ലാന്റിക്കിന്‌ തെക്ക്‌ ബെലേം തുറമുഖത്ത്‌ നിന്ന് തുടങ്ങി ഏതാണ്ട്‌ അയ്യായിരത്തോളം മൈലുകള്‍ താണ്ടി സ്കോട്ട്‌ലണ്ടിന്‌ പടിഞ്ഞാറ്‌ ഹെബ്രിഡ്‌സിന്‌ സമീപം മുങ്ങുന്നത്‌ വരെയുള്ള ഡോയ്‌ഷ്‌ലാന്റിന്റെ യാത്രയില്‍ എന്നോടൊപ്പം കൂടിയ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു പാട്‌ ഒരു പാട്‌ നന്ദി... ഇവിടെ ചാര്‍ളിയും ജിമ്മിയും സുകന്യാജിയും ഒക്കെ പറഞ്ഞത്‌ പോലെ സ്റ്റോം വാണിങ്ങിന്റെ സഹയാത്രികര്‍ക്ക്‌ ഒത്ത്‌ കൂടുവാനായി ഒരു ബ്ലോഗ്‌ തുടങ്ങുന്ന കാര്യം എന്റെ സജീവ പരിഗണനയിലുണ്ട്‌. എല്ലാവര്‍ക്കും താല്‍പ്പര്യമാണെങ്കില്‍ തുടങ്ങാവുന്നതേയുള്ളൂ അങ്ങനെ ഒന്ന്.

ഒരിക്കല്‍ക്കൂടി എല്ലാവര്‍ക്കും നന്ദിയും ആശംസകളും...

Wednesday, February 2, 2011

സ്റ്റോം വാണിംഗ്‌ - 80

ഗെറിക്ക്‌, ഫാഡാ ഹൗസിന്റെ അടുക്കളയിലേക്ക്‌ കടന്നു. അദ്ദേഹത്തിന്റെ പാദപതനം കേട്ട്‌ ചൂടുവെള്ളം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്ന ജീന്‍ സിന്‍ക്ലെയര്‍ തിരിഞ്ഞു നോക്കി.

"ഹലോ കമാന്‍ഡര്‍ ... താങ്കള്‍ ജാനറ്റിനെയാണോ അന്വേഷിക്കുന്നത്‌...?"

"അതേ... അവളെ ഇപ്പോള്‍ കാണാന്‍ സാധിക്കുമോ...?"

"ഞാനിപ്പോള്‍ കണ്ടപ്പോഴും നല്ല തിരക്കിലായിരുന്നു അവള്‍ ... കപ്പലിലെ ഒരു നാവികന്‍ ഡൈനിംഗ്‌ റൂമിലെ മേശമേല്‍ കിടക്കുന്നുണ്ട്‌... അയാളുടെ ഒടിഞ്ഞ കൈ നോക്കുകയാണവള്‍ ..."

"മറ്റുള്ളവരോ...?"

"അധികം പേരും ഉറക്കത്തിലാണ്‌... ഈ വീട്ടിലെ സകല കട്ടിലുകളും നിറഞ്ഞു. അവര്‍ ചൂടു വെള്ളത്തിന്റെ പാത്രം എടുത്തിട്ട്‌ പറഞ്ഞു. "സോറി, കമാന്‍ഡര്‍ ... അല്‍പ്പം തിരക്കിലാണ്‌... ജാനറ്റ്‌ ഇതും കാത്ത്‌ നില്‍ക്കുകയാണ്‌..."

"ക്യാപ്റ്റന്‍ ബെര്‍ഗര്‍ എവിടെയാണ്‌...?" അവര്‍ക്ക്‌ കതക്‌ തുറന്നുകൊടുത്തിട്ട്‌ അദ്ദേഹം ചോദിച്ചു.

"മുകളിലത്തെ നിലയില്‍ വലത്‌ വശത്ത്‌ ഒന്നാമത്തെ മുറി..."

അവര്‍ വേഗം നടന്നു പോയി. ഗെറിക്ക്‌ പടികള്‍ കയറി അവര്‍ പറഞ്ഞ മുറിയുടെ മുന്നില്‍ ഒന്ന് സംശയിച്ച്‌ നിന്നു. പിന്നെ കതകില്‍ മുട്ടിയിട്ട്‌ ഉള്ളിലേക്ക്‌ കടന്നു.

ജോവാന്‍ സ്റ്റേമും ലീഡിംഗ്‌ സീമാന്‍ പീറ്റേഴ്‌സണും കട്ടിലില്‍ അടുത്തടുത്തായി ഗാഢനിദ്രയിലാണ്ട്‌ കിടക്കുന്നു. ജനാലക്കടുത്തുള്ള മേശയ്ക്കരികില്‍ ഇട്ടിരിക്കുന്ന കസേരയില്‍ ബെര്‍ഗര്‍ ഇരിക്കുന്നു. മുന്നോട്ട്‌ കുനിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ ശിരസ്സ്‌ മേശമേല്‍ മടക്കി വച്ചിട്ടുള്ള കൈകളില്‍ വിശ്രമിക്കുകയാണ്‌.

തൊട്ടരികിലായി ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്ക്‌ തുറന്ന് കിടക്കുന്നു. ഗെറിക്ക്‌ അദ്ദേഹത്തിനരികില്‍ ചെന്നുനിന്ന് അതില്‍ എഴുതിയിരിക്കുന്ന അവസാന ഭാഗം വായിച്ച ശേഷം തിരിഞ്ഞ്‌ ശബ്ദമുണ്ടാക്കാതെ പതുക്കെ പുറത്തേക്ക്‌ നടന്നു.

'ക്ലിക്ക്‌' ശബ്ദത്തോടെ വാതില്‍ അടഞ്ഞപ്പോള്‍ ബെര്‍ഗര്‍ ഞെട്ടിയുണര്‍ന്നു. തന്റെ വീങ്ങിയ കണ്‍പോളകള്‍ തുറന്ന് അദ്ദേഹം ചുറ്റിലും തുറിച്ചു നോക്കി.

"ആരാണത്‌...?" പരുക്കന്‍ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു.

പക്ഷേ, ആരുമുണ്ടായിരുന്നില്ല അവിടെ. ആരും തന്നെ... അദ്ദേഹം തല വീണ്ടും മേശപ്പുറത്തേക്ക്‌, തന്റെ കൈകളുടെ മുകളിലേക്ക്‌ ചായ്ച്ചു. ഗാഢ നിദ്രയിലേക്ക്‌ നീങ്ങുവാന്‍ പിന്നെ അധിക താമസമുണ്ടായില്ല.


* * * * * * * * * * * * * * * * * * * * * * * * * * * * * *

തന്റെ പേഴ്‌സണല്‍ ഡയറിയില്‍ അതീവശ്രദ്ധയോടെ എന്തൊക്കെയോ എഴുതിക്കൊണ്ടിരിക്കുകയാണ്‌ അഡ്‌മിറല്‍ റീവ്‌. അമിതമായി മദ്യപിച്ചതുകൊണ്ട്‌ പേന കൈയില്‍ ഉറച്ച്‌ നില്‍ക്കുന്നില്ല. പെട്ടെന്നാണ്‌ വാതില്‍ തട്ടിത്തുറന്ന് ജാനറ്റ്‌ അവിടെ എത്തിയത്‌. തൊട്ട്‌ പിറകെ ജാഗോയും.

"പോളിനെ കണ്ടുവോ...?"

പേന താഴെ വച്ച്‌ അദ്ദേഹം ഒരു മുഴുക്കുടിയനെ പോലെ അവളെ തുറിച്ചു നോക്കി.

"ഓ ... ഗെറിക്ക്‌ അല്ലേ...? നീ എന്നു മുതലാണ്‌ അദ്ദേഹത്തെ ഒന്നാം പേര്‌ വിളിക്കുവാന്‍ തുടങ്ങിയത്‌...?" (മാനസികമായി വളരെ അടുപ്പമുള്ളര്‍ മാത്രമേ ഒന്നാം പേര്‌ വിളിക്കാറുള്ളൂ)

അദ്ദേഹം അവളെ കളിയാക്കുകയായിരുന്നു. പക്ഷേ, അവള്‍ക്ക്‌ പെട്ടെന്ന് ദ്വേഷ്യം വന്നു.

"അങ്കിള്‍ ... അദ്ദേഹം ഇവിടെ വന്നിരുന്നുവോ...?"

"അര മണിക്കൂര്‍ മുമ്പ്‌ വന്നിരുന്നു... അല്ല... അതിനും മുമ്പാണെന്ന് തോന്നുന്നു... ഞങ്ങള്‍ ഒന്നിച്ചിരുന്ന് അല്‍പ്പം കഴിക്കുകയും ചെയ്തു... ആഹ്‌... പിന്നെ, നിനക്കായി എന്തോ ഒരു സമ്മാനം തരുവാനുണ്ടെന്ന് അദ്ദേഹം പറയുകയും ചെയ്തു..."

"എന്താണത്‌...?" അവള്‍ ആകാംക്ഷയോടെ ചോദിച്ചു.

"അതൊരു രഹസ്യമാണെന്നാണ്‌ പറഞ്ഞത്‌... എന്ത്‌ തന്നെ ആയാലും ശരി, അത്‌ നിന്റെ ബെഡ്‌റൂമില്‍ കാണുമെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌..."

അവള്‍ തന്റെ ബെഡ്‌റൂമിലേക്കോടി ചെന്ന് വാതില്‍ തുറന്നു. അവിടെയുണ്ടായിരുന്നു അത്‌... അവളുടെ തലയിണയില്‍ ഭംഗിയായി അലങ്കരിച്ചു വച്ചിട്ടുണ്ടായിരുന്നു ആ സമ്മാനം. ഗെറിക്കിന്‌ ലഭിച്ച ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയായ Knight's Cross with Oak Leaves ബാഡ്‌ജ്‌. ഒരു വിഡ്ഢിയെപ്പോലെ ഒരു നിമിഷം അവള്‍ അതിലേക്ക്‌ മിഴിച്ചുനോക്കി നിന്നു. പിന്നെ അതുമെടുത്ത്‌ തിരിഞ്ഞോടി.

"ക്യാരി അങ്കിള്‍ ..." വിതുമ്പിക്കൊണ്ട്‌ അവള്‍ അത്‌ അദ്ദേഹത്തെ കാണിച്ചു.

റീവ്‌ തല കുലുക്കി. "ഇപ്പോഴെനിക്ക്‌ മനസ്സിലായി... പോകുമ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു, നിന്നോട്‌ പറയണമെന്ന്... തീര്‍ച്ചയായും നീ ആ സമ്മാനത്തിന്‌ അര്‍ഹയാണെന്ന്..."

കതകില്‍ മുട്ടിയിട്ട്‌ മര്‍ഡോക്ക്‌ പ്രവേശിച്ചു. "ആഹ്‌... അഡ്‌മിറല്‍ ഇവിടെയുണ്ടായിരുന്നോ...?"

"എന്താണ്‌ മര്‍ഡോക്ക്‌...?"

"ഏയ്‌... ഒരു ചെറിയ പ്രശ്നം ... കാട്രീന ഹാര്‍ബറില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു..."

"ഓ... അത്രയേ ഉള്ളോ...? സാരമില്ല... ഞാനത്‌ ഇന്‍ഷൂര്‍ ചെയ്തിട്ടുണ്ട്‌..."

ജാനറ്റ്‌ കതക്‌ തുറന്ന് പുറത്തേക്കോടി.

ജാഗോ മേശക്കരികില്‍ വന്ന് റീവിനോട്‌ ചോദിച്ചു. "മലേയ്‌ഗില്‍ അറിയിക്കുന്നില്ലേ...? മിന്‍ചില്‍ എത്തുമ്പോഴേക്കും അവര്‍ അദ്ദേഹത്തെ പിടികൂടിക്കൊള്ളും..."

"രക്ഷയില്ല ഹാരീ... ഞാന്‍ അവസാനമായി മറേയോട്‌ സംസാരിച്ചതില്‍ പിന്നെ റേഡിയോ വര്‍ക്ക്‌ ചെയ്യുന്നില്ല... വാല്‍വ്‌ പോയതാണെന്ന് തോന്നുന്നു... എന്റെ കൈയില്‍ സ്പെയര്‍ ഒട്ടില്ല താനും. നാളെ അവര്‍ വരുന്നത്‌ വരെ കാത്തിരിക്കുക എന്നതല്ലാതെ വേറെയൊന്നും ചെയ്യാനില്ല നമുക്ക്‌..."

ജാഗോ, നീണ്ട, വളരെ നീണ്ട ഒരു നെടുവീര്‍പ്പിട്ടു. പിന്നെ പുറത്തേക്ക്‌ നടന്നു.

"ആ കുപ്പിയില്‍ ഇനി സ്കോച്ച്‌ ബാക്കിയുണ്ടോ ക്യാരി റീവ്‌...?" മര്‍ഡോക്ക്‌ നിര്‍വികാരനായി ചോദിച്ചു.

"ഒരു കുപ്പി കൂടി അലമാരയില്‍ ഇരിക്കുന്നുണ്ടായിരുന്നല്ലോ... താങ്കള്‍ക്ക്‌ വേണ്ടി മാറ്റി വച്ചിരിക്കുകയാണ്‌ ഞാനത്‌..."

"എങ്കില്‍ അതവിടെ ഇരിക്കട്ടെ... ഞാന്‍ കുറച്ച്‌ കഴിഞ്ഞ്‌ വരാം... എന്റെ കൂട്ടുകാരെയൊക്കെ ഒന്ന് കണ്ടിട്ട്‌ വരാം..."

അദ്ദേഹം പുറത്തേക്ക്‌ നടന്നു. റീവ്‌ അല്‍പ്പം കൂടി വിസ്ക്കി നുകര്‍ന്നിട്ട്‌ പേന കൈയിലെടുത്തു.

".... സര്‍വ്വവസ്തുക്കളുടെയും മഹത്തായ രഹസ്യം ഞാനിതില്‍ ദര്‍ശിക്കുന്നു... സ്വന്തം ജീവന്‍ തന്നെ അപകടപ്പെടുത്തിയും മറ്റുള്ളവരെ രക്ഷിക്കുവാനുള്ള മനുഷ്യന്റെ ജന്മവാസന... ധീരത ഒരിക്കലും അപ്രസക്തമാകുന്നില്ല... ഇത്രയും കാലത്തെ എന്റെ ജീവിതത്തിനിടയില്‍ ആ ധീരത ഇത്രയേറെ രംഗത്ത്‌ വന്ന് കണ്ടത്‌ ഡോയ്‌ഷ്‌ലാന്റിന്റെ കാര്യത്തിലാണ്‌... ഇതുവരെ അറിയപ്പെട്ടിട്ടുള്ള എല്ലാ യുദ്ധചരിത്രങ്ങളിലും കാണപ്പെടാത്ത ഒരു പ്രത്യേകത ഞാനിതില്‍ കാണുന്നു. സമരത്തിന്റെ ഇരുഭാഗങ്ങളിലുമുള്ളവര്‍ സകല പ്രതിബന്ധങ്ങളെയും തരണം ചെയ്ത്‌ ഒരൊറ്റ വരിയില്‍ അണിനിരക്കുന്നു... സമുദ്രം എന്ന അനാദിയും അനശ്വരവുമായ എതിരാളിയുടെ പിടിയില്‍ നിന്നും ഒരു കൂട്ടം മനുഷ്യ ജീവികളെ രക്ഷിക്കുവാനുള്ള പരിശ്രമത്തില്‍ ... യുദ്ധങ്ങളുടെ നിരര്‍ത്ഥകത ഒരു ദു:ഖപര്യവസായിയായി ഇത്രയും വ്യക്തമായി വേറൊരിടത്തും ഞാന്‍ കണ്ടിട്ടില്ല... എല്ലാം അവസാനിച്ചു കഴിഞ്ഞപ്പോള്‍ ഒരു പഴങ്കഥ പോലെ... മര്‍ഡോക്കും ഹാരി ജാഗോയും ഗെറിക്കും ... കടലിനെതിരെയുള്ള പോരാട്ടത്തില്‍ ഇത്തവണയും അവര്‍ വിജയിച്ചു... പക്ഷേ, എല്ലാത്തിന്റെയും അവസാനം ... ഈ യുദ്ധം കൊണ്ട്‌ എന്ത്‌ നേട്ടമാണുണ്ടാകുക... ഈ യുദ്ധം കൊണ്ട്‌ നമുക്ക്‌ അഭിമാനിക്കാന്‍ എന്താണുള്ളത്‌...?"

അദ്ദേഹം തളര്‍ന്നിരുന്നു. മറ്റെന്നത്തേക്കാളുമേറെ അദ്ദേഹം തളര്‍ന്നിരുന്നു. ഉള്ളില്‍ കടക്കുവാനുള്ള വാശിയിലെന്ന പോലെ കാറ്റ്‌ ജനാലയില്‍ ആഞ്ഞടിച്ചു. എങ്കിലും അദ്ദേഹത്തെ സ്പര്‍ശിക്കാന്‍ അതിനായില്ല. കൈ മടക്കി മേശമേല്‍ വച്ച്‌ തലയിണയാക്കി അദ്ദേഹം ശിരസ്സ്‌ ചായ്ച്ചു. ഒട്ടും താമസിയാതെ അദ്ദേഹം ഗാഢനിദ്രയിലേക്ക്‌ വഴുതിവീണു. ഡയറിയുടെ താളുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന ആ വിരലുകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ പേന അപ്പോഴും സുരക്ഷിതമായിരുന്നു.

* * * * * * * * * * * * * * * * * * * * * * * * * * * * * *

(സ്റ്റോം വാണിംഗ്‌ ഇവിടെ അവസാനിക്കുന്നു)