സലൂണിലെ മേശയ്ക്ക് ചുറ്റും കൂടി നിന്ന് തല കുനിച്ച് കൈകള്‍ കൂപ്പി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ് കന്യാസ്ത്രീകള്‍ . ജാലകത്തിനിടയിലൂടെ കടല്‍ വെള്ളം മുറിയിലേക്ക് വീഴുന്നുണ്ടായിരുന്നു. കപ്പലിലെ മറ്റ് എല്ലായിടത്തുമെന്നപോലെ നനവില്ലാത്ത ഒരിഞ്ച് സ്ഥലം പോലും അവിടെയുമുണ്ടായിരുന്നില്ല. ഇടനാഴിയിലൂടെ താഴോട്ടൊഴുകുന്ന വെള്ളം മുറിക്കകത്തും പുറത്തും എല്ലാം കെട്ടിക്കിടക്കുന്നു.
സിസ്റ്റര്‍ ആഞ്ചലയുടെ പ്രാര്‍ത്ഥന ദൃഢസ്വരത്തിലായിരുന്നു.
"ദയാപരനായ കര്‍ത്താവേ... ഞങ്ങളുടെ വിളി നീ കേള്‍ക്കേണമേ... ഇരമ്പി മറിയുന്ന സമുദ്രത്തില്‍ നിന്നും ഞങ്ങളെ രക്ഷിക്കേണമേ... ഈ നടുക്കടലില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ..."
ഇടനാഴിയുടെ മുകള്‍ ഭാഗത്തെ വാതില്‍ തുറന്ന് റിക്ടര്‍ താഴോട്ട് വന്നു. തന്റെ കൈയിലെ വലിയ പാത്രം അദ്ദേഹം മേശമേല്‍ വച്ചു. അദ്ദേഹത്തിന്റെ തൊപ്പി മുഴുവനും നനഞ്ഞ് കുതിര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ സമൃദ്ധമായ താടിരോമങ്ങളില്‍ നിന്നും ഓയില്‍സ്കിന്‍ കോട്ടില്‍ നിന്നും വെള്ളം ഇറ്റു വീഴുന്നുണ്ട്. നെഞ്ച് തിരുമ്മിക്കൊണ്ട് അല്‍പ്പനേരം അദ്ദേഹം അവിടെ നിന്നു. സിസ്റ്റര്‍ ആഞ്ചല ഒന്ന് സംശയിച്ചിട്ട് പ്രാര്‍ത്ഥന പൂര്‍ത്തിയാക്കി കുരിശ് വരച്ചു.
"ക്യാപ്റ്റന്‍ തന്നയച്ചതാണ് സിസ്റ്റര്‍ ... ചുടുകാപ്പി... ഇപ്പോള്‍ ഉണ്ടാക്കിയതേയുള്ളൂ..."
"ക്യാപ്റ്റന്‍ ബെര്‍ഗര്‍ക്ക് എന്റെ നന്ദി... എന്താണിപ്പോഴത്തെ അവസ്ഥ...?"
"വളരെ മോശമാണ് സിസ്റ്റര്‍ ..." റിക്ടര്‍ പറഞ്ഞു. "ഒരാളെക്കൂടി നമുക്ക് നഷ്ടപ്പെട്ടു... ബെര്‍ഗ്‌മാന്‍ എന്ന യുവാവ്... പാമരത്തിന്റെ കയറില്‍ നിന്ന് ഒലിച്ചുപോയി..."
"അവന്റെ ആത്മാവിനായി ഞങ്ങള്‍ ഇപ്പോള്‍ തന്നെ പ്രാര്‍ത്ഥിക്കുന്നതാണ്..."
"അതില്‍ എനിക്ക് സംശയം ഒട്ടുമില്ല സിസ്റ്റര്‍ ..."
അദ്ദേഹം ധൃതിയില്‍ തിരിഞ്ഞ് ഇടനാഴിയിലൂടെ മുകളിലേക്ക് പോയി.
"ഹാന്‍സ് ബെര്‍ഗ്‌മാന്റെ ആത്മശാന്തിക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം ... " സിസ്റ്റര്‍ ആഞ്ചല പറഞ്ഞു.
എന്നാല്‍ മേശയുടെ എതിര്‍വശത്ത് നിന്നിരുന്ന ലോട്ടെ ആ വാക്കുകള്‍ അവഗണിച്ച് ഇടനാഴിയിലൂടെ വേഗം ഡെക്കിലേക്ക് നടന്നു.
അവളുടെ ശ്വാസം നിലച്ച് പോകുന്ന കാഴ്ചയായിരുന്നു അത്. സമയം പ്രഭാതം ആയിരുന്നുവെങ്കിലും അതിന്റെ യാതൊരു ലക്ഷണവും അവിടെ കാണാനുണ്ടായിരുന്നില്ല. ആകാശം മുഴുവന്‍ ഇരുണ്ട് മൂടിയിരിക്കുന്നു. നീലയും ചുവപ്പും വര്‍ണ്ണങ്ങള്‍ പൂശിയത് പോലുള്ള ഭീമാകാരങ്ങളായ മേഘക്കൂട്ടങ്ങളെ കണ്ടാല്‍ അവയ്ക്ക് പിന്നില്‍ എവിടെയോ വലിയൊരു അഗ്നികുണ്ഠം ജ്വലിക്കുന്നുണ്ടെന്ന് തോന്നുമായിരുന്നു. ആഞ്ഞടിക്കുന്ന കാറ്റ് ഒരു പേപ്പട്ടിയെപ്പോലെ ഓരിയിട്ടുകൊണ്ടിരുന്നു. തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന മിന്നല്‍പ്പിണരുകള്‍ അവളുടെ മുഖത്ത് മുറിവേല്‍പ്പിക്കുന്നത് പോലെ തോന്നി.
ഡെക്കിലുണ്ടായിരുന്ന എല്ലാവരും തങ്ങളുടെ ജോലികളില്‍ വ്യാപൃതരായിരുന്നതുകൊണ്ട് അവളെ ആരും തന്നെ ശ്രദ്ധിച്ചില്ല. വീലിന് മുന്നില്‍ കിണഞ്ഞ് പരിശ്രമിക്കുന്ന സ്റ്റേമിനെ സഹായിക്കാന്‍ വിന്‍സറും ക്ലൂത്തും ഉണ്ടായിരുന്നു. വേറെ നാലുപേര്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കുന്നു. അവരെയെല്ലാവരെയും കയര്‍ കെട്ടി പാമരവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
പോകുന്ന വഴിയിലുള്ളതെല്ലാം ഒഴുക്കിക്കൊണ്ട് പോകുവാനുള്ള ശക്തിയോടെ ഒരു തിര കപ്പലിന് മുകളിലൂടെ കടന്നു പോയി. ഒരു നിമിഷത്തേക്ക് ഡോയ്‌ഷ്‌ലാന്റ് വലതുവശത്തേക്ക് ചരിഞ്ഞ് കിടന്നു. പിന്നെ, പതുക്കെ പൂര്‍വ്വസ്ഥിതിയിലായി.
തങ്ങളെ ബന്ധിപ്പിച്ചിരിക്കുന്ന കയര്‍ ഇല്ലായിരുന്നുവെങ്കില്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ ഒഴുകിപ്പോകേണ്ടതായിരുന്നു. ലോട്ടെ ഒരു കയറില്‍ മുറുകെപ്പിടിച്ച് കിടന്നു. പായ്‌ക്കയറുകളില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന റിക്ടര്‍ താഴെയിറങ്ങി പമ്പിംഗ് നടക്കുന്നയിടത്തേക്ക് പോയി.
വളരെ ഉയരത്തില്‍ എന്തോ സ്ഫോടന ശബ്ദം കേട്ട് റിക്ടര്‍ പെട്ടെന്ന് മുകളിലേക്ക് നോക്കി. പാമരത്തിന് തിരശ്ചീനമായി പയ വലിച്ച് കെട്ടുന്ന ദണ്ഡ് ഒടിഞ്ഞിരിക്കുന്നു. കാറ്റൊഴിഞ്ഞ പായ, ആഞ്ഞടിക്കുന്ന കാറ്റില്‍ ഉലഞ്ഞ് ആടിക്കൊണ്ടിരിക്കുന്നത് അദ്ദേഹം കണ്ടു.
ശക്തിയേറിയ കാറ്റില്‍ പെട്ട് അത് അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകൊണ്ടിരിക്കുമ്പോള്‍ പാമരമാകെ പ്രകമ്പനം കൊണ്ടു. അത് തുടരുകയാണെങ്കില്‍ പാമരം തന്നെ വെറുമൊരു വിറകുകൊള്ളിപോലെ ഒടിയാന്‍ താമസമില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. പിന്നെയൊന്നും ചിന്തിച്ചില്ല. അദ്ദേഹം അടുക്കളയിലേക്കോടിച്ചെന്ന് മഴു എടുത്തു കൊണ്ടുവന്ന് പാമരത്തിലൂടെ മുകളിലേക്ക് കുതിച്ചു.
മഴു ബെല്‍റ്റിനിടയില്‍ തിരുകുവാന്‍ വേണ്ടി ഒരു നിമിഷം അദ്ദേഹം നിന്നു. അവിടെ നിന്ന് താഴോട്ട് നോക്കിയപ്പോഴാണ് ക്വാര്‍ട്ടര്‍ ഡെക്കില്‍ നിന്ന് കൈ ഉയര്‍ത്തി വീശുന്ന ബെര്‍ഗറെ അദ്ദേഹം ശ്രദ്ധിച്ചത്. അദ്ദേഹം എന്തോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നത് റിക്ടര്‍ക്ക് കേള്‍ക്കാനാവുമായിരുന്നില്ല. എന്നാലും അദ്ദേഹത്തിന്റെ ആംഗ്യങ്ങളില്‍ നിന്ന്, തന്നോട് താഴോട്ട് വരുവാനാണ് പറയുന്നതെന്ന് മനസ്സിലായി.
പക്ഷേ, ആ പായയെ ഈ അവസ്ഥയില്‍ ഇങ്ങനെ വിട്ടുപോന്നാല്‍ ?... പാമരം ഒടിഞ്ഞ് വീണാല്‍ ?!... റിക്ടര്‍ മുകളിലേക്കുള്ള കയറ്റം തുടര്‍ന്നു. കടുത്ത തണുപ്പില്‍ അദ്ദേഹത്തിന്റെ പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ കോട്ട് ആ കനത്ത മഴയിലും കാറ്റിലും യാതൊരു പ്രയോജനവും ചെയ്തിരുന്നില്ല. ഓരോ പ്രാവശ്യവും മുകളിലേക്ക് കയറും തോറും മഴവെള്ളം അദ്ദേഹത്തിന്റെ കോട്ടിനുള്ളിലൂടെ ദേഹത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. കാറ്റ് ഒരു ജീവനുള്ള വസ്തു പോലെ അദ്ദേഹത്തിന്റെ വസ്ത്രങ്ങളെ പിടിച്ചു വലിച്ച് കീറുന്നതായി തോന്നി.
ഏറ്റവും മുകളിലെത്തി ശ്വാസമെടുക്കുവാനായി അദ്ദേഹം ഒരു നിമിഷം നിന്നു. കണ്ണ് എത്താവുന്ന ദൂരമത്രയും വെളുത്ത നുരയും പതയുമായി സമുദ്രം ഇളകി മറിയുകയായിരുന്നു. കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം ഇരുണ്ട ആകാശത്തില്‍ മിന്നല്‍പ്പിണരുകള്‍ സംഹാര നൃത്തമാടി.
കാറ്റുപായയുടെ തൊട്ടു താഴെയായി ഒരു നിമിഷം അദ്ദേഹം നിന്നു. ഭയാനകമായ ശബ്ദത്തോടെ അങ്ങോട്ടുമിങ്ങോട്ടും അടിച്ചുകൊണ്ടിരിക്കുകയാണതിപ്പോഴും. തന്റെ മുന്നില്‍ അവശേഷിച്ചിരിക്കുന്ന നിമിഷങ്ങളെ വിലയിരുത്തി മരണത്തെ മുന്നില്‍ക്കണ്ട് അദ്ദേഹം അല്‍പ്പം കൂടി മുകളിലേക്ക് കയറി. പിന്നെ, കാറ്റ് നിറഞ്ഞ് വീര്‍ത്തിരിക്കുന്ന പായയുടെ ഉള്ളിലേക്കിറങ്ങി ഒരു കൈയാല്‍ കയറില്‍ തൂങ്ങിക്കിടന്നു. ശേഷം മറുകൈയിലെ മഴു കൊണ്ട്, കെട്ട് പൊട്ടിയിരിക്കുന്ന പായയുടെ ദണ്ഡ് ഉറപ്പിച്ചിരിക്കുന്ന ഇരുമ്പുവളയത്തില്‍ ആഞ്ഞ് വെട്ടുവാന്‍ തുടങ്ങി.
പെട്ടെന്നാണ് കാറ്റ് തിരിഞ്ഞ് വീശിയത്. കാറ്റുപായ അദ്ദേഹത്തെ പൊതിഞ്ഞു. താന്‍ അകലേക്ക് എടുത്തെറിയപ്പെടുമോ എന്നു പോലും അദ്ദേഹത്തിന് തോന്നിപ്പോയി. അടുത്ത നിമിഷം പായയുടെ മൂലയ്ക്ക് നിന്ന് കെട്ടിയിരുന്ന കയര്‍ വലിഞ്ഞ് നേര്‍രേഖയിലായി. അപ്പോഴാണ് തന്റെ തൊട്ടു താഴെയായി കയറില്‍ പിടിച്ച് കയറി വരുന്ന ബെര്‍ഗറെ അദ്ദേഹം കണ്ടത്.
ബെര്‍ഗര്‍ റിക്ടറുടെ നേരെ തലയാട്ടി. റിക്ടര്‍ വീണ്ടും ആഞ്ഞ് വെട്ടുവാന്‍ തുടങ്ങി. പാമരം മുഴുവനും പ്രകമ്പനം കൊള്ളുന്നുണ്ടായിരുന്നു അപ്പോള്‍ ... ഒന്ന് ... രണ്ട് ... അടുത്ത വെട്ടിന് മഴു ഇരുമ്പുവളയം ഭേദിച്ച് പുറത്ത് കടന്നു. മരദണ്ഡ് രണ്ടായി മുറിഞ്ഞു. കയര്‍ വലിഞ്ഞു പൊട്ടി. ബെര്‍ഗര്‍ തന്റെ കൈയിലെ കയര്‍ അഴച്ച് വിട്ടുകൊടുത്തു. ഒരേ ഒരു നിമിഷം ... മരദണ്ഡും അതില്‍ കെട്ടിയിരുന്ന പായയും എല്ലാം കൂടി ചുറ്റിക്കറങ്ങിക്കൊണ്ട് വലിയൊരു ശബ്ദത്തോടെ അകലേക്ക് പറന്നുപോയി.
ബെര്‍ഗര്‍ റിക്ടറുടെ തോളില്‍ കൈ വച്ചു. പിന്നെ, വേദനിക്കുന്ന ശരീരവുമായി സാവധാനം ഇരുവരും താഴോട്ടിറങ്ങുവാന്‍ തുടങ്ങി. ഡെക്കിലേക്കിറങ്ങി മുന്നോട്ട് നീങ്ങിയപ്പോഴാണ് ക്വാര്‍ട്ടര്‍ ഡെക്കിനരികില്‍ നില്‍ക്കുന്ന ലോട്ടെയെ റിക്ടര്‍ കണ്ടത്. വിടര്‍ന്ന കണ്ണുകളോടെ അദ്ദേഹത്തെ തന്നെ നോക്കിക്കൊണ്ടിരുന്ന അവളുടെ മുഖത്ത് അത്യധികം ഭീതിയുണ്ടായിരുന്നു. ഏതോ പ്രേരണയാലെന്ന പോലെ അദ്ദേഹം അവളെ നോക്കി ഇരു കൈകളും വിടര്‍ത്തി അവിടെ നിന്നു. സ്വാഭാവികമായും അടുത്ത നിമിഷം അവള്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ മാറിലേക്ക് ചാഞ്ഞു.
* * * * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)
ഡോയ്‌ഷ്‌ലാന്റില്‍ ഭീകരാവസ്ഥ തുടരുന്നു...
ReplyDeleteഹോ... സത്യം പറഞ്ഞാല്‍ ശ്വാസമടക്കിപ്പിടിച്ചാണ് ഇത് വായിച്ചത്... ഒരു ഇംഗ്ലീഷ് നോവലാണ് വായിക്കുന്നതെന്ന കാര്യംപോലും മറന്നുപോയി...!
ReplyDeleteഅവസാനം;
"ഏതോ പ്രേരണയാലെന്ന പോലെ അദ്ദേഹം അവളെ നോക്കി ഇരു കൈകളും വിടര്‍ത്തി അവിടെ നിന്നു. സ്വാഭാവികമായും അടുത്ത നിമിഷം അവള്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ മാറിലേക്ക് ചാഞ്ഞു."
ഇനി നമ്മള്‍ എന്തു പറയാന്‍!!
Bheekaramm thanne. Pediyaavunnu.
ReplyDeleteചേട്ടാ..ഗംഭീരമാകുന്നുണ്ട്...
ReplyDeleteപോസ്റ്റുകൾക്ക് ഇനിയും നീളം കൂട്ടുക..പെട്ടെന്ന് തീർന്നുപോകുന്നു..അതുപോലെ ആർക്കൈവ്സ് തലതിരിച്ചിടുക..ഇതൊരു നോവലല്ലേ..ആദ്യം വായിക്കുന്നവർ ഒന്നാം പേജ് മുതൽ തുടങ്ങട്ടേ...
എഴുത്തുകാരിചേച്ചി പറഞ്ഞത് പോലെ പേടിയാവുന്നു. എല്ലാം കണ്‍ മുന്നിലെന്നപോലെയുള്ള വിവരണം. അടുത്ത ലക്കത്തിനായി കാത്തിരിക്കുന്നു.
ReplyDeleteജിമ്മി... ഇത്രയും ഉദ്വേഗഭരിതമായിരുന്നു വിവരണം എന്നറിഞ്ഞതില്‍ സന്തോഷം ...
ReplyDeleteഎഴുത്തുകാരി ... അതേ, കടല്‍ ക്ഷോഭിച്ചാല്‍ ഇങ്ങനെയാണ്...
പോണി ബോയ്... പ്രഥമസന്ദര്‍ശനത്തിന് നന്ദി. താങ്കള്‍ പറഞ്ഞത് ശരിയാണ്. "കഥ ഇതു വരെ" താങ്കളുടെ നിര്‍ദ്ദേശം പോലെ ക്രമീകരിച്ചിട്ടുണ്ട്... വീണ്ടും വരുമല്ലോ...
ലേഖ... അടുത്ത ലക്കം അടുത്ത വെള്ളിയാഴ്ച...
ജിമ്മി പറഞ്ഞതു പോലെ ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്.
ReplyDeleteസിനിമ കാണുമ്പോലെ. ഞാന്‍ അങ്ങനെയാ, ഭീകര ദൃശ്യങ്ങള്‍ വരുമ്പോള്‍ കണ്ണടക്കും. പക്ഷെ വായിച്ചത് കണ്ണ് തുറന്നു തന്നെട്ടോ. സാഹസികമായ ഒട്ടേറെ കാര്യങ്ങള്‍ ഡോയ്‌ഷ്‌ലാന്റില്‍ നടക്കുന്നു.
ReplyDeleteലോകത്തെകുറിച്ച് നമ്മളെന്തു കണ്ടു എന്ന് തോന്നിപോകുന്നു.
വിനുവേട്ടാ..ഇനി ഞാനെന്തു പറയാന്‍...
ReplyDeleteഎല്ലാം ജിമ്മിച്ചന്‍ പറഞ്ഞ പോലെ.
ഹി ഹി..നമ്മ പോണിക്കുട്ടന്‍ ഇവിടെയും എത്തിയോ..നോം ടിയാന്റെ ഒരു സ്ഥിരം സന്ദര്‍ശകനാണു കേട്ടാ..
കപ്പല്‍ തകരാറാവുന്ന ലക്ഷണമാണെല്ലോ...
ആകാക്ഷയോടെ തുടര്‍ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ശ്രീ... ഈ ലക്കം ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം ...
ReplyDeleteസുകന്യ... ഒരു ചലച്ചിത്രം പോലെ അനുഭവവേദ്യമാകുന്നു എന്നറിയുന്നതില്‍ സന്തോഷം ... പക്ഷേ ഇങ്ങനെ കൊച്ചുകുട്ടികളെപ്പോലെ കണ്ണടച്ചുകളയുക എന്നൊക്കെ പറഞ്ഞാല്‍ ...
ചാര്‍ളി... പോണിക്കുട്ടന്‍ വന്നതുകൊണ്ടു ഒരു ഗുണമുണ്ടായി... ആര്‍ക്കൈവ്‌സ് എങ്ങനെ തലതിരിച്ചിടാം എന്നു പഠിച്ചു. അടുത്ത ലക്കം മുടങ്ങാതെ വായിക്കണം കേട്ടോ... ഇനിയങ്ങോട്ട് ആകാംക്ഷാഭരിതമായ ലക്കങ്ങളാണ് വരാന്‍ പോകുന്നത്...
ലേറ്റായീട്ടാ.....
ReplyDeleteവായിക്കുന്നു
ReplyDeleteആകാശം മുഴുവന്‍ ഇരുണ്ട് മൂടിയിരിക്കുന്നു. നീലയും ചുവപ്പും വര്‍ണ്ണങ്ങള്‍ പൂശിയത് പോലുള്ള ഭീമാകാരങ്ങളായ മേഘക്കൂട്ടങ്ങളെ കണ്ടാല്‍ അവയ്ക്ക് പിന്നില്‍ എവിടെയോ വലിയൊരു അഗ്നികുണ്ഠം ജ്വലിക്കുന്നുണ്ടെന്ന് തോന്നുമായിരുന്നു. ആഞ്ഞടിക്കുന്ന കാറ്റ് ഒരു പേപ്പട്ടിയെപ്പോലെ ഓരിയിട്ടുകൊണ്ടിരുന്നു. തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന മിന്നല്‍പ്പിണരുകള്‍ അവളുടെ മുഖത്ത്
ReplyDeleteമുറിവേല്‍പ്പിക്കുന്നത് പോലെ തോന്നി
എന്തൊരു വിവരണം.!!!!