പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Saturday, November 28, 2009

സ്റ്റോം വാണിംഗ്‌ - 22

ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ ഗെറിക്കിന്റെ ദൗത്യം എന്തായി എന്നറിയാന്‍ അടുത്ത എപ്പിസോഡ്‌ വരെ പ്രിയവായനക്കാര്‍ കാത്തിരിക്കുക. ലണ്ടന്‍ നഗരത്തിലുള്ള ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോയുടെ അടുത്തേക്ക്‌ എല്ലാവരെയും ക്ഷണിക്കുന്നു.

നിര്‍ത്താതെ ചിലച്ചുകൊണ്ടിരിക്കുന്ന കോളിംഗ്‌ ബെല്ലിന്റെ ശബ്ദം കേട്ട്‌ മനസ്സില്ലാമനസ്സോടെയാണ്‌ ജാനറ്റ്‌ മണ്‍റോ ഉറക്കമുണര്‍ന്നത്‌. അസഹനീയമായ തലവേദന. വായ്‌ ഉണങ്ങി വരണ്ടിരിക്കുന്നു. ഈ നശിച്ച ശബ്ദമൊന്ന് നിലച്ചിട്ട്‌ വേണം ഒന്നുകൂടി മയങ്ങാന്‍ എന്ന് വിചാരിച്ച്‌ അവള്‍ ഇരുട്ടിലേക്ക്‌ നോക്കി കിടന്നു. എന്നാല്‍ അതവസാനിക്കുന്ന മട്ടുണ്ടായിരുന്നില്ല. പെട്ടെന്നാണവള്‍ക്ക്‌ ദ്വേഷ്യം വന്നത്‌. തന്റെ കിടക്കറ വസ്ത്രമൂരി ദൂരെയെറിഞ്ഞ്‌, ഗൗണ്‍ എടുക്കുവാനായി അവള്‍ എഴുനേറ്റു.

നീരസത്തോടെ വാതില്‍ തുറന്നപ്പോള്‍, കോളിംഗ്‌ ബെല്ലിന്റെ സ്വിച്ചില്‍ വിരലമര്‍ത്തിക്കൊണ്ട്‌ നില്‍ക്കുന്ന ചെറുപ്പക്കാരനായ ഒരു നേവല്‍ ഓഫീസറെയാണ്‌ ജാനറ്റ്‌ കണ്ടത്‌. റീഫര്‍ കോട്ട്‌ അണിഞ്ഞിരിക്കുന്ന അദ്ദേഹത്തിന്റെ ഹാറ്റിന്റെ മുന്‍വശം മുന്നോട്ട്‌ ഉയര്‍ന്നു നില്‍ക്കുന്ന തരത്തിലുള്ളതായിരുന്നു. വലത്‌ കണ്ണിന്‌ താഴെ ഒരു മുറിപ്പാട്‌. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ക്ഷീണം തളം കെട്ടി നില്‍ക്കുന്നത്‌ അവള്‍ ശ്രദ്ധിച്ചു.

ജാനറ്റ്‌ തന്റെ വാച്ചിലേക്ക്‌ കണ്ണോടിച്ചു. പത്ത്‌ മണി കഴിഞ്ഞിട്ടേയുള്ളു. കഴിഞ്ഞ മൂന്ന് മണിക്കൂറുകളായി താന്‍ ഗാഢനിദ്രയിലായിരുന്നുവെന്ന് അവള്‍ മനസ്സിലാക്കി. ഈ അവസ്ഥയില്‍ ശല്യപ്പെടുത്തിയ ആ യുവാവിനോട്‌ സൗമ്യമായി പെരുമാറാന്‍ അവള്‍ക്ക്‌ കഴിയുമായിരുന്നില്ല.

"ഉം..? എന്ത്‌ വേണം...?"

"ഡോക്ടര്‍ മണ്‍റോയല്ലേ...? എന്റെ പേര്‌ ജാഗോ... ഹാരി ജാഗോ..." അദ്ദേഹം പുഞ്ചിരിച്ചു.

"എന്തായാലും ശരി... നിങ്ങള്‍ തെരഞ്ഞെടുത്ത രാത്രി തെറ്റിപ്പോയി. ആരാണ്‌ നിങ്ങളെ ഇങ്ങോട്ട്‌ പറഞ്ഞയച്ചത്‌? എനിയ്ക്കൊന്നുറങ്ങണം... വേറെ എന്നെങ്കിലും വരൂ..." അവള്‍ നീരസത്തോടെ പറഞ്ഞു.

ജാഗോയുടെ മുഖത്തെ പുഞ്ചിരി മങ്ങി. ജാള്യതയാല്‍ സ്വയം ചെറുതായതു പോലെ അദ്ദേഹത്തിന്‌ തോന്നി.

"നിങ്ങള്‍ തെറ്റിദ്ധരിച്ചു മാഡം..." അദ്ദേഹം തന്റെ പോക്കറ്റില്‍ നിന്ന് ഒരു കവര്‍ എടുത്ത്‌ അവളുടെ നേര്‍ക്ക്‌ നീട്ടിയിട്ട്‌ തുടര്‍ന്നു. "ഈ കത്ത്‌ ഇവിടെ ഏല്‍പ്പിക്കുവാന്‍ നിങ്ങളുടെ അമ്മാവന്‍ എന്നോട്‌ ആവശ്യപ്പെട്ടതനുസരിച്ച്‌ വന്നതാണ്‌..."

പെട്ടെന്ന് അവളുടെ വദനം പ്രസന്നമായി. "ക്യാരി അങ്കിള്‍...? അദ്ദേഹം ഇപ്പോഴും ഹെബ്രിഡ്‌സില്‍ തന്നെയല്ലേ...?"

"അതേ... മിനിഞ്ഞാന്ന് അദ്ദേഹത്തെ ഞാന്‍ ഫാഡാ ദ്വീപില്‍ വച്ച്‌ കണ്ടിരുന്നു..."

അവള്‍ ആ കവര്‍ വാങ്ങി. "നിങ്ങള്‍ അവിടെ എന്ത്‌ ചെയ്യുകയാണ്‌ ലെഫ്റ്റനന്റ്‌...?"

അദ്ദേഹത്തിന്റെ മുഖത്തെ ജാള്യത മന്ദഹാസത്തിന്‌ വഴിമാറി. "ഞാന്‍ ആ ദ്വീപ്‌ സമൂഹങ്ങള്‍ക്ക്‌ ചുറ്റും പോസ്റ്റല്‍ സര്‍വീസ്‌ നടത്തുന്നു..."

"ഏറ്റവും അപകടകരമായ സ്ഥലമാണത്‌... പ്രത്യേകിച്ചും യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍..."

"ഓ, വേറെങ്ങും സൈനികര്‍ മരിക്കുന്നില്ലേ യുദ്ധത്തില്‍...? ആഹ്‌, അതൊക്കെ ഓരോരുത്തരുടെയും കാഴ്ചപ്പാടനുസരിച്ചിരിക്കും..." അദ്ദേഹത്തിന്റെ മുഖത്തെ പുഞ്ചിരി വീണ്ടും മാഞ്ഞു. "അതെന്തെങ്കിലുമാകട്ടെ, നിങ്ങള്‍ക്ക്‌ കത്ത്‌ കിട്ടിയില്ലേ ഡോക്ടര്‍...? ഇനി നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ വിരോധമില്ലെങ്കില്‍ പറയാം... ഞാന്‍ ഏറ്റവുമൊടുവില്‍ അഡ്‌മിറലിനെ കണ്ടപ്പോള്‍ അദ്ദേഹത്തിന്‌ സുഖം തന്നെയായിരുന്നു..." അദ്ദേഹം തിരിഞ്ഞ്‌ നടക്കാന്‍ ഭാവിച്ചു.

താനിത്ര ക്രൂരമായി പെരുമാറിയതില്‍ പെട്ടെന്നവള്‍ക്ക്‌ പശ്ചാത്താപം തോന്നി. "ലെഫ്റ്റനന്റ്‌... ഒരു മിനിറ്റ്‌..." അവള്‍ പറഞ്ഞു.

ജാഗോ തിരിഞ്ഞു. അവള്‍ മന്ദഹസിച്ചു. "ഉള്ളിലേക്ക്‌ വരൂ... എന്തെങ്കിലും കഴിക്കാം..."

അടുക്കും ചിട്ടയുമില്ലാതെ കിടന്നിരുന്ന ആ സ്വീകരണ മുറി തീരെ ചെറുതായിരുന്നു. ഇലക്‍ട്രിക്ക്‌ ഹീറ്ററിന്റെ സ്വിച്ച്‌ ഓണ്‍ ചെയ്തിട്ട്‌ അവള്‍ സോഫയിലേക്ക്‌ ചാഞ്ഞു.

"ആ കോട്ട്‌ ഊരി ഹാങ്കറില്‍ കൊളുത്തൂ. ദാ, ആ അലമാരയ്ക്കുള്ളില്‍ സ്കോച്ച്‌ കാണും... നിങ്ങള്‍ തന്നെ എടുത്തോളൂ... ഐസ്‌ കാണാന്‍ വഴിയില്ല..." അവള്‍ കവര്‍ തുറന്ന് കത്ത്‌ പുറത്തെടുത്തു.

"നിങ്ങള്‍ക്കുമെടുക്കട്ടെ...?"

"ആഹ്‌, അല്‍പ്പം..."

അദ്ദേഹം തന്റെ ഹാറ്റും കോട്ടും ഊരിക്കൊണ്ട്‌ അലമാരയുടെ നേര്‍ക്ക്‌ നടന്നു. അലമാരയില്‍ നിന്ന് ബോട്ട്‌ല്‍ എടുത്ത്‌ ഗ്ലാസുകളിലേക്ക്‌ പകരുമ്പോള്‍ ജാനറ്റ്‌ കത്ത്‌ വായിക്കുകയായിരുന്നു. ജനറല്‍ ഐസന്‍ഹോവറില്‍ നിന്ന് കേട്ടതിലും അധികം വിവരങ്ങളൊന്നും അതില്‍ ഉണ്ടായിരുന്നില്ല. യുദ്ധത്തിലേക്ക്‌ സജീവമായി തിരിച്ച്‌ ചെല്ലുവാനുള്ള അമ്മാവന്റെ അടക്കാനാവത്ത ആഗ്രഹം മാത്രം...

നിറഞ്ഞ ഗ്ലാസുമായി ജാഗോ സമീപത്തെത്തിയപ്പോള്‍ അവള്‍ തലയുയര്‍ത്തി. അദ്ദേഹത്തിന്റെ യൂണിഫോമിലെ നേവി ക്രോസ്‌ റിബണ്‍ ആണ്‌ അവള്‍ ആദ്യം ശ്രദ്ധിച്ചത്‌. ഒരു നന്ദിവാക്ക്‌ പോലും ഉരിയാടാതെ അവള്‍ ഗ്ലാസ്‌ എടുത്ത്‌ ചുണ്ടോട്‌ ചേര്‍ത്തു.

"ഈ കത്ത്‌ ഇവിടെ എത്തിയ്ക്കാന്‍ വൈകിയതില്‍ ഖേദിക്കുന്നു." ജാഗോ പറഞ്ഞു. "ഇന്നലെ ഞാനിവിടെ വന്നിരുന്നു. പക്ഷേ, നിങ്ങളിവിടെ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ ഞാന്‍ ഹോസ്പിറ്റലിലേക്ക്‌ വിളിച്ചപ്പോള്‍ നിങ്ങള്‍ വലിയ തിരക്കിലാണെന്നായിരുന്നു മറുപടി..."

"കത്ത്‌ ഇവിടെ ബോക്സില്‍ ഇട്ടു പോയാല്‍ മതിയായിരുന്നല്ലോ..."

"കത്ത്‌ നിങ്ങളുടെ കൈയില്‍ തന്നെ ഏല്‍പ്പിക്കണമെന്ന് അഡ്‌മിറല്‍ എന്നോട്‌ പറഞ്ഞിരുന്നു..." അദ്ദേഹം പുഞ്ചിരിച്ചു.

"അത്‌ നുണയല്ലേ...?" അവള്‍ കുസൃതിച്ചിരിയോടെ അയാളെ നോക്കി.

"അതെയെന്ന് തോന്നുന്നു..." ജാഗോ തന്റെ ജാള്യത മറച്ചു വച്ചില്ല.

"പറയൂ... എന്നെ നേരില്‍ കാണണമെന്ന് തോന്നാന്‍ പിന്നെന്താ കാരണം..?"

"നിങ്ങളുടെ ഒരു ഫോട്ടോ അദ്ദേഹം എന്നെ കാണിച്ചിരുന്നു..."

അവള്‍ വീണ്ടും ചിരിച്ചു. "നേരില്‍ കണ്ടിട്ട്‌... എന്തായിരുന്നു ഉദ്ദേശ്യം? എന്റെ കാല്‍ കഴുകിത്തുടയ്ക്കാനോ...?"

"അല്ല മാഡം... നിങ്ങള്‍ ചോദിച്ചു... ഞാന്‍ ഉത്തരം പറഞ്ഞു... അത്രയേയുള്ളൂ... ശരി... ഞാന്‍ ഇറങ്ങുന്നു..." അദ്ദേഹം തന്റെ കോട്ട്‌ എടുക്കുവാനായി എഴുനേറ്റു.

"ഹോ, വല്ലാത്തൊരു പ്രായം തന്നെ നിങ്ങളുടേത്‌..." അവള്‍ മന്ത്രിച്ചു. "ഒന്ന് നില്‍ക്കൂ ലെഫ്റ്റനന്റ്‌... ഇന്നെനിയ്ക്ക്‌ വല്ലാത്ത ക്ഷീണം തോന്നുന്നു. മാത്രമല്ല നിങ്ങളുടെ അമ്മയാകാനുള്ള പ്രായവും തോന്നും..."

"പ്രായം... എനിയ്ക്കറിയാം... ഇരുപത്തിയേഴ്‌ വയസ്സ്‌... നവംബര്‍ ഒമ്പതിന്‌ ജന്മദിനം... രാശി സ്കോര്‍പിയോ... ശരിയല്ലേ...?" അദ്ദേഹം ചിരിച്ചു.

"ക്യാരി അങ്കിളിന്റെ പക്കല്‍ നിന്നും സകല വിവരങ്ങളും ശേഖരിച്ചിട്ടുണ്ടല്ലോ നിങ്ങള്‍. ശരി ശരി... ഞാന്‍ അടിയറവു പറയുന്നു. നിങ്ങള്‍ നാവികര്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ്‌ ചെയ്യുക...?"

"അടിയറവ്‌ സമ്മതിക്കുന്നവരുടെ കൊടി താഴ്‌ത്തുക..."

"എനിയ്ക്കിന്ന് വൈകുന്നേരം വല്ലാത്ത തിരക്കായിരുന്നു ലെഫ്റ്റനന്റ്‌..." അവള്‍ പറഞ്ഞു. "പതിനാല്‌ ബോംബുകളാണ്‌ ഇന്ന് ലണ്ടനില്‍ വീണത്‌. നിങ്ങളും കേട്ടു കാണും അതിന്റെ ശബ്ദം. എന്നാല്‍ ഞാന്‍ അതിന്റെ അനന്തരഫലത്തിനും സാക്ഷിയായി. മൂന്ന് മണിക്കൂര്‍ മുമ്പ്‌ മാത്രമാണ്‌ എനിയ്ക്ക്‌ ഒന്ന് വിശ്രമിക്കാനായത്‌. നല്ല ഉറക്കത്തിലായിരുന്നപ്പോഴാണ്‌ നിങ്ങള്‍ ബെല്ലടിച്ചത്‌."

ജാഗോ ചാടിയെഴുനേറ്റു. "അയാം സോറി മാഡം... എനിയ്ക്കത്‌ അറിയില്ലായിരുന്നു..."

"നിങ്ങള്‍ ഇതിന്റെ കൂടെ ഒരു കത്ത്‌ ജനറല്‍ ഐസന്‍ഹോവറിനും കൊണ്ടുവന്നിരുന്നുവല്ലേ...?"

ജാഗോ സ്തബ്‌ധനായി നിന്നു. അത്‌ ശ്രദ്ധിച്ച ജാനറ്റ്‌ തുടര്‍ന്നു. "പേടിക്കേണ്ട... നിങ്ങളില്‍ നിന്നല്ല ഈ രഹസ്യം പുറത്ത്‌ പോയത്‌... ഇന്നലെ രാത്രി, അദ്ദേഹം ആ കത്തിനെക്കുറിച്ച്‌ എന്നോട്‌ സംസാരിച്ചിരുന്നു. ക്യാരി അങ്കിളിന്‌ മഹത്തായ യുദ്ധക്കളത്തിലേക്ക്‌ വീണ്ടും ഇറങ്ങണമത്രേ..."

എന്താണ്‌ പറയേണ്ടതെന്നറിയാതെ അവള്‍ പറയുന്നത്‌ കേട്ട്‌ ജാഗോ അത്ഭുതത്തോടെ നിന്നു.

"എപ്പോഴാണ്‌ നിങ്ങള്‍ തിരിച്ചു പോകുന്നത്‌? ഈ വാരാന്ത്യത്തിലാണോ...?" അവള്‍ ചോദിച്ചു.

"അതെ..."

"അങ്കിളിനെ കാണാന്‍ ഞാനും പോകുന്നുണ്ട്‌. സുപ്രീം കമാന്‍ഡര്‍ അതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത്‌ തന്നിട്ടുണ്ട്‌. പക്ഷേ തീയതിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല..."

"ചിലപ്പോള്‍ ഒരേ ട്രെയിനില്‍ ആകാനും സാദ്ധ്യതയുണ്ട്‌..." ജാഗോ പുഞ്ചിരിച്ചു.

ജാനറ്റ്‌ ഒരു സിഗരറ്റിന്‌ തീ കൊളുത്തി. "അതു വരെ നിങ്ങള്‍ എവിടെയാണ്‌ തങ്ങുന്നത്‌? എന്താണ്‌ നിങ്ങളുടെ പ്ലാന്‍...?"

"സത്യം പറഞ്ഞാല്‍ എനിയ്ക്കറിയില്ല... ഈ പട്ടണത്തില്‍ പറയത്തക്ക എന്റര്‍ടെയിന്‍മെന്റ്‌സ്‌ ഒന്നും കാണുന്നുമില്ല..."

"എന്തോ, എനിയ്ക്കറിയില്ല. നിങ്ങള്‍ക്കൊക്കെ കുറച്ച്‌ സിഗരറ്റും വിസ്കിയും കിട്ടിയാല്‍ എല്ലാമായി. എന്തിന്‌, ഒരു വണ്ടി കിട്ടണമെങ്കില്‍പോലും സാധാരണക്കാരെക്കാളും എന്തെളുപ്പം... അമേരിക്കക്കാരന്‍ എന്ന് പറയുമ്പോഴേക്കും പിന്നാലെ വരും..."

"ഇങ്ങനെയാണോ നിങ്ങള്‍ വിചാരിച്ചിരിക്കുന്നത്‌ മാഡം..? പിന്നെ, നിങ്ങളെന്താ അമേരിക്കക്കാരിയല്ലേ...?"

"ഞാന്‍ 1940 ല്‍ അമേരിക്ക വിട്ടതാണ്‌. പിന്നെ ഇന്ന് വരെ ഇവിടെത്തന്നെ..."

എന്താണ്‌ പറയേണ്ടതെന്നറിയാതെ ജാഗോ അവിടെത്തന്നെയിരുന്നു. അല്‍പ്പനേരം അവിടെ നിശബ്ദത തളം കെട്ടി.

"നിങ്ങള്‍ എങ്ങോട്ടാണിപ്പോള്‍ പോകുന്നത്‌...? പട്ടണത്തിന്‌ വെളിയിലേക്കാണോ...? അവള്‍ മൗനം ഭഞ്ജിച്ചു.

"അല്ല... ഓഫീസര്‍മാരുടെ ക്ലബ്ബില്‍ എനിയ്ക്കൊരു ബെഡ്‌സ്പേസ്‌ കിട്ടിയിട്ടുണ്ട്‌..."

"അത്‌ വേണ്ട... നമുക്ക്‌ ആ നദിയോരത്ത്‌ കൂടി കുറച്ച്‌ നേരം നടക്കാം..." അവളുടെ കണ്ണുകളില്‍ കുസൃതി നിറഞ്ഞിരുന്നു.

"നദിയോരത്ത്‌ കൂടിയോ...?" അദ്ദേഹം അവളെ തുറിച്ച്‌ നോക്കി.

"അതേ... എന്താ ഇഷ്ടമല്ലേ...? രണ്ടേ രണ്ട്‌ മിനിറ്റ്‌... ഞാനിതാ ഡ്രെസ്സ്‌ മാറി വരാം..." കിടപ്പു മുറിയില്‍ കയറി വാതില്‍ അടയ്ക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു. "എന്താ, വിരോധമില്ലല്ലോ...?"


* * * * * * * * * * * * * * * * * * * * * * *


(തുടരും)

12 comments:

  1. ഫാള്‍മൗത്ത്‌ ഹാര്‍ബറില്‍ ഗെറിക്കിന്റെ ദൗത്യം എന്തായി എന്നറിയാന്‍ അടുത്ത എപ്പിസോഡ്‌ വരെ പ്രിയവായനക്കാര്‍ കാത്തിരിക്കുക. ലണ്ടന്‍ നഗരത്തിലുള്ള ഡോക്ടര്‍ ജാനറ്റ്‌ മണ്‍റോയുടെ അടുത്തേക്ക്‌ എല്ലാവരെയും ക്ഷണിക്കുന്നു.

    ReplyDelete
  2. ഇതൊരു പുസ്തകമാക്കണം...
    :)

    ReplyDelete
  3. ഒരു നല്ല കണ്ടുമുട്ടല്‍... അല്ലേ വിനുവേട്ടാ..
    ജാനറ്റും..ജാഗോയും...
    കഥ വളരട്ടേ...
    ആശംസകള്‍!!!

    ReplyDelete
  4. കഥ കൂടുതല്‍ വിപുലമാകുന്നു... തുടരട്ടെ.

    ReplyDelete
  5. പുതിയ കഥാപാത്രങ്ങള്‍ വന്നല്ലോ.കഥ രസകരമായി വരുന്നു. അടുത്ത ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  6. ഹോ... വീണ്ടും ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയല്ലോ വിനുവേട്ടാ...

    അടുത്ത ഭാഗം വേഗം തന്നെ പോന്നോട്ടെ..

    ReplyDelete
  7. അരുണ്‍... ആഗ്രഹമുണ്ട്‌... പക്ഷേ അതിനൊക്കെ വലിയ കടമ്പകളില്ലേ? വിശാല്‍ജിയോടും കൈതമുള്ളിനോടും ഒന്ന് അന്വേഷിച്ച്‌ നോക്കട്ടെ...

    ജോയ്‌... അതേ അതേ... ജാഗോ ചമ്മിപ്പോയില്ലേ...

    വാഴക്കോടന്‍, ശ്രീ... നന്ദി...

    എഴുത്തുകാരി, ജിമ്മി... അടുത്തയാഴ്ച ഒന്നായിക്കോട്ടെ...

    ReplyDelete
  8. മറ്റൊരു റൊമാന്‍സിന്റെ തുടക്കമാണല്ലോ ഇത്‌. അടുത്ത ഭാഗം ഈ ആഴ്ച കണ്ടില്ലല്ലോ വിനുവേട്ടാ.

    ReplyDelete
  9. ബന്ധങ്ങള്‍ വിരിയുന്നത് സൂക്ഷിച്ച് വീക്ഷിച്ചാല്‍ കൌതുകകരം തന്നെ

    ReplyDelete
  10. വായിക്കുന്നു ..

    ReplyDelete
  11. ജാനറ്റിനും പ്രണയം ആയിക്കോട്ടെന്ന് വെച്ചോ????

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...