പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, January 1, 2010

സ്റ്റോം വാണിംഗ്‌ - 27

തുടര്‍ച്ചയായി അടിച്ചുകൊണ്ടിരുന്ന കാറ്റിന്റെ ശക്തി വൈകുന്നേരമായപ്പോഴേക്കും അല്‍പ്പം കുറഞ്ഞിരുന്നു. റിക്ടര്‍, സ്റ്റേം, ക്ലൂത്ത്‌ എന്നിവര്‍ ഇപ്പോള്‍ പാമരത്തിന്‌ മുകളിലാണ്‌. ശക്തിയായ കാറ്റില്‍ കീറിപ്പോയിരുന്ന പായ അവര്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. ഇനി അത്‌ പാമരത്തിനോട്‌ ബന്ധിപ്പിക്കണം. തെക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍ നിന്ന് ചരിഞ്ഞ്‌ പെയ്തുകൊണ്ടിരിക്കുന്ന മഴ അവരുടെ മേല്‍ വെടിയുണ്ടകള്‍ കണക്കെ തറച്ചുകൊണ്ടിരുന്നു. അസഹനീയമായ തണുപ്പില്‍ റിക്ടറുടെ വിരലിലെ മുറിവില്‍ നിന്ന് രക്തം ഒഴുകുവാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം സ്വയം ശപിച്ചു.


ബെര്‍ഗര്‍ ഡെക്കില്‍ നിന്നുകൊണ്ട്‌ മുകളിലേക്ക്‌ കണ്ണോടിച്ചു. ഒരു ഓയില്‍സ്കിന്‍ കോട്ട്‌ ധരിച്ച്‌ ഓട്ടോ പ്രേയ്‌ഗറും അദ്ദേഹത്തിന്‌ സമീപം ഉണ്ടായിരുന്നു.

"അത്‌ കാണുമ്പോള്‍ തന്നെ എനിക്ക്‌ ഭയമാകുന്നു. ഈ കപ്പലില്‍ ഉലകം ചുറ്റാന്‍ നമ്മള്‍ ഇറങ്ങിയിരുന്നില്ലെങ്കില്‍ ഇങ്ങനെയൊരു കാഴ്ച കാണുവാനേ സാധിക്കില്ലായിരുന്നു..." പ്രേയ്‌ഗര്‍ പറഞ്ഞു.

"അവരാണ്‌ ആണ്‍കുട്ടികള്‍..." സ്റ്റേമും കൂട്ടരും താഴോട്ടിറങ്ങവേ ബെര്‍ഗര്‍ പറഞ്ഞു.

സ്റ്റേം പാമരത്തില്‍ നിന്ന് ഡെക്കിലേക്കിറങ്ങി. "എല്ലാം ശരിയാക്കി ക്യാപ്റ്റന്‍..." അത്‌ പറയുമ്പോഴും അവന്റെ മുഖം പീറ്റര്‍ നോറിന്റെ ഓര്‍മ്മയില്‍ വിഷാദഭരിതമായിരുന്നു.

"ദുര്‍ബലനാകാതിരിക്കൂ കുട്ടീ... നമുക്ക്‌ ഒന്നും തന്നെ ചെയ്യാന്‍ കഴിയുമായിരുന്നില്ല..." ബെര്‍ഗര്‍ അവനെ ആശ്വസിപ്പിച്ചു.

"അവനെ എനിക്ക്‌ പിടി കിട്ടിയതായിരുന്നു. പക്ഷേ അപ്പോഴേക്കും കൈയില്‍ നിന്ന് വിട്ടുപോയി..." സ്റ്റേമിന്റെ സ്വരം ഇടറി.

ബെര്‍ഗര്‍ അവന്റെ തോളില്‍ തട്ടി. "പോയി കുറച്ച്‌ കാപ്പി കുടിക്കൂ..."

സ്റ്റേം കയറേണിയിലൂടെ താഴോട്ടിറങ്ങി. ബെര്‍ഗര്‍ അഴികള്‍ക്കിടയിലൂടെ മുകളിലേക്ക്‌ നോക്കി. തന്റെ വിരലില്‍ നിന്ന് പ്രവഹിക്കുന്ന രക്തം തടയാനായി ഒരു ടവല്‍ കൊണ്ട്‌ മുറുക്കി കെട്ടുകയാണ്‌ റിക്ടര്‍.

"മുറിവ്‌ വലുതാണോ..?" അദ്ദേഹം വിളിച്ച്‌ ചോദിച്ചു.

"വിരലിന്റെ അറ്റത്താണ്‌... സാരമില്ല..."

"സിസ്റ്റര്‍ ആഞ്ചലയെ പോയി കാണൂ... അവര്‍ ഡ്രെസ്സ്‌ ചെയ്ത്‌ തരും..."

റിക്ടര്‍ താഴേക്കിറങ്ങി. മേശയ്ക്ക്‌ സമീപം ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്ന ലോട്ടെയല്ലാതെ സലൂണില്‍ ആരുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കാലടി ശബ്ദം കേട്ട്‌ അവള്‍ തലയുയര്‍ത്തി.

"ഹേര്‍ റിക്ടര്‍..." അവള്‍ പുഞ്ചിരിച്ചു.

"ഫ്രോലീന്‍...." തനിയ്ക്ക്‌ ഇനി ഒരിക്കലും അവളെ സിസ്റ്റര്‍ എന്ന് വിളിക്കാന്‍ കഴിയില്ല എന്ന സത്യം അദ്ദേഹം തിരിച്ചറിഞ്ഞു.

"നിന്നോട്‌ ബങ്കില്‍ പോയി കിടക്കാന്‍ പറഞ്ഞിട്ട്‌...?"

അവള്‍ അദ്ദേഹത്തിനടുത്തേക്ക്‌ ഓടിയെത്തി കൈയിലെ ടവലിന്റെ കെട്ട്‌ അഴിക്കുവാന്‍ തുടങ്ങി. "ഇതെങ്ങനെ സംഭവിച്ചു ഹെല്‍മട്ട്‌...?"

"ഓ, ഇതത്ര സാരമൊന്നുമില്ല. വിരലിന്റെ അറ്റം ഒന്ന് പൊളിഞ്ഞു. കാറ്റുപായ തുന്നിക്കൊണ്ടിരുന്നപ്പോള്‍ പറ്റിയതാണ്‌. സാധാരണ ഇങ്ങനെ സംഭവിക്കാറുണ്ട്‌..."

പക്ഷേ അദ്ദേഹത്തിന്റെ വിരല്‍ നന്നായി മുറിഞ്ഞിരുന്നു. നടുവിരലിലെ മുറിവിനുള്ളില്‍ എല്ലിന്റെ വെളുത്ത നിറം അവള്‍ കണ്ടു. "ഞാന്‍ മരുന്ന് വച്ച്‌ തരാം..." അവള്‍ പറഞ്ഞു.

"അത്‌ ഞാന്‍ നോക്കിക്കോളാം..." സിസ്റ്റര്‍ ആഞ്ചലയുടെ ശബ്ദമായിരുന്നു അത്‌. "നീ പോയി ഞാന്‍ ഏല്‍പ്പിച്ച ജോലികള്‍ ചെയ്യൂ... നിന്റെ മുറിയില്‍ ചെന്നിട്ട്‌..."

ലോട്ടെയുടെ മുഖം വിളറി. പുസ്തകവുമെടുത്ത്‌ അവള്‍ തന്റെ മുറിയിലേക്ക്‌ നടന്നു. പുറത്ത്‌ ചീറിയടിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രമായി അവിടെ. റിക്ടറും സിസ്റ്റര്‍ ആഞ്ചലയും മുഖത്തോട്‌ മുഖം നോക്കി നിന്നു.

"ഞാനെന്റെ മെഡിക്കല്‍ ബോക്സ്‌ എടുത്തുകൊണ്ട്‌ വരാം..."

അദ്ദേഹം മേശയുടെ ഒരു അരികില്‍ ഇരുന്ന് ഒരു സിഗരറ്റിന്‌ തീ കൊളുത്തി. "ഇതില്‍ വിരോധമില്ലല്ലോ...?"

"പുക വലിക്കുന്നതിനോ...? തീര്‍ച്ചയായും ഇല്ല ഹേര്‍ റിക്ടര്‍ ... എന്റെ പിതാവ്‌ പലപ്പോഴും പറയുമായിരുന്നു ഒരു പുരുഷനായാല്‍ എന്തെങ്കിലും ഒരു ദുസ്വഭാവം വേണമെന്ന്. അങ്ങനെ വിചാരിച്ചോളാം ഞാന്‍..."

അവര്‍ അദ്ദേത്തിന്റെ മുറിവ്‌ സൂക്ഷ്മമായി പരിശോധിച്ചു. "ഇതിന്‌ രണ്ട്‌ സ്റ്റിച്ച്‌ ഇടേണ്ടി വരും. വേറെ എങ്ങോട്ടെങ്കിലും നോക്കി ഇരുന്നോളൂ..."

ലോട്ടെയുടെ മുറിയുടെ വാതിലിന്‌ നേരെ നോക്കിയിരുന്ന് അദ്ദേഹം സിഗരറ്റ്‌ ആഞ്ഞ്‌ വലിച്ചു. സൂചി പച്ചമാംസത്തില്‍ കയറിയിറങ്ങുമ്പോള്‍ അദ്ദേഹം വേദന കൊണ്ട്‌ ഞരങ്ങി.

"ഹേര്‍ റിക്ടര്‍, നിങ്ങളുടെ സ്വദേശം എവിടെയാണ്‌?"

"വിയന്ന..."

അവര്‍ അത്ഭുതം കൂറി. "ഒരു വിയന്നീസ്‌ നാവികനോ...? കടല്‍ത്തീരം പോലുമില്ലാത്ത സ്ഥലത്ത്‌ നിന്ന് ഒരു നാവികനോ...? നിങ്ങളെന്താ നാട്‌ വിട്ട്‌ പോന്നതാണോ...?"

"അതേ... വാസ്തവത്തില്‍ അതാണുണ്ടായത്‌..." അദ്ദേഹം പറഞ്ഞു. "നിങ്ങള്‍ക്ക്‌ കേള്‍ക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പറയാം... എന്റെ പിതാവ്‌ ഒരു സര്‍ജന്‍ ആയിരുന്നു. എന്നെയും അതുപോലെ ഒരു ഡോക്ടറാക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം."

"പക്ഷേ, നിങ്ങളുടെ താല്‍പര്യം മറ്റൊന്നായിപ്പോയി... ആട്ടെ, നിങ്ങള്‍ വിവാഹിതനാണോ...?"

"അല്ല..."

വീണ്ടും സൂചി വിരല്‍ത്തുമ്പിലൂടെ കയറിയിറങ്ങി. "എന്തായാലും നിങ്ങള്‍ ഒരു വിവാഹം കഴിക്കണം... ആത്മാവിന്റെ നന്മയെ കരുതിയെങ്കിലും.... ആങ്ങ്‌... ഇതാ, സ്റ്റിച്ചിട്ടു കഴിഞ്ഞു..."

"അങ്ങനെയാണോ... ഞാന്‍ ധരിച്ച്‌ വച്ചിരുന്നത്‌ വിവാഹം ശരീരത്തിന്റെ നന്മക്ക്‌ വേണ്ടിയാണെന്നാണ്‌..." റിക്ടര്‍ പറഞ്ഞു.

സിസ്റ്റര്‍ ആഞ്ചല തന്റെ ശാന്ത സ്വഭാവം കൈവിടാതിരിക്കാന്‍ ശ്രമിച്ചു. ലോട്ടെയോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല, എന്നാല്‍ പിന്നെ ഇയാളെയെങ്കിലും ഉപദേശിച്ച്‌ നോക്കാമെന്ന് വിചാരിച്ചിട്ടായിരുന്നു അവര്‍ തുടക്കമിട്ടത്‌.

"അവളെ വെറുതെ വിട്ടേക്കൂ... ജീവിതത്തില്‍ ഇതിലും നല്ല കാര്യങ്ങള്‍ അവള്‍ക്ക്‌ ചെയ്ത്‌ തീര്‍ക്കാനുണ്ട്‌..." ശാന്തസ്വരത്തില്‍ തന്നെ അവര്‍ പറഞ്ഞു.

"എന്തുകൊണ്ട്‌...? നിങ്ങള്‍ സ്വയം തെരഞ്ഞെടുത്ത വഴി ഇതായത്‌ കൊണ്ടോ...?"

പെട്ടെന്ന് അവര്‍ ഒരു അടിയേറ്റത്‌ പോലെ തരിച്ചു നിന്നു. പിന്നീട്‌ മെഡിക്കല്‍ ബോക്സ്‌ എടുത്ത്‌ തന്റെ മുറിയിലേക്ക്‌ നടന്നു. അത്‌ വീക്ഷിച്ച്‌ റിക്ടര്‍ ഒരു നിമിഷം അവിടെത്തന്നെയിരുന്നു. പിന്നെ അദ്ദേഹം എഴുനേറ്റപ്പോള്‍ ലോട്ടെയുടെ മുറിയുടെ വാതില്‍ തുറക്കപ്പെട്ടു.

"എല്ലാം ശരിയായോ ഹേര്‍ റിക്ടര്‍...?" അവള്‍ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

"ഗംഭീരമായി... സത്യം പറഞ്ഞാല്‍ ഇത്രയും നന്നായി ഒരിക്കലും ഞാന്‍ സംസാരിച്ചിട്ടില്ല. പറഞ്ഞ്‌ കഴിഞ്ഞപ്പോള്‍ എന്തൊരാശ്വാസം ഫ്രോലീന്‍..."

അവള്‍ ഒന്ന് മന്ദഹസിച്ചിട്ട്‌ തന്റെ മുറിയിലേക്ക്‌ തിരിഞ്ഞ്‌ നടന്നു. റിക്ടര്‍ ഉന്മേഷത്തോടെ ഗോവണിയിലൂടെ മുകളിലേക്ക്‌ ഓടിക്കയറിപ്പോയി.


* * * * * * * * * * * * * * * * * * * * *

(തുടരും)

8 comments:

  1. ഈ ലോകത്തിലെ സകല ജീവജാലങ്ങള്‍ക്കും സമാധാനം നിറഞ്ഞ ഒരു സംവത്സരം നേരുന്നു.

    ReplyDelete
  2. തിരിച്ചും പുതുവത്സരാശംസകള്‍, വിനുവേട്ടാ...

    ഡോയ്‌ഷ്‌ലാന്റിന്റെ പ്രയാണത്തിനും ആശംസകള്‍!
    :)

    ReplyDelete
  3. ellaavarkkum new year aashamsakal..

    yaathra thudaraam..

    ReplyDelete
  4. വായിക്കുന്നുണ്ട്. അവരുടെ പ്രണയകഥ തുടരട്ടെ.

    ReplyDelete
  5. ആഹാ, ഹാപ്പി ന്യൂ ഇയര്‍

    ReplyDelete
  6. വായിക്കുന്നു ..

    ReplyDelete
  7. പ്രണയം അങ്ങ്‌ കയറി കൊഴുത്തല്ലോ!!!!

    ReplyDelete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...