പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, May 28, 2010

സ്റ്റോം വാണിംഗ്‌ - 47

റാന്തല്‍ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ കമഴ്‌ന്ന് കിടന്ന് കപ്പലിന്റെ അടിത്തട്ട്‌ പരിശോധിക്കുകയാണ്‌ റിക്ടര്‍. രണ്ട്‌ മണിക്കൂര്‍ തുടര്‍ച്ചയായി പമ്പുകള്‍ പ്രവര്‍ത്തിപ്പിച്ചിട്ടും ഒരടി വെള്ളം ഇനിയും ബാക്കി. സാമാന്യം വലിയ ഒരു തിരമാലയുടെ മുകളിലൂടെ കപ്പല്‍ കയറിയിറങ്ങിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന ആ ചെളിവെള്ളം മുഴുവനും അദ്ദേഹത്തിന്റെ ശിരസ്സിനെ അഭിഷേകം ചെയ്തു.

പരിശോധന മതിയാക്കി അദ്ദേഹം ഗോവണി വഴി മുകളിലെത്തി. എന്നിട്ട്‌ റാന്തല്‍ സ്റ്റേമിന്റെ കൈയില്‍ കൊടുത്തു.

"ഓ, നിങ്ങളെ വല്ലാതെ നാറുന്നുണ്ടല്ലോ..." സ്റ്റേം പറഞ്ഞു.

"ചീഞ്ഞ്‌ നാറുന്ന ഓടയ്ക്കുള്ളിലൂടെ നീന്തുന്നത്‌ പോലെയുണ്ടായിരുന്നു..." റികടര്‍ വെറുപ്പോടെ പറഞ്ഞു.

"അടിത്തട്ടില്‍ നോക്കിയിട്ട്‌ എങ്ങനെയുണ്ട്‌ ...?"

"അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്‌..."

"അത്‌ ശരി... എന്നാലിനി ഇക്കാര്യം ക്യാപ്റ്റനെ അറിയിക്കാം..." സ്റ്റേം നിരാശയോടെ പറഞ്ഞു.

അവര്‍ ഡെക്കിലെത്തിയപ്പോള്‍ ഭീമാകാരമായ ഒരു തിര ഉയരുന്നത്‌ കണ്ടു. ഓയില്‍സ്കിന്‍ കോട്ടും വാട്ടര്‍ പ്രൂഫ്‌ ക്യാപ്പും ധരിച്ച ബെര്‍ഗര്‍ ക്വാര്‍ട്ടര്‍ ഡെക്കില്‍ നില്‍ക്കുന്നുണ്ടായിരുന്നു.

"ആങ്ങ്‌ഹ്‌... നന്നായി... സമയത്ത്‌ തന്നെയാണ്‌ നിങ്ങള്‍ എത്തിയത്‌ സ്റ്റേം... മുകളിലത്തെ പായകള്‍ ചുരുട്ടിക്കോളൂ... കഴിയുന്നത്ര പെട്ടെന്ന്..." ബെര്‍ഗര്‍ വിളിച്ചുപറഞ്ഞു.

"ശരി സര്‍..."

"പ്രധാന പായയും ഇറക്കിക്കോളൂ..."

ബെര്‍ഗര്‍ തന്റെ ക്യാബിനിലേക്ക്‌ മടങ്ങി. റിക്ടര്‍ ഒറ്റക്കുതിപ്പിന്‌ കയറുകളില്‍ പിടിച്ച്‌ മുകളിലേക്ക്‌ കയറുവാന്‍ തുടങ്ങി. ദുര്‍ബ്ബലഹൃദയര്‍ക്ക്‌ ചെയ്യാന്‍ കഴിയുന്ന ജോലിയായിരുന്നില്ല അത്‌. എന്നാല്‍ താഴെ നില്‍ക്കുന്നവരുടെ സ്ഥിതി അതിലും ഭയാനകമായിരുന്നു. ഓരോ തിരമാലകളും തങ്ങളുടെ മുകളിലൂടെ ആഞ്ഞടിച്ച്‌ ഒഴുകിപ്പോകുമ്പോള്‍ ജീവന്‌ വേണ്ടി കിട്ടിയ കയറുകളിലും തൂണുകളിലും അള്ളിപ്പിടിച്ച്‌ കിടക്കുകയായിരുന്നു അവര്‍.

താഴേക്കിറങ്ങാന്‍ തുനിയുമ്പോഴാണ്‌ അടുക്കളയില്‍ നിന്ന് പുറത്തേക്ക്‌ വരുന്ന ലോട്ടെയെ റിക്ടര്‍ കണ്ടത്‌. ഒരു ഓയില്‍സ്കിന്‍ കോട്ടൂം ക്യാപ്പും ധരിച്ചിരുന്ന അവളുടെ ഇരുകൈകളിലും ഓരോ ബക്കറ്റുകള്‍ ഉണ്ടായിരുന്നു. പെട്ടെന്നാണ്‌ കപ്പലിനടുത്തായി ഒരു കൂറ്റന്‍ തിര ഉയരുന്നത്‌ അദ്ദേഹം കണ്ടത്‌.

അവള്‍ക്കൊരു മുന്നറിയിപ്പായി അദ്ദേഹം പെട്ടെന്ന് ഉറക്കെ അലറി വിളിച്ചു. എന്നിട്ട്‌ തൊട്ടടുത്ത കയറിന്മേല്‍ ചാടിപ്പിടിച്ച്‌ അതിവേഗം താഴെയെത്തി. ആ തിര കപ്പലിന്റെ പിന്‍ഭാഗത്ത്‌ വന്നടിച്ചതും വലിയ ഒരു ശബ്ദം കേട്ടു. നുരയും പതയുമായി കുത്തിയൊലിച്ച്‌ പോകുന്ന വെള്ളത്തിനൊപ്പം ഡെക്കിലൂടെ ഉരുണ്ടുപോകുന്ന ലോട്ടെ അദ്ദേഹത്തിന്റെ കണ്ണില്‍പ്പെട്ടു. അദ്ദേഹം മുന്നോട്ട്‌ കുതിച്ചു.

അടുത്ത തിരമാലയുടെ മുകളിലേക്ക്‌ കുതിച്ചപ്പോള്‍ ഡോയ്‌ഷ്‌ലാന്റിന്റെ മുന്‍ഭാഗം ആകാശത്തേക്ക്‌ ഉയര്‍ന്നതുപോലെ തോന്നി. വീണുകിടന്നിരുന്ന ലോട്ടെയെ റിക്ടര്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു. അവള്‍ അപ്പോഴും ആ ബക്കറ്റുകള്‍ മുറുകെ പിടിച്ചിരുന്നു. പക്ഷേ, ഒരു വ്യത്യാസം മാത്രം. അവ രണ്ടും കാലിയായിരുന്നു. രക്ഷപെട്ടതിന്റെ സന്തോഷത്തില്‍ ചിരിക്കുകയായിരുന്നു അവള്‍.

"ലിറ്റില്‍ ഫൂള്‍..." അദ്ദേഹം അലറി. "എത്ര വട്ടം ഞാന്‍ പറഞ്ഞിട്ടുണ്ട്‌ നിന്നോട്‌...?"

"ഒരിക്കലും നനയരുതെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ...?" അവള്‍ക്ക്‌ അപ്പോഴും കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിരുന്നില്ല.

അദ്ദേഹം അവളുടെ കൈകളില്‍ പിടിച്ച്‌ അടുക്കളയിലേക്ക്‌ നടക്കുവാന്‍ സഹായിച്ചു. കതക്‌ തുറന്നപ്പോള്‍ മുറികളില്‍ മുട്ടിനൊപ്പം വെള്ളം നിറഞ്ഞ്‌ കിടക്കുന്നതാണ്‌ കണ്ടത്‌. പാത്രങ്ങളും കലങ്ങളും വെള്ളത്തില്‍ ഒഴുകി നടക്കുന്നു. സിസ്റ്റര്‍ ആഞ്ചല അവയ്ക്ക്‌ പിറകെ ബദ്ധപ്പെട്ട്‌ നീങ്ങുന്നു.

ക്ഷമയുടെ അക്ഷയപാത്രമായ അവരുടെ മുഖം ഇരുളുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. സംഗതി കൈകാര്യം ചെയ്യാന്‍ ലോട്ടെയെ അവിടെയാക്കി റിക്ടര്‍ വേഗം തിരിച്ച്‌ നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *


തല തുവര്‍ത്തിയ ശേഷം ബെര്‍ഗര്‍ തന്റെ മേശയ്ക്കരികില്‍ വന്ന് ഇരുന്നു. പിന്നെ ഒരു ചുരുട്ടെടുത്ത്‌ തീ കൊളുത്തി. അവശേഷിച്ചിരിക്കുന്ന ഏക പാക്കറ്റാണത്‌. ഒരു ഡസന്‍ മാത്രമേ ഇനി അതില്‍ ബാക്കിയുള്ളൂ. ഒരു പ്രത്യേക ആനന്ദത്തോടെ അദ്ദേഹം സിഗരറ്റ്‌ ആഞ്ഞ്‌ വലിച്ചു. എന്നിട്ട്‌ തന്റെ പേഴ്‌സണല്‍ ഡയറി തുറന്ന് എഴുതുവാന്‍ തുടങ്ങി.

......... അയര്‍ലണ്ടിലെ ഗാല്‍വേ ഉള്‍ക്കടലില്‍ നിന്ന് ഏകദേശം നൂറ്‌ മൈല്‍ പടിഞ്ഞാറായിട്ടാണ്‌ ഇപ്പോള്‍ ഞങ്ങളുടെ സ്ഥാനം എന്ന് ഊഹിക്കുന്നു. കാലാവസ്ഥ എത്ര തന്നെ മോശമായാലും സകല പായകളും നിവര്‍ത്തിയിരിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നതിനാല്‍ സാമാന്യം വേഗതയില്‍ തന്നെയാണ്‌ ഞങ്ങളുടെ യാത്ര. വളരെയധികം വെള്ളം അടിത്തട്ടില്‍ കെട്ടിക്കിടക്കുന്നുവെന്നതാണ്‌ എന്നെ അലട്ടുന്ന പ്രശ്നം. യാത്രക്കാര്‍ക്കും നാവികര്‍ക്കും അത്‌ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്‌. തിരമാലകളുടെ ശക്തിയായ ആക്രമണത്തില്‍ ജാലകത്തിന്റെ ചില്ലുകള്‍ തകര്‍ന്ന് വെള്ളം അടിച്ചുകയറി. സകല സാധനങ്ങളും നനഞ്ഞ്‌ കുതിര്‍ന്നു പോയി. കാലാവസ്ഥ മോശമാകുന്ന സമയങ്ങളില്‍ നമ്മുടെ കന്യാസ്ത്രീകള്‍ സ്ഥിരമായി പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കും. തങ്ങളെ സ്വര്‍ഗത്തിലേക്ക്‌ നയിക്കേണമേ അല്ലെങ്കില്‍ ഈ സ്ഥിതിയില്‍ നിന്ന് രക്ഷിക്കേണമേ എന്നോ മറ്റോ ആയിരിക്കും. എന്തോ... എനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല ഇതുവരെ....

കതകില്‍ മുട്ടി ശബ്ദമുണ്ടാക്കിയിട്ട്‌ റിക്ടര്‍ അകത്തേക്ക്‌ കടന്നു. ബെര്‍ഗര്‍ പേന താഴെ വച്ചു. "പരിശോധിച്ചിട്ട്‌ എങ്ങനെയുണ്ട്‌ ഹെല്‍മട്ട്‌...?"

"ആകെ ദുര്‍ഗന്ധമാണ്‌ ക്യാപ്റ്റന്‍... ഞാന്‍ ഉള്ളിലേക്ക്‌ കടക്കുന്നതിന്‌ മുമ്പ്‌ രണ്ട്‌ മണിക്കൂറോളം തുടര്‍ച്ചയായി പമ്പ്‌ പ്രവര്‍ത്തിപ്പിച്ചിരുന്നു. എന്നിട്ടും ഒരടി വെള്ളം കെട്ടിനില്‍ക്കുന്നുണ്ടായിരുന്നു അടിത്തട്ടില്‍. എന്നാല്‍ ഇപ്പോഴത്തെ കാലാവസ്ഥയും നാം കപ്പലില്‍ വഹിക്കുന്ന വെള്ളത്തിന്റെ അളവും താരതമ്യം ചെയ്ത്‌ നോക്കുമ്പോള്‍ അത്ര കുഴപ്പമില്ല എന്ന് പറയാം..."

"നല്ലത്‌... വളരെ നല്ലത്‌..." ബെര്‍ഗര്‍ പറഞ്ഞു. "ഇനിയങ്ങോട്ട്‌ കാലാവസ്ഥ മോശമായിരിക്കാനാണ്‌ സാദ്ധ്യത എന്ന് തോന്നുന്നു. എങ്കിലും വെള്ളം വാട്ടര്‍ ലൈനിന്‌ താഴെത്തന്നെ ആണെന്നുള്ളത്‌ ആശ്വാസം നല്‍കുന്നു..."

റിക്ടര്‍ പുറത്തു കടന്നയുടന്‍ പേനയെടുത്ത്‌ അദ്ദേഹം വീണ്ടും ഡയറി എഴുതുവാന്‍ തുടങ്ങി.


* * * * * * * * * * * * * * * * * * * * * * * * * * *


ഫാഡാ ദ്വീപിന്‌ നേര്‍ക്ക്‌ കുതിച്ചുകൊണ്ടിരിക്കുകയണ്‌ കാട്രീന. രാവിലെ എട്ടര കഴിഞ്ഞിരിക്കുന്നു. ചാര്‍ട്ട്‌ ടേബിളിനരികില്‍ ഇട്ടിരിക്കുന്ന റിവോള്‍വിംഗ്‌ ചെയറില്‍ കൈകള്‍ പിന്നില്‍ കൂട്ടിക്കെട്ടിയ നിലയില്‍ ഇരിക്കുകയാണ്‌ പോള്‍ ഗെറിക്ക്‌. മഴയുടെ അര്‍ദ്ധസുതാര്യമായ ആവരണത്തിലൂടെ അങ്ങ്‌ ദൂരെ ഹരിതാഭയര്‍ന്ന ദ്വീപ്‌ കാണാറായി.കോര്‍മറണ്ട്‌, റേസര്‍ബില്‍സ്‌, ഗള്‍ തുടങ്ങിയ കടല്‍പക്ഷികള്‍ മേഘശകലങ്ങള്‍ക്കരികിലൂടെ പറക്കുന്നു.

"അപ്പോള്‍ അതാണ്‌ ഫാഡാ അല്ലേ...?" ഗെറിക്ക്‌ ചോദിച്ചു.

സ്റ്റിയറിങ്ങിനരികില്‍ നിന്നിരുന്ന മര്‍ഡോക്ക്‌ തലകുലുക്കി. "ഗെയ്‌ലിക്ക്‌ ഭാഷയിലെ ഫ്യുദെയ്‌ദ്‌ എന്ന പദത്തില്‍ നിന്നാണ്‌ ഫാഡാ എന്ന പേര്‍ ഉണ്ടായതെന്നാണ്‌ പറയപ്പെടുന്നത്‌. മറ്റ്‌ ദ്വീപുകളില്‍ നിന്ന് ഒറ്റപ്പെട്ട്‌ കിടക്കുന്ന ദ്വീപ്‌ എന്നാണ്‌ ആ പദത്തിന്റെ അര്‍ത്ഥം..."

"ഇന്ററസ്റ്റിംഗ്‌..." ഗെറിക്ക്‌ നെടുവീര്‍പ്പിട്ടു. "ഞാന്‍ ദ്വീപുകളെ ഇഷ്ടപ്പെടുന്നു. ഒരു പ്രത്യേക ആകര്‍ഷകത്വം ഉണ്ട്‌ അവയ്ക്ക്‌. 1941 ഏപ്രില്‍ മാസത്തിലാണ്‌... യൂജീന്‍ കടലില്‍ പട്രോള്‍ ഡ്യൂട്ടിയിലിരിക്കെയാണ്‌ എനിക്ക്‌ കടുത്ത പനി ബാധിച്ചത്‌. കോര്‍ഫു എന്നൊരു ദ്വീപില്‍ കിടന്നാണ്‌ അന്ന് ഞാന്‍ സുഖം പ്രാപിച്ചത്‌. എന്ത്‌ മനോഹരമായ സ്ഥലമായിരുന്നു അത്‌! ഏപ്രില്‍ മാസമായിരുന്നുവെന്ന് പറഞ്ഞല്ലോ... ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ഭംഗിയുള്ള പുഷ്പങ്ങള്‍ അവിടെയായിരുന്നു. അവിടുത്തെ തുമ്പികളും ശലഭങ്ങളും...."

"അത്‌ എന്തൊക്കെയായിരുന്നാലും ഫാഡാ അങ്ങനെയൊന്നുമല്ല ഡാര്‍ലിംഗ്‌..." ഒരു കപ്പ്‌ ചായ കൊണ്ടുവന്ന് മേശമേല്‍ വച്ചിട്ട്‌ ജാനറ്റ്‌ പറഞ്ഞു.

പിന്നെ അവള്‍ മര്‍ഡോക്കിന്‌ നേര്‍ക്ക്‌ തിരിഞ്ഞു. "ഇനി വേണമെങ്കില്‍ താഴേക്ക്‌ പൊയ്ക്കോളൂ മര്‍ഡോക്ക്‌... ബോട്ട്‌ ഓട്ടോമാറ്റിക്‌ സിസ്റ്റത്തിലാക്കാന്‍ മറക്കേണ്ട. ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാന്‍ ഇനി ഞാന്‍ മതി. അതോടൊപ്പം ജര്‍മ്മന്‍ നേവിയുടെ അഭിമാനഭാജനമായ ഇദ്ദേഹത്തിന്‌ കുറച്ച്‌ ഭക്ഷണവും നല്‍കട്ടെ ഞാന്‍..."

മര്‍ഡോക്ക്‌ സംശയഭാവത്തില്‍ അവളെ ഒന്ന് നോക്കി. പിന്നെ സ്റ്റിയറിംഗ്‌ ലോക്ക്‌ ചെയ്തു. "പത്ത്‌ മിനിറ്റ്‌ കഴിഞ്ഞ്‌ ഞാന്‍ വരാം..." അദ്ദേഹം താഴേക്ക്‌ പോയി.

"എന്നോട്‌ സംസാരിച്ചുകൊണ്ടിരിക്കുവാന്‍ നീ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹത്തിന്‌ മനസ്സിലായിരിക്കുന്നു... ഹൗ റൊമാന്റിക്ക്‌ ഇറ്റ്‌ ഈസ്‌..." ഗെറിക്ക്‌ ആഹ്ലാദത്തോടെ പറഞ്ഞു.

"ങ്‌ഹും... അതങ്ങ്‌ സ്വയം വിചാരിച്ചാല്‍ മതി... ചൂടുള്ള എന്തെങ്കിലും കഴിച്ച്‌ ഒരു പത്ത്‌ മിനിറ്റ്‌ വിശ്രമിക്കാന്‍ അദ്ദേഹത്തിന്‌ അവസരം കൊടുത്തതാണ്‌ ഞാന്‍... അദ്ദേഹത്തിന്‌ നന്നേ വയസ്സായി എന്ന കാര്യം മറന്നോ നിങ്ങള്‍...?"

"ഓ, നിന്നിലുള്ള ഡോക്ടര്‍ പുറത്ത്‌ വരുന്നു... എപ്പോഴും ഇങ്ങനെയാണോ നീ...?"

"ഫാഡായില്‍ ചെന്നാല്‍ ഇങ്ങനെയാവില്ല ഞാന്‍... അവിടെയുള്ളവര്‍ക്കെല്ലാം നല്ല ആരോഗ്യമാണ്‌..."

ഓട്ടാമാറ്റിക്ക്‌ പൈലറ്റ്‌ അണ്‍ലോക്ക്‌ ചെയ്ത്‌ ബോട്ടിന്റെ നിയന്ത്രണം അവള്‍ സ്വയം ഏറ്റെടുത്തു.

"നീ ആ സ്ഥലം വല്ലാതെ ഇഷ്ടപ്പെടുന്നുവല്ലേ...?" അദ്ദേഹം ചോദിച്ചു.

"എന്തോ.. എനിക്ക്‌ തന്നെ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു ആകര്‍ഷകത്വം ഉണ്ട്‌ ഫാഡാ ദ്വീപിന്‌. പുറം ലോകവുമായി ചിലപ്പോള്‍ യാതൊരു ബന്ധവും ഉണ്ടാകില്ല ദിവസങ്ങളോളം... ഏപ്രിലിന്റെ ആരംഭത്തില്‍ മിക്കവാറും 4 - 7 എന്ന നിലയില്‍ കാറ്റുണ്ടാവാറുണ്ട്‌. സെപ്റ്റംബര്‍ മുതല്‍ എന്തും തന്നെ സംഭവിക്കാം... അവര്‍ ഒരു കഥ പറയാറുണ്ട്‌... സ്റ്റെര്‍ലിംഗ്‌ ജയിലില്‍ ആറാഴ്ചത്തെ ശിക്ഷയ്ക്ക്‌ ഒരു കുറ്റവാളിയെ കൊണ്ടുപോകാനായി വന്‍കരയില്‍ നിന്ന് എത്തിയ ഒരു കോണ്‍സ്റ്റബിളിന്റെ കഥ..."

"ങ്‌ഹും...? എന്ത്‌ പറ്റി...?"

"കാലാവസ്ഥ മോശമായതിനാല്‍ ദ്വീപില്‍ നിന്ന് ബോട്ടിറക്കാന്‍ കഴിഞ്ഞില്ല. അവസാനം പോകാന്‍ സാധിച്ചപ്പോഴേക്കും ശിക്ഷയുടെ കാലാവധി അവസാനിച്ചിരുന്നു..."

"അതിന്റെയര്‍ത്ഥം എനിക്കീ ദ്വീപില്‍ കുറച്ചുകാലം താമസിക്കേണ്ടി വരുമെന്ന്...?"

"പടിഞ്ഞാറന്‍ തീരത്ത്‌ യാത്ര ചെയ്യുന്നതിലുള്ള ഏറ്റവും വലിയ അപകടത്തെക്കുറിച്ചും അവര്‍ പറയാറുണ്ട്‌... വാഷിങ്ങ്‌ടണ്‍ റീഫ്‌ എന്നൊരു പാറക്കെട്ട്‌... അതില്‍ ഇടിച്ച്‌ പല നൗകകളും തകര്‍ന്നിട്ടുണ്ട്‌. അതുകൊണ്ടാണ്‌ 1882 ല്‍ ആദ്യത്തെ ലൈഫ്‌ബോട്ട്‌ സ്റ്റേഷന്‍ ഇവിടെത്തന്നെ സ്ഥാപിച്ചത്‌... മര്‍ഡോക്ക്‌ ആണ്‌ അതിന്റെ പ്രധാന നാവികന്‍..."

"അത്തരം ജോലിക്ക്‌ അദ്ദേഹത്തിന്റെ പ്രായം കുറച്ചധികമല്ലേ...?"

"1938ല്‍ ആ ജോലി അദ്ദേഹം തന്റെ മകനെ ഏല്‍പ്പിച്ച്‌ കൊടുത്തിരുന്നതാണ്‌... എന്നാല്‍ അവന്‍ നേവിയില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം വീണ്ടും തന്റെ ജോലിയിലേക്ക്‌ തിരിച്ചുവന്നു. ക്യാരി അങ്കിള്‍ പറയുന്നത്‌ മര്‍ഡോക്ക്‌ ഒരു ജീനിയസ്‌ ആണെന്നാണ്‌. ലൈഫ്‌ബോട്ട്‌ ഇന്‍സ്റ്റിട്യൂഷന്റെ ചരിത്രം കണ്ടതില്‍ വച്ച്‌ ഏറ്റവും വിദഗ്ദ്ധനായ സ്രാങ്ക്‌..."

"അത്‌ ശരി... ആട്ടെ, ഇവിടുത്തെ ജനങ്ങള്‍ ഉപജീവനം നടത്തുന്നത്‌ എങ്ങനെയാണ്‌..?"

"അല്‍പ്പം കൃഷി, പിന്നെ ആട്‌, കന്നുകാലി... മത്സ്യബന്ധനം... അങ്ങനെ പോകുന്നു... വളരെ കുറവാണിവിടുത്തെ ജനസംഖ്യ... സ്ത്രീകളും കുട്ടികളും വൃദ്ധന്മാരും മാത്രമുള്ള ഒരു സ്ഥലം. യുവാക്കളെല്ലാം പുറത്താണ്‌... ചരക്ക്‌ കപ്പലുകളിലും മറ്റുമായി..."

ദ്വീപിനോട്‌ കുറച്ചുകൂടി അടുത്തപ്പോള്‍ ഫാഡായില്‍ നിന്നുള്ള നാല്‌ ചെറിയ ഫിഷിംഗ്‌ ബോട്ടുകള്‍ കടലിലേക്ക്‌ വരുന്നത്‌ കണ്ടു. ജാനറ്റ്‌ കൈ ഉയര്‍ത്തി അവര്‍ക്ക്‌ നേരെ വീശി.

"ഒക്കെ വയസ്സന്മാരാണല്ലോ..." ഗെറിക്ക്‌ പറഞ്ഞു.

"പിന്നെ കുട്ടികളും..." അവള്‍ കൂട്ടിച്ചേര്‍ത്തു. "ഈ നശിച്ച യുദ്ധം ഇനിയും നീണ്ട്‌ നില്‍ക്കുകയാണെങ്കില്‍ അവരും കൂടി ഇല്ലാതാകും..."

അവര്‍ ഹാര്‍ബറിലേക്ക്‌ പ്രവേശിച്ചു. ഒരു പഴയ റീഫര്‍ കോട്ടും സീ ബൂട്ടുകളും ധരിച്ച ഉയരം കുറഞ്ഞ ഒരു മനുഷ്യന്‍ മുകളിലെ ജട്ടിയില്‍ നില്‍ക്കുന്നത്‌ ഗെറിക്ക്‌ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ഒരു കണ്ണ്‌ ഐ പാച്ച്‌ കൊണ്ട്‌ മൂടപ്പെട്ടിരുന്നു.

ജാനറ്റ്‌ ഗെറിക്കിന്റെ തോളില്‍ മൃദുവായി സ്പര്‍ശിച്ചു. "വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം... അതാ, ആ നില്‍ക്കുന്നതാണ്‌ എന്റെ അമ്മാവന്‍ റിയര്‍ അഡ്‌മിറല്‍ ക്യാരി റീവ്‌, യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ നേവി... പൂര്‍ണ്ണമായും വിരമിച്ചിട്ടില്ല..."

* * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

23 comments:

 1. ഗെറിക്കിനോടൊപ്പം യാത്ര തുടരുന്നതിനിടയില്‍ നാം ഡോയ്‌ഷ്‌ലാന്റിനെ മറക്കരുതല്ലോ... അതുകൊണ്ട്‌ ഈ ലക്കത്തില്‍ അവരുടെ വിശേഷങ്ങളും കുറച്ചുണ്ട്‌...

  അപ്പോള്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ വന്നോട്ടെ...

  ReplyDelete
 2. ഞാനെത്തി!
  തുടരട്ടേ....

  ReplyDelete
 3. വിചാരിക്കുന്നത് പോലെ അത്ര രസമുള്ളതല്ല ഈ കപ്പല്‍ ജീവിതം എന്നു കപ്പലും,തിരമാലകളും തമ്മിലുള്ള പോരാട്ടം കണ്ടപ്പോള്‍ മനസ്സിലായി.ദ്വീപിലെ വിശേഷങ്ങള്‍ക്കായി ഞാനും കാത്തിരിക്കുന്നു.:)

  ReplyDelete
 4. വായന തുടരുന്നുണ്ടേ...കേട്ടൊ ഭായി

  ReplyDelete
 5. നന്ദി വിനുവണ്ണാ… സത്യത്തില് ഡോയ്ഷ്ലാന്റിലെ കാര്യങ്ങളൊന്നും അറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു, പ്രത്യേകിച്ച് റിക്ടര്-ലോട്ട പ്രണയത്തെക്കുറിച്ച്… :)

  ReplyDelete
 6. ഞാനുമെത്തി, വിനുവേട്ടാ...

  കഥ പുരോഗമിയ്ക്കട്ടെ!

  ReplyDelete
 7. പഴയ കപ്പലിലുള്ള യാത്ര ഏറേ ക്ലേശകരം അല്ലേ?!!...
  'ലോട്ട'യെ വീണ്ടും കണ്ടുമുട്ടിയതില്‍ സന്തോഷം.
  യാത്ര തുടരട്ടെ..
  ആശംസകളോടെ..

  ReplyDelete
 8. കഷ്ടപ്പെട്ട് സംഘടിപ്പിച്ചു കൊണ്ടു വന്ന ജാനറ്റ് ഫാന്‍സ് അസോസിയേഷന്‍ ഏറക്കാടനെ ഏല്പ്പിച്ചതില്‍ പ്രതിഷേധിക്കുന്നു...
  എന്നാലും ...

  ReplyDelete
 9. വിനുവേട്ടാ, പലപ്പോഴും ലിങ്ക് വിട്ടുപോവുന്നു.. അത് കൊണ്ടാണ് കമന്റുകൾ ഒഴിവാക്കി പോകുന്നത്. ലിങ്ക് വിട്ടുപോകുന്നു എന്നതിനർത്ഥം ഞാൻ വായിക്കാതെ പല പോസ്റ്റും വിട്ട് പോകുന്നു. ആദ്യം മുതൽ ഒന്നിച്ചൊന്ന് നോക്കണം.. സമയമാണിപ്പോൾ യഥാർത്ഥ വില്ലൻ.. ഞാൻ ശ്രമിക്കട്ടെ... ഇത് മുഴുവൻ നോക്കാൻ.. അതിനു ശേഷം നീട്ടിയൊരു മെയിൽ തരാമെന്ന് കരുതുന്നു.. അല്ലെങ്കിൽ കമന്റ്..

  ReplyDelete
 10. ഈ ആഴ്ച വായിക്കാന്‍ അല്‍പ്പം വൈകിപ്പോയി. രണ്ട്‌ ലക്കങ്ങളും കൂടി ഒരുമിച്ച്‌ വായിക്കാമെന്ന് വിചാരിച്ച്‌ വന്നതാണ്‌. സ്റ്റോം വാണിങ്ങ്‌-48 കണ്ടില്ലല്ലോ വിനുവേട്ടാ?

  ReplyDelete
 11. ജയന്‍, എറക്കാടന്‍ ... നന്ദിട്ടോ...

  റെയര്‍ റോസ്‌... ബിലാത്തി, ശ്രീ... കഥയോടൊപ്പം മറക്കാതെ വരിക...

  ജിമ്മി, ജോയ്‌, എഴുത്തുകാരി... സന്തോഷം...

  ചാര്‍ളി... അയ്യോ, അത്‌ പിന്നെ എറക്കാടന്‍ ഫ്ലക്സ്‌ അടിച്ച്‌ കൊണ്ടു വന്നപ്പോള്‍ വലിച്ച്‌ കെട്ടാന്‍ ഏര്‍പ്പാടാക്കിയതല്ലേ... ജാനറ്റ്‌ ഫാന്‍സിന്റെ എല്ലാം എല്ലാം ചാര്‍ളി തന്നെ...

  മനോരാജ്‌... എല്ലാ ലക്കവും സന്ദര്‍ശിക്കുവാന്‍ ശ്രമിക്കുക...

  ലേഖ... അല്‍പ്പം ജോലിത്തിരക്കിലാണ്‌...

  അടുത്ത ലക്കം രണ്ട്‌ ദിവസത്തിനുള്ളില്‍ പോസ്റ്റ്‌ ചെയ്യുന്നതാണ്‌... ജോലിത്തിരക്കിനിടയില്‍ ഇതുവരെ എഴുതുവാന്‍ സാധിച്ചിട്ടില്ല... മനോരാജ്‌ പറഞ്ഞത്‌ പോലെ സമയമാണ്‌ വില്ലന്‍...

  ReplyDelete
 12. ഫാന്സ്കാരുടെ ക്ഷമ പരീക്ഷിക്കാതെ അടുത്ത ലക്കം വേഗം അയക്കൂ, വിനുവേട്ടാ..

  ReplyDelete
 13. 1.

  വാസന്ത പൗര്‍ണ്ണമി നാളില്‍
  വരുമെന്നൊരു കിനാവു കണ്ടു
  പടിവാതിലില്‍ കണ്ണും നട്ടു
  കാത്തിരുന്നു ഞാന്‍..

  2.
  എന്തേ നീ കണ്ണാ..
  എന്തേ നീ വന്നില്ല..

  3.
  താമസമെന്തേ വരുവാന്‍

  4.
  എന്നോടെന്തിനീ പിണക്കം
  ഇന്നെന്തിനാണെന്നോടു പരിഭവം.
  ഒരു പാടു നാളായ് കാത്തിരിപ്പൂ
  നീ ഒരു നോക്കു കാണുവാന്‍ വന്നില്ല.

  ReplyDelete
 14. ജിമ്മി... ഫാന്‍സ്‌ ഉരുളന്‍ കല്ലുമെടുത്ത്‌ വരുന്നതിന്‌ മുമ്പ്‌ പോസ്റ്റ്‌ ചെയ്യാന്‍ നോക്കാം... ജാനറ്റ്‌ ഫാന്‍സ്‌ സെക്രട്ടറിയുടെ ക്ഷമയുടെ നെല്ലിപ്പലക തകര്‍ന്നത്‌ കണ്ടില്ലേ...?

  ചാര്‍ളി... ഇക്കണക്കിന്‌ ഇന്ന് മുഴുവന്‍ പാട്ട്‌ പാടേണ്ടി വരുമല്ലോ...

  ReplyDelete
 15. ഹേയ് ചുമ്മാ...ഈ വിനുവേട്ടന്റെ ഒരു കാര്യം.
  പണിത്തിരക്കാണെന്നു മനസ്സിലായി..
  സമയമുള്ളപ്പോള്‍ പോസ്റ്റിട്ടാല്‍ മതീട്ടോ.
  അതു വരെ പാട്ടും പാടി ഇരുന്നോളാം.
  പാട്ടു പാടി ഇരിക്കാന്‍ ആരേലും ഉണ്ടോ ഇവിടെ..
  കുറേ വിരഹഗാനങ്ങള്‍ പ്ലീസ്

  ReplyDelete
 16. ചാര്ളീസ്… പാട്ടുപാടാന് ഞാനുണ്ട് കൂടെ..

  ‘കരിമുകില് കാട്ടിലെ, രജനി തന് വീട്ടിലെ…’
  ‘മാനസ മൈനേ വരൂ… മധുരം നുള്ളി തരൂ..‘
  ‘എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ, എന്നാര്ദ്ര നയനങ്ങള് തുടച്ചില്ലല്ലോ..’

  ഇതൊന്നും പോരെന്കില് ചില ഇംഗ്ലീഷ് പാട്ടുകള് നോക്കാം..

  ‘show me the meaning of be in lonely..’
  ‘I want it that way…’
  ‘As long as you love me..’

  എല്ലാം ബാക്ക് സ്ട്രീറ്റ് ബോയ്സ് വക…

  ReplyDelete
 17. താങ്കു . താങ്കു...ജിമ്മി.

  ReplyDelete
 18. നാല്പത്തേഴാം അദ്ധ്യായം വായിച്ച് അടുത്ത ഇടവേള

  ReplyDelete
 19. വായിക്കുന്നു

  ReplyDelete
 20. ഈ മണ്ടൻ!!!പിന്നേം ബന്ധനത്തിൽ .കഴുതക്കുട്ടി.

  ReplyDelete
  Replies
  1. ഗെറിക്കിനെ മണ്ടൻ എന്നോ?

   Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...