പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Tuesday, July 7, 2009

സ്റ്റോം വാണിംഗ്‌ - 6

പുലര്‍ച്ചെ രണ്ട്‌ മണിയോട്‌ അടുത്തിരിക്കുന്നു. ബെര്‍ഗര്‍ തന്റെ ക്യാബിനില്‍ നിന്ന് ക്വാര്‍ട്ടര്‍ ഡെക്കിലേക്കിറങ്ങിയപ്പോള്‍ മഴ പൂര്‍വ്വാധികം ശക്തിയോടെ പെയ്യുന്നുണ്ടായിരുന്നു. താഴെ ഡെക്കില്‍ തന്റെ ക്രൂവില്‍ പെട്ട എല്ലാവരും തന്നെ അണിനിരന്നിരിക്കുന്നു. ഡെക്കില്‍ മുനിഞ്ഞു കത്തിയിരുന്ന വിളക്കുകളുടെ മങ്ങിയ വെട്ടത്തില്‍ അവരുടെ വിളറിയ മുഖങ്ങള്‍ ബെര്‍ഗര്‍ ശ്രദ്ധിച്ചു.

അല്‍പ്പം മുന്നോട്ടാഞ്ഞ്‌ ഡെക്കിലെ മരപ്പടിയില്‍ പിടിച്ചുകൊണ്ട്‌ അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ അവരോട്‌ സംസാരിച്ചുതുടങ്ങി.

"അധികമൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കെല്ലാം അറിയാവുന്നതാണല്ലോ ഇപ്പോഴത്തെ സാഹചര്യം. എനിക്കൊന്നും നിങ്ങളോട്‌ മറച്ച്‌ വയ്ക്കാനില്ല... അസാദ്ധ്യമായ ഒരു യാത്ര... എങ്കിലും നമുക്കത്‌ സാധിക്കും... നിങ്ങള്‍ എന്നോടൊപ്പമുണ്ടെങ്കില്‍... അസാദ്ധ്യമായത്‌ ഒന്നും തന്നെയില്ല്ല... എനിക്കും നിങ്ങള്‍ക്കും ഈ പഴഞ്ചന്‍ ഡോയ്‌ഷ്‌ലാന്റിനും..."

സംഘാംഗങ്ങള്‍ക്കിടയില്‍ ചെറിയ ഒരു ചലനം മാത്രം. ആരും ഒന്നും ഉരിയാടാന്‍ മുതിര്‍ന്നില്ല.

ബെര്‍ഗര്‍ ദൃഢസ്വരത്തില്‍ തുടര്‍ന്നു. "നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം... ഇപ്രാവശ്യം നാം കൊണ്ടുപോകുന്നത്‌ ചരക്കല്ല, യാത്രക്കാരെയാണ്‌. റിയോയിലുള്ള നമ്മുടെ എംബസിയിലെ അസിസ്റ്റന്റ്‌ കോണ്‍സല്‍ ഹേര്‍ പ്രേയ്‌ഗറും അദ്ദേഹത്തിന്റെ ഭാര്യയും പിന്നെ നെഗ്രോയിലെ ഒരു മിഷനിലെ അഞ്ച്‌ കന്യാസ്ത്രീകളും..."

അദ്ദേഹം ഒന്ന് നിറുത്തി. കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം മാത്രമേ അപ്പോള്‍ അവിടെ കേള്‍ക്കാമായിരുന്നുള്ളൂ. "കന്യാസ്ത്രീകള്‍..." അദ്ദേഹം തുടര്‍ന്നു. "നാട്ടിലേക്കുള്ള ദൈര്‍ഘ്യമേറിയ യാത്ര. കന്യാസ്ത്രീകള്‍ ആയിപ്പോയി എന്നതുകൊണ്ട്‌ അവര്‍ സ്ത്രീകള്‍ അല്ലാതാകുന്നില്ല... ഞാന്‍ ഇപ്പോഴേ പറയുന്നു.... അതിര്‍ത്തി ലംഘിക്കുന്നവന്‍ ആരായാലും ശരി... എന്റെ തോക്കിലെ വെടിയുണ്ട അവന്റെ നെഞ്ചിലൂടെ കടന്ന് പോയിരിക്കും. എന്നിട്ടത്‌ ലോഗ്‌ ബുക്കില്‍ രേഖപ്പെടുത്തുകയും ചെയ്യും."

അദ്ദേഹം അല്‍പ്പം പിന്നോട്ട്‌ നിവര്‍ന്ന് എല്ലാവരെയും വീക്ഷിച്ചു. "ഇനി എല്ലാവരും അവരവരുടെ സ്ഥാനങ്ങളിലേക്ക്‌ ..."

ബെര്‍ഗര്‍ തന്റെ ചുരുങ്ങിയ സന്ദേശം അവസാനിപ്പിച്ച്‌ പിറകോട്ട്‌ തിരിഞ്ഞു.

"സര്‍ ..." സെക്കന്റ്‌ ഇന്‍ കമാന്റ്‌ ലെഫ്റ്റനന്റ്‌ ജോവാന്‍ സ്റ്റേം അദ്ദേഹത്തിനടുത്തെത്തി. സുമുഖനായ ആ യുവാവ്‌ മൂന്ന് ദിവസം മുന്‍പാണ്‌ തന്റെ ഇരുപതാമത്തെ ജന്മദിനം ആഘോഷിച്ചത്‌. റിക്ടറെ പോലെ തന്നെ അയാളും ഒരു സബ്‌മറീനില്‍ ജോലി ചെയ്തിട്ടുണ്ട്‌, സെക്കന്റ്‌ വാച്ച്‌ ഓഫീസറായി.

"എല്ലാം ഓ.കെ അല്ലേ മിസ്റ്റര്‍ സ്റ്റേം?..." ബെര്‍ഗര്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

"അതേ സര്‍..." വളരെ ശാന്തമായിരുന്നു സ്റ്റേമിന്റെ ശബ്ദം. "പ്രേയ്‌ഗര്‍ റിയോയില്‍ നിന്ന് കൊണ്ടുവന്ന വയര്‍ലെസ്‌ ട്രാന്‍സ്‌മിറ്റര്‍ താങ്കള്‍ പറഞ്ഞത്‌ പോലെ ഭദ്രമായി സൂക്ഷിച്ച്‌ വച്ചിട്ടുണ്ട്‌. പക്ഷേ അതുകൊണ്ട്‌ വലിയ ഗുണമൊന്നുമുണ്ടാകുമെന്ന് തോന്നുന്നില്ല. വളരെ ചെറിയ റേഞ്ചേ കിട്ടൂ..."

"ആഹ്‌.. ഉള്ളത്‌ തന്നെ ധാരാളം... " ബെര്‍ഗര്‍ പറഞ്ഞു. "നമ്മുടെ യാത്രികരോ?... പറഞ്ഞത്‌ പോലെ അവരെ താഴെ ഇരുത്തിയില്ലേ?..."

"യെസ്‌ സര്‍..." അവന്‍ പുഞ്ചിരിച്ചു.

പെട്ടെന്ന് ഇരുട്ടില്‍ നിന്ന് വെളുത്ത ഒരു രൂപം പുറത്തേക്ക്‌ വന്നു. സിസ്റ്റര്‍ ആഞ്ചലയായിരുന്നുവത്‌. ബെര്‍ഗര്‍ അസ്വസ്ഥതയോടെ സ്റ്റേമിനെ നോക്കി. "ഇതാണോ എല്ലാം ഓ.കെ ആണെന്ന് പറഞ്ഞത്‌?..."

"നാം പുറപ്പെടുകയാണോ ക്യാപ്റ്റന്‍? ഞാനത്‌ കണ്ടുകൊണ്ട്‌ ഇവിടെ നില്‍ക്കുന്നതില്‍ വിരോധമുണ്ടോ?.." സിസ്റ്റര്‍ ആഞ്ചലയ്ക്ക്‌ സന്തോഷം അടക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല.

ബെര്‍ഗര്‍ അവരെ നിസ്സഹായതയോടെ മിഴിച്ചുനോക്കി. അദ്ദേഹത്തിന്റെ തൊപ്പിയില്‍ നിന്നും മഴത്തുള്ളികള്‍ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. പിന്നെ സ്റ്റേമിന്‌ നേരെ തിരിഞ്ഞു. "മുന്നിലും പിറകിലും ഉള്ള പായകള്‍ നിവര്‍ത്തിക്കോളൂ. എന്നിട്ട്‌ നങ്കൂരം പതുക്കെ ഉയര്‍ത്തൂ..."

ബെര്‍ഗറുടെ ആജ്ഞകള്‍ സ്റ്റേം മറ്റുള്ളവര്‍ക്ക്‌ അപ്പോഴപ്പോള്‍ കൈമാറിക്കൊണ്ടിരുന്നു. ഡെക്കില്‍ ആകെപ്പാടെ ഒരു ഉത്സാഹം കാണപ്പെട്ടു. നാല്‌ പേര്‍ ചേര്‍ന്ന് മുന്നിലെ പായ്‌ക്കയര്‍ വലിച്ചു. സാവധാനം ആ പായ മുഴുവനായി വിടര്‍ന്നു. അടുത്ത നിമിഷം ഡെക്കില്‍ നങ്കൂരം വലിച്ച്‌ കയറ്റുന്ന ശബ്ദം കേള്‍ക്കാനായി.

റിക്ടറിനായിരുന്നു സ്റ്റിയറിംഗ്‌ വീലിന്റെ നിയന്ത്രണം. ഇതെല്ലാം സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന ആഞ്ചലക്ക്‌ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നതായി തോന്നിയില്ല. പിന്നീടാണ്‌ മഴച്ചാറലിനിടയിലൂടെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പതുക്കെ ചലിച്ചുതുടങ്ങുന്നത്‌ അത്ഭുതത്തോടെ അവര്‍ കണ്ടത്‌.
"നാം നീങ്ങിക്കൊണ്ടിരിക്കുന്നു ക്യാപ്റ്റന്‍ ... നാം നീങ്ങിക്കൊണ്ടിരിക്കുന്നു..." ഒരു കൊച്ചുകുട്ടിയെപ്പോലെ സിസ്റ്റര്‍ ആഞ്ചല വിളിച്ചു പറഞ്ഞു.

"എനിക്ക്‌ കാണാന്‍ പറ്റുന്നുണ്ട്‌..." ക്യാപ്റ്റന്‍ നിര്‍വികാരതയോടെ പറഞ്ഞു. "പ്ലീസ്‌... ഒന്ന് താഴെ പോകാമോ?..."

അവര്‍ മനസ്സില്ലാ മനസ്സോടെ താഴെ സലൂണിലേക്ക്‌ പോയി. ബെര്‍ഗര്‍ ഒരു നെടുവീര്‍പ്പിട്ട്‌ റിക്ടറുടെ നേരെ തിരിഞ്ഞു. "നേരെ തന്നെ പോട്ടെ. നിങ്ങള്‍ തന്നെ ഓടിച്ചോളൂ..."

റിക്ടര്‍ കപ്പല്‍ ഹാര്‍ബറില്‍ നിന്ന് പുറത്തേക്കെടുത്തു. വിളറിയ പ്രേതം കണക്കെ കപ്പല്‍ സാവധാനം കടലിലേക്ക്‌ നീങ്ങിക്കൊണ്ടിരുന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *


ഡോയ്‌ഷ്‌ലാന്റ്‌ പുറപ്പെട്ടിട്ട്‌ ഏകദേശം പതിനഞ്ച്‌ മിനിറ്റായിരിക്കുന്നു. ലൈറ്റ്‌സ്‌ ഓഫ്‌ ലിസ്‌ബനിലെ തന്റെ മുറിയില്‍ അടുത്ത റൂമിലെ യുവതിയോടൊപ്പം ചീട്ട്‌ കളിച്ചുകൊണ്ടിരിക്കുകയാണ്‌ ക്യാപ്റ്റന്‍ മെന്‍ഡോസ. പെട്ടെന്നാണ്‌ ഹാര്‍ബറിലെ വാച്ച്‌മാന്‍ ഓടിക്കിതച്ചെത്തിയത്‌.

"എന്ത്‌ പറ്റി...?" വളരെ തണുപ്പന്‍ മട്ടില്‍ മെന്‍ഡോസ ചോദിച്ചു.

"ഡോയ്‌ഷ്‌ലാന്റ്‌ .... " വാച്ച്‌മാന്റെ സ്വരം പരിഭ്രമത്താല്‍ ഇടറിയിരുന്നു. "ഡോയ്‌ഷ്‌ലാന്റ്‌ പോയി...."

"അതെയോ...?" തന്റെ കൈയിലെ ചീട്ടുകള്‍ കമഴ്‌ത്തി വച്ചിട്ട്‌ മെന്‍ഡോസ എഴുനേറ്റു. "ജോസ്‌, ഇവളുടെ മേല്‍ ഒരു കണ്ണുണ്ടായിരിക്കണം. മഹാ കള്ളിയാണ്‌... ചീട്ടെടുത്ത്‌ നോക്കും..." ബാറിലെ പരിചാരകനോട്‌ പറഞ്ഞിട്ട്‌ തന്റെ കോട്ടും ഹാറ്റും എടുത്ത്‌ മെന്‍ഡോസ പുറത്തേക്കിറങ്ങി.

പാലത്തിനടുത്തെത്തിയപ്പോള്‍ മഴ പൂര്‍വ്വാധികം ശക്തിയോടെ പെയ്യുവാന്‍ തുടങ്ങി. ഒരു സിഗരറ്റിന്‌ തീ കൊളുത്തി കൈപ്പത്തിയാല്‍ മറച്ചുപിടിച്ച്‌ അദ്ദേഹം ഇരുട്ടിലേക്ക്‌ തുറിച്ചുനോക്കി.

"സര്‍, മേലധികാരികളെ അറിയിക്കണ്ടേ?..." വാച്ച്‌മാന്‍ ചോദിച്ചു.

മെന്‍ഡോസ തോളനക്കി. "അറിയിക്കാന്‍ ഇവിടെയാരാ ഉള്ളത്‌?... റിയോയിലേക്ക്‌ അല്‍പ്പം നേരത്തെ തന്നെ പോകാമെന്ന് ക്യാപ്റ്റന്‍ ബെര്‍ഗര്‍ വിചാരിച്ചുകാണും. ഇപ്പോഴത്തെ കാലാവസ്ഥയല്ലേ... ചിലപ്പോള്‍ ഒരാഴ്ചയെങ്കിലും വേണ്ടിവരും അവിടെയെത്താന്‍. ഇനി എന്തെങ്കിലും അന്വേഷണം വേണ്ടിവന്നാല്‍ത്തന്നെ ധാരാളം സമയമുണ്ടല്ലോ..."

തൃപ്തികരമല്ലാത്ത മട്ടില്‍ വാച്ച്‌മാന്‍ അദ്ദേഹത്തെ ഒന്ന് നോക്കി. പിന്നെ തലയാട്ടിക്കൊണ്ട്‌ പറഞ്ഞു. "ശരി... താങ്കളുടെ ഇഷ്ടം പോലെ..."

വാച്ച്‌മാന്‍ തന്റെ റൂമിലേക്ക്‌ തിരികെ നടന്നു. മെന്‍ഡോസ അവിടെ നിന്ന് കൊണ്ട്‌ അഴിമുഖത്തേക്കും പിന്നെ ദൂരെ കടലിലേക്കും കണ്ണോടിച്ചു.... അമേരിക്കയുടെയും ബ്രിട്ടന്റെയും നാവികസേനകള്‍ വിഹരിക്കുന്ന അറ്റ്‌ലാന്റിക്കിലൂടെ ഏകദേശം അയ്യായിരം മൈല്‍... അതും എന്തില്‍?... ഒരു പഴഞ്ചന്‍ പായ്‌ക്കപ്പലില്‍....!!

"വിഡ്ഢികള്‍...." അയാള്‍ സ്വയം പറഞ്ഞു. "പാവങ്ങള്‍ ... പമ്പര വിഡ്ഢികള്‍..."

കോരിച്ചൊരിയുന്ന മഴയത്ത്‌ കൂടി അദ്ദേഹം തിരികെ റൂമിലേക്ക്‌ നടന്നു.

(തുടരും)

11 comments:

  1. "പുലര്‍ച്ചെ രണ്ട്‌ മണിയോട്‌ അടുത്തിരിക്കുന്നു. ബെര്‍ഗര്‍ തന്റെ ക്യാബിനില്‍ നിന്ന് ക്വാര്‍ട്ടര്‍ ഡെക്കിലേക്കിറങ്ങിയപ്പോള്‍ മഴ പൂര്‍വ്വാധികം ശക്തിയോടെ പെയ്യുന്നുണ്ടായിരുന്നു. താഴെ ഡെക്കില്‍ തന്റെ ക്രൂവില്‍ പെട്ട എല്ലാവരും തന്നെ അണിനിരന്നിരിക്കുന്നു. ഡെക്കില്‍ മുനിഞ്ഞു കത്തിയിരുന്ന വിളക്കുകളുടെ മങ്ങിയ വെട്ടത്തില്‍ അവരുടെ വിളറിയ മുഖങ്ങള്‍ ബെര്‍ഗര്‍ ശ്രദ്ധിച്ചു...."

    ബുധനാഴ്ചക്കായി കാത്തിരുന്നവര്‍ക്ക്‌ വേണ്ടി ... ഡോയ്‌ഷ്‌ലാന്റിനോടൊപ്പം യാത്ര തുടങ്ങുവാന്‍ എല്ലാവരെയും ക്ഷണിക്കുന്നു...

    ReplyDelete
  2. കാത്തിരിപ്പ് വെറുതെയായില്ല, വിനുവേട്ടാ.

    ഡോയ്‌ഷ്‌ലാന്റിലെ യാത്രക്കാരായി ഇവിടേ വരുന്ന വായനക്കാരുമുണ്ടാകും. തുടരട്ടെ.

    ReplyDelete
  3. നല്ല രസമുണ്ട് വായിക്കാന്‍ ...

    ReplyDelete
  4. atrakku riskeduthu aarenkilum border cross cheyymo regi?

    ReplyDelete
  5. "കന്യാസ്ത്രീകള്‍ ആയിപ്പോയി എന്നതുകൊണ്ട്‌ അവര്‍ സ്ത്രീകള്‍ അല്ലാതാകുന്നില്ല... "

    പലരും തിരിച്ചറിയാതെ പോകുന്ന സത്യം..

    അങ്ങനെ യാത്ര തുടങ്ങിയിരിക്കുന്നു...

    ReplyDelete
  6. അങ്ങനെ യാത്ര തുടങ്ങിയല്ലേ? ജിമ്മി പറഞ്ഞ സത്യം ഒരു സത്യം തന്നെയാണ്‌. എന്തൊക്കെയാകുമോ എന്തോ. കാത്തിരുന്നു കാണാം.

    വേണുഗോപാല്‍

    ReplyDelete
  7. ശ്രീ, അരുണ്‍, സുനിഷ്‌ ... ഈ യാത്രയില്‍ എന്നും കൂടെയുണ്ടായിരിക്കുമല്ലോ ...

    ലവ്‌ഷോര്‍ ... റിസ്ക്‌ എടുത്താല്‍ നെഞ്ചിന്‍കൂട്‌ തകര്‍ക്കുമെന്നല്ലേ ബെര്‍ഗര്‍ പറഞ്ഞിരിക്കുന്നത്‌...

    ജിമ്മി, വേണു ... അതെ ... അതൊരു വലിയ സത്യം തന്നെ... ങ്‌ഹും... എന്ത്‌ ചെയ്യാം...

    ReplyDelete
  8. പഴയ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ ഒരു ഗുണമുണ്ട്. ഇപ്പോള്‍ നിലവിലില്ലാത്ത പല ബ്ലോഗേര്‍സിനെ കാണാം. ഇവര്‍ എന്തിനാണ് ബ്ലോഗ് നിര്‍ത്തിയതെന്ന് തോന്നും ചിലപ്പോള്‍. നല്ല പ്രതിഭയുള്ള മനുഷ്യര്‍.

    ReplyDelete
  9. യാത്ര തുടങ്ങ്യതല്ലേ ഉള്ളു.വിഡ്ഢികളെന്ന് പറയാൻ കഴിയില്ല.

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...