പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, November 6, 2009

സ്റ്റോം വാണിംഗ്‌ - 19

ഡോയ്‌ഷ്‌ലാന്റിന്റെ ലോഗ്‌ ബുക്കില്‍ നിന്ന്...

പായ്‌ക്കപ്പല്‍ ഡോയ്‌ഷ്‌ലാന്റ്‌. 1944 സെപ്റ്റംബര്‍ 17. അക്ഷാംശം 38.56N, രേഖാംശം 30.50W. കാറ്റ്‌ അല്‍പ്പം പടിഞ്ഞാറ്‌ ദിശയിലേക്ക്‌ മാറിയിരിക്കുന്നു. മുന്നോട്ടുള്ള പ്രയാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പത്ത്‌ നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ്‌ ഇപ്പോള്‍ മുന്നേറുന്നത്‌. മദ്ധ്യാഹ്നത്തോടെ മാനം തെളിഞ്ഞ്‌ സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. കാറ്റിന്റെ വേഗത ക്രമേണ കുറഞ്ഞ്‌ ഇപ്പോള്‍ നിശ്ചലാവസ്ഥയിലെത്തിയിരിക്കുന്നു.

അദ്ധ്യായം - അഞ്ച്‌

നേരിയ തിരയിളക്കം പോലുമില്ലാതെ തടാകം പോലെ ശാന്തമാണ്‌ സമുദ്രം. പായകളെല്ലാം നിവര്‍ത്തിയിട്ടുണ്ടെങ്കിലും നിശ്ചലമാണ്‌ ഡോയ്‌ഷ്‌ലാന്റ്‌ ഇപ്പോള്‍. കപ്പലിന്റെ പ്രതിഫലനം ഒരു കണ്ണാടിയിലെന്ന പോലെ കടലില്‍ തെളിഞ്ഞ്‌ കാണാം.

കാറ്റിന്റെ അഭാവത്തില്‍ അന്തരീക്ഷത്തിലെ താപം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നു. സലൂണില്‍ ഉഷ്ണം അസഹനീയമായതിനെ തുടര്‍ന്ന് ക്യാപ്റ്റന്റെ നിര്‍ദ്ദേശപ്രകാരം ഡെക്കില്‍ ഒരു ക്യാന്‍വാസ്‌ ഷീറ്റ്‌ വലിച്ച്‌ കെട്ടി ഒരു പന്തല്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ചൂടില്‍ നിന്നും കുറച്ചെങ്കിലും ആശ്വാസം കണ്ടെത്തുവാനായി അതിന്റെ തണലില്‍ ഇരിക്കുകയാണ്‌ കന്യാസ്ത്രീകള്‍.

കപ്പലിലെ ഭൂരിഭാഗം നാവികരും സൂര്യാഘാതം ഏറ്റതിന്റെ വിഷമതകള്‍ അനുഭവിച്ച്‌ കൊണ്ടിരിക്കുകയാണ്‌. പോഷകാഹാരത്തിന്റെ അഭാവവും കടല്‍ വെള്ളത്തിന്റെ പ്രവര്‍ത്തനവും മിക്കവാറും എല്ലാവരെയും കഷ്ടപ്പാടിലാക്കിയിരിക്കുന്നു. സ്കിര്‍മര്‍ എന്ന നാവികന്റെ ഇടത്‌ കാലിലെ വ്രണം ഉണങ്ങാന്‍ മടി കാണിക്കുകയാണ്‌. ക്യാന്‍വാസ്‌ ഷീറ്റിന്റെ തണലില്‍ കിടക്കുന്ന അയാളുടെ അടുത്തേക്ക്‌ ഫസ്റ്റ്‌ എയ്ഡ്‌ ബോക്സുമായി സിസ്റ്റര്‍ ആഞ്ചല എത്തിയപ്പോള്‍ അയാള്‍ ഞരങ്ങുവാന്‍ തുടങ്ങി.

പ്രധാന പാമരത്തിന്‌ അല്‍പ്പം അകലെ സ്റ്റേമിന്റെ നേതൃത്വത്തില്‍ നാല്‌ പേര്‍ കപ്പലിനടിത്തട്ടിലുള്ള വെള്ളം പുറത്തേക്ക്‌ പമ്പ്‌ ചെയ്തുകൊണ്ടിരിക്കുന്നു. റബ്ബര്‍ കുഴലിലൂടെ പുറത്തേക്ക്‌ വന്നുകൊണ്ടിരുന്ന തവിട്ട്‌ നിറത്തിലുള്ള വെള്ളം ഡെക്കിലൂടെ കടലിലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു.

അര മണിക്കൂറായി ചെയ്തുകൊണ്ടിരുന്ന വിശ്രമമില്ലാത്ത ജോലി അവസാനിപ്പിച്ച്‌, റിക്ടര്‍ അല്‍പ്പം വെള്ളം കുടിക്കാനായി ഒരു കപ്പ്‌ എടുത്ത്‌ ബക്കറ്റില്‍ മുക്കി. അറപ്പോടെ മുഖം തിരിച്ച്‌ കപ്പിലെ ജലം അദ്ദേഹം തിരികെ ബക്കറ്റിലേക്ക്‌ തന്നെ ഒഴിച്ചു. നല്ല തവിട്ടു നിറം കലര്‍ന്നിരുന്നു അതില്‍.

"നിങ്ങള്‍ ഇത്‌ കണ്ടിരുന്നോ ലെഫ്റ്റനന്റ്‌...?" അദ്ദേഹം സ്റ്റേമിനോട്‌ ചോദിച്ചു.

"ടാങ്ക്‌ തുരുമ്പിച്ചുവെന്ന് തോന്നുന്നു..." സ്റ്റേം പറഞ്ഞു. "നമ്മള്‍ ഈ കപ്പലില്‍ എല്ലാവരുടെയും ആരോഗ്യത്തിന്‌ വളരെ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്‌. എന്തിനാണ്‌ വെറും വെള്ളം കുടിക്കുന്നത്‌? അയേണ്‍ ടോണിക്കാണിത്‌. ശരീരത്തിന്‌ അത്യന്താപേക്ഷിതം..."

"ശരി ശരി... പക്ഷേ ഇത്‌ എന്റെ വയറിന്‌ പിടിക്കില്ല..." റിക്ടര്‍ തന്റെ വയര്‍ തിരുമ്മിക്കൊണ്ട്‌ പറഞ്ഞു. "വയറുവേദന ഇല്ലാത്ത ആരെങ്കിലും ഉണ്ടോ ഇവിടെ എന്ന് ചോദിച്ച്‌ നോക്ക്‌..."

കപ്പലിന്റെ ഇടത്‌ ഭാഗത്തെ പായ്‌ക്കയറിന്‌ സമീപമായിരുന്നു സിസ്റ്റര്‍ ലോട്ടെ നിന്നിരുന്നത്‌. മറ്റ്‌ കന്യാസ്ത്രീകളെ പോലെ തന്നെ അവളും വെള്ള വസ്ത്രം ധരിച്ചിരിക്കുന്നു. ഇവര്‍ക്കെങ്ങനെ ഈ വെള്ള വസ്ത്രം ഇത്ര വൃത്തിയായി കൊണ്ടുനടക്കാന്‍ സാധിക്കുന്നുവെന്ന് റിക്ടര്‍ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്‌. പായ്‌ക്കയറില്‍ പിടിച്ച്‌ കടലിലേക്ക്‌ നോക്കി എന്തോ മനോരാജ്യത്തില്‍ മുഴുകി നില്‍ക്കുകയാണ്‌ സിസ്റ്റര്‍ ലോട്ടെ.

ഉപയോഗശൂന്യമായ ഭക്ഷണ സാധനങ്ങളും അവശിഷ്ടങ്ങളും മറ്റും നിറച്ച ഒരു ബക്കറ്റുമായി കപ്പലിലെ പാചകക്കാരനായ വാള്‍സ്‌ അടുക്കളയില്‍ നിന്ന് പുറത്തേക്ക്‌ വന്നു. കൈവരികള്‍ക്ക്‌ സമീപം നിന്നിരുന്ന ലോട്ടെയെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ നിന്നിട്ട്‌ അയാള്‍ ആ ബക്കറ്റ്‌ കടലിലേക്ക്‌ കമഴ്‌ത്തി. ഞെട്ടിത്തിരിഞ്ഞ ലോട്ടെ പെട്ടെന്ന് പിന്നോട്ട്‌ മാറി.

"സോറി സിസ്റ്റര്‍..." ഒട്ടും ആത്മാര്‍ത്ഥതയില്ലാതെ അശ്രദ്ധനായി അയാള്‍ പറഞ്ഞു.

"ഓ, സാരമില്ല വാള്‍സ്‌..." അവള്‍ പതുക്കെ മൃദുസ്വരത്തില്‍ മൊഴിഞ്ഞു.

അവളെ ആകെയൊന്നു സൂക്ഷിച്ച്‌ നോക്കിയിട്ട്‌ അയാള്‍ വെളുക്കെ ചിരിച്ചു. അയാളുടെ കണ്ണുകളിലെ കാമം പെട്ടെന്ന് അവള്‍ തിരിച്ചറിഞ്ഞു. അവളുടെ മുഖത്തെ മന്ദഹാസം അപ്രത്യക്ഷമായി. തല കറങ്ങുന്നത്‌ പോലെ തോന്നിയ അവള്‍ പായ്‌ക്കയറില്‍ മുറുക്കെ പിടിച്ചു.

അടുക്കളയിലേക്ക്‌ തിരിഞ്ഞ വാള്‍സ്‌ കണ്ടത്‌ ദഹിപ്പിക്കുന്ന നോട്ടവുമായി വാതില്‍പ്പടിയില്‍ ചാരി നില്‍ക്കുന്ന റിക്ടറെയാണ്‌. അര്‍ദ്ധനഗ്നനായ അദ്ദേഹത്തിന്റെ മസിലുകള്‍ വെയിലേറ്റ്‌ തവിട്ട്‌ നിറമായിത്തുടങ്ങിയിരുന്നു. നീണ്ട മുടിയും താടിയും ഇരുണ്ട നിറമായിരിക്കുന്നു. ചുണ്ടിലെ ബ്രസീലിയന്‍ സിഗാറിന്‌ അദ്ദേഹം തീ കൊളുത്തി.

"നിനക്ക്‌ അമ്മ പെങ്ങന്മാരെ തിരിച്ചറിയില്ല അല്ലേ...?" ഒരു പുകയെടുത്ത്‌ ശാന്തമായി റിക്ടര്‍ ചോദിച്ചു.

"ഓഹോ.. അപ്പോള്‍ നിങ്ങള്‍ക്കവളെ നോട്ടമുണ്ടല്ലേ...?" വാള്‍സ്‌ മുരണ്ടു. "ഞാന്‍ കുറ്റം പറയില്ല.. ഒരു നീണ്ട യാത്രയല്ലേ... ക്യാപ്റ്റന്‍ പറഞ്ഞത്‌ പോലെ, സ്ത്രീകള്‍, സ്ത്രീകള്‍ തന്നെയാണല്ലോ ഏത്‌ വസ്ത്രം ധരിച്ചാലും..."

അടുത്ത നിമിഷം അയാള്‍ അടുക്കളയിലേക്ക്‌ എടുത്തെറിയപ്പെട്ടു. ഉരുക്ക്‌ പോലെ ബലിഷ്ടമായ ഒരു കരം തന്റെ കഴുത്തിനു ചുറ്റും മുറുകിയിരിക്കുന്നത്‌ അയാള്‍ മനസ്സിലാക്കി. റിക്ടറുടെ കൈയ്യിലെ ഫിന്നിഷ്‌ കത്തിയുടെ മുനയാണ്‌ തന്റെ കണ്മുന്നില്‍ പിന്നെ അയാള്‍ കണ്ടത്‌.

"ഒന്ന് ഞാന്‍ പറയുന്നു..." ശാന്തമായി തന്നെ റിക്ടര്‍ തുടര്‍ന്നു. "ഇപ്പോള്‍ നീ അവളെ നോക്കിയത്‌ പോലെ ഇനി ഒരു വട്ടം കൂടി നോക്കിയാല്‍... നീ ഈ കപ്പലില്‍ നിന്ന് തന്നെ പുറത്തേക്ക്‌ പോകും. ചിലപ്പോള്‍ അത്‌ ഒറ്റക്കഷണമായിട്ടായിരിക്കുകയുമില്ല... ഓര്‍മ്മയിരിക്കട്ടെ..."

ഭയത്താല്‍ ഏതാണ്ട്‌ അര്‍ദ്ധബോധാവസ്ഥയിലായിക്കഴിഞ്ഞിരുന്നു വാള്‍സ്‌. അയാളുടെ മുഖത്ത്‌ തട്ടിക്കൊണ്ട്‌ റിക്ടര്‍ പറഞ്ഞു. "അത്രയേ ഉള്ളൂ... നിന്നോടൊക്കെ ഇങ്ങനെ പെരുമാറിയാലേ ശരിയാവൂ..."

സ്പ്രിംഗ്‌ ഘടിപ്പിച്ച കത്തിയുടെ ബട്ടണില്‍ ഞെക്കി മുന മടക്കിയിട്ട്‌ അദ്ദേഹം പുറത്തേക്ക്‌ കടന്നു.

സിസ്റ്റര്‍ ലോട്ടെ അപ്പോഴും അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. വാള്‍സ്‌ കൊണ്ടുവന്ന് കമഴ്‌ത്തിയ പദാര്‍ത്ഥങ്ങള്‍ കടലില്‍ പൊങ്ങിക്കിടന്നിരുന്നു. പെട്ടെന്ന് എങ്ങ്‌ നിന്നോ ഒരു *ആല്‍ബട്രോസ്‌ (ഒരു കടല്‍ പക്ഷി) പറന്നു വന്ന് അതിന്മേല്‍ ഇരുന്നു.

പെട്ടെന്നുണ്ടായ ഒരു ഉള്‍പ്രേരണയോടെ തിരിഞ്ഞ ലോട്ടെ കണ്ടത്‌ തന്നേ തന്നെ നോക്കി നില്‍ക്കുന്ന റിക്ടറെയാണ്‌. അവളുടെ മുഖത്ത്‌ പുഞ്ചിരി വിടര്‍ന്നു. അദ്ദേഹം അവളുടെ അടുത്തേക്ക്‌ നടന്നു.

"ഹേര്‍ റിക്ടര്‍..." തന്റെ മുഖത്തെ സന്തോഷ ഭാവം അവള്‍ മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ല. "അത്‌ എന്ത്‌ പക്ഷിയാണ്‌...?"

"സിസ്റ്റര്‍, അതിന്റെ പേരാണ്‌ ആല്‍ബട്രോസ്‌... തോട്ടികളുടെ രാജാവെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. ആ ചീഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഗന്ധം അറിയുന്നതോടെ ഇവയുടെ ഒരു സംഘം തന്നെ എത്തും..."

"എന്തൊരു ഭംഗിയാണതിന്‌!..." മുഖത്ത്‌ വീഴുന്ന വെയിലിനെ കൈപ്പടത്താല്‍ മറച്ച്‌, പറന്നു പോകുന്ന ആ പക്ഷിയെ നിര്‍നിമേഷയായി വീക്ഷിച്ചുകൊണ്ട്‌ അവള്‍ പറഞ്ഞു.

"അതേ.. നല്ല ഭംഗി...നിന്നെ പോലെ തന്നെ..." അദ്ദേഹം മനസ്സില്‍ വിചാരിച്ചു. എങ്കിലും പറഞ്ഞത്‌ ഇപ്രകാരമായിരുന്നു. "മരണമടഞ്ഞ നാവികരുടെ പ്രേതങ്ങളാണവ എന്നാണ്‌ വിശ്വാസം..."

"നിങ്ങളത്‌ വിശ്വസിക്കുന്നുണ്ടോ...?"

അവളുടെ നീലക്കണ്ണുകള്‍ തിളങ്ങി. ധരിച്ചിരുന്ന ഹാറ്റ്‌, ദീര്‍ഘവൃത്താകൃതിയിലുള്ള അവളുടെ മുഖത്തിന്‌ പൂര്‍വാധികം അഴക്‌ നല്‍കുന്നതായി റിക്ടറിന്‌ തോന്നി.

"തീര്‍ച്ചയായും ഇല്ല സിസ്റ്റര്‍... ഇതൊക്കെ വെറും അന്ധവിശ്വാസം മാത്രം..." അദ്ദേഹം ദീര്‍ഘശ്വാസമെടുത്തു. "ക്ഷമിക്കൂ സിസ്റ്റര്‍... പിന്നെ കാണാം... ഞാന്‍ ക്യാപ്റ്റന്റെയടുത്തേക്ക്‌ ചെല്ലട്ടെ..."

അദ്ദേഹത്തിന്റെ കൈത്തണ്ടയിലെ വ്രണം കണ്ട്‌ അവള്‍ പുരികം ചുളിച്ചു.

"ഇത്‌ ശ്രദ്ധിക്കണം... ചിലപ്പോള്‍ കൂടുതല്‍ പഴുക്കാന്‍ സാധ്യതയുണ്ട്‌. വിരോധമില്ലെങ്കില്‍ ഞാനത്‌ കഴുകി ഡ്രെസ്സ്‌ ചെയ്ത്‌ തരാം..."

ശിശിരത്തിലെ മഞ്ഞ്‌ കണങ്ങളുടെ തണുപ്പായിരുന്നു അവളുടെ വിരലുകള്‍ക്ക്‌. അദ്ദേഹത്തിന്റെ നെറ്റിയില്‍ വിയര്‍പ്പ്‌ പൊടിഞ്ഞു. ക്യാന്‍വാസ്‌ പന്തലില്‍ ഒരു നാവികന്റെ മുറിവുകള്‍ ഡ്രെസ്സ്‌ ചെയ്തുകൊണ്ടിരുന്ന സിസ്റ്റര്‍ ആഞ്ചല തങ്ങളെ ശ്രദ്ധിക്കുന്നത്‌ പെട്ടെന്നദ്ദേഹം മനസ്സിലാക്കി.

റിക്ടര്‍ തന്റെ കൈ വലിച്ചു. "ഓ, വേണ്ട സിസ്റ്റര്‍... ഇതത്ര സാരമുള്ളതല്ല..."


* * * * * * * * * * * * * * * * * * * * * * *


(തുടരും)

18 comments:

  1. ജോലിത്തിരക്കില്‍ പെട്ട്‌ അല്‍പ്പം വൈകി. കഴിഞ്ഞയാഴ്ച പോസ്റ്റ്‌ ചെയ്യാന്‍ സാധിച്ചില്ല.

    ഡോയ്‌ഷ്‌ലാന്റ്‌ പ്രയാണം തുടരുന്നു... സ്ഥിരമായി വരുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു...

    ReplyDelete
  2. വായിക്കുന്നുണ്ട്

    ReplyDelete
  3. പ്രണയം മുള പൊട്ടുന്നതോടൊപ്പം വില്ലനും രംഗപ്രവേശം ചെയ്തിരിക്കുന്നു. കഥ രസകരമാകുന്നുണ്ട്‌. ഇടവേള ഇത്രയധികമാതിരുന്നാല്‍ കൊള്ളാമായിരുന്നു.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഡോയ്‌ഷ്‌ലാന്റ്‌ പ്രയാണം സ്ഥിരമായി വായിക്കുന്നുണ്ട്

    ReplyDelete
  6. ഇടവേള നീണ്ടതായിരുന്നുവെങ്കിലും ഒരു 'റൊമാന്റിക്‌ സീന്‍' ആണല്ലോ ഇത്തവണ..
    സംരക്ഷണം അവശ്യമായ സമയത്തു തന്നെ രംഗപ്രവേശം ചെയ്യുന്ന നായകന്‍..
    നായകന്റെ വേദനിപ്പിക്കുന്ന മുറിവില്‍ 'സിംപതി' ഉണരുന്ന നായികയുടെ ആര്‍ദ്രമനസ്‌...
    അതെ... ഇതു മുറുകുന്ന പ്രണയം തന്നെ..
    ആശംസകള്‍!!

    ReplyDelete
  7. തുടരുക പ്രയാണം....
    ആശംസകള്‍....

    ReplyDelete
  8. കൊള്ളാം വിനുവേട്ടാ. ഡോയ്ഷ്ലാന്റ് നന്നാകുന്നുണ്ട്.

    ReplyDelete
  9. ഗന്ധര്‍വന്‍, അരുണ്‍, ലേഖ... സ്ഥിരമായി സന്ദര്‍ശിക്കുന്നതില്‍ സന്തോഷം...

    ജമാല്‍... അപ്പോള്‍ ഇത്രയും കാലം നിശബ്ദനായി ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നുവല്ലേ... എന്തായാലും സന്തോഷം...

    ജോയ്‌... അതേ, ഈ പ്രണയം വളരെ ആര്‍ദ്രമാണ്‌... ഇതുവരെ കാണാത്ത തലങ്ങളിലൂടെ ഒഴുകുന്ന പ്രണയം...

    മിഥിന്‍... വായനക്കാരുടെ അഭിപ്രായങ്ങളാണ്‌ ഈ സംരംഭത്തില്‍ എന്റെ ഊര്‍ജ്ജം... ഇനിയും വരണം...

    മാത്‌സ്‌ ബ്ലോഗ്‌ ടീം... അപ്പോള്‍ കണക്ക്‌ മാത്രമല്ല, സാഹിത്യവും ഇഷ്ടമാണല്ലേ...?

    എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  10. കഥ രസകരമായിരിക്കുന്നു. ഇനി പ്രണയം കൂടി ആയല്ലോ!

    ReplyDelete
  11. ഹൃദ്യമായ പ്രണയം കൊണ്ട്‌ അനുഗ്രഹീതമാണല്ലോ ഇത്തവണത്തെ യാത്ര... മനോഹരം!

    കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു..

    ReplyDelete
  12. ഡോയ്‌ഷ്‌ലാന്റിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കിടയില്‍ ഇടയ്ക്ക് ഇത്തരം റൊമാന്റിക് സീനുകളും നല്ലത് തന്നെ... :)

    ReplyDelete
  13. പ്രണയത്തിനുണ്ടോ തിരുവസ്ത്രമെന്ന ഭേദം

    ReplyDelete
  14. വായിക്കുന്നു

    ReplyDelete
  15. മൊട്ടിട്ട പ്രണയം പൂത്ത് തളിർക്കട്ടെ......

    ReplyDelete
  16. അതേ നല്ല ഭംഗി. നിന്നെ പോലെ തന്നെ. 😍😍😍

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...