പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Friday, January 22, 2010

സ്റ്റോം വാണിംഗ്‌ - 30

ക്ലോക്കില്‍ മണി ഏഴ്‌ പ്രാവശ്യം മുഴങ്ങി. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി എറിക്ക്‌ ബെര്‍ഗര്‍ തന്റെ ഡെസ്കിനരികില്‍ ഇരിക്കുകയാണ്‌. വലയങ്ങളായി ഉയര്‍ന്ന് പോകുന്ന പുകച്ചുരുളുകളെ അല്‍പ്പനേരം ശ്രദ്ധിച്ചതിന്‌ ശേഷം വീണ്ടും ഡയറി എഴുത്ത്‌ തുടര്‍ന്നു. പേനയും കടലാസും തമ്മിലുരസുമ്പോഴുള്ള ശബ്ദം ആ നിശബ്ദതയില്‍ അദ്ദേഹത്തിന്‌ അലോസരമുളവാക്കി.

".... ഏകാന്തമായ രാത്രിയില്‍ ഞാന്‍ ശ്രവിക്കുന്ന ഒരേയൊരു ശബ്ദം കപ്പലിലെ ഘടികാരത്തിന്റെ മണിനാദമാണ്‌. അതോ ഇനി ഏകാന്തത എന്റെ മനസ്സിലുണ്ടാക്കുന്ന ഒരു തോന്നലാണോ അത്‌...? ഒരു കപ്പലിന്റെ ക്യാപ്റ്റന്‍ ആയിരിക്കുക എന്നത്‌ നിസ്സാര കാര്യമല്ല എന്ന് ശരിയ്ക്കും മനസ്സിലാകുന്നു ഇപ്പോള്‍... പ്രത്യേകിച്ചും ഇങ്ങനെയുള്ള അവസ്ഥയില്‍..."

കതകില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ട്‌ അദ്ദേഹം തലയുയര്‍ത്തി. മഴയില്‍ നനഞ്ഞ്‌ കുതിര്‍ന്ന സ്റ്റേം ആയിരുന്നു അത്‌. അദ്ദേഹത്തിന്റെ ഓയില്‍സ്കിന്‍ കോട്ടില്‍ പറ്റിപ്പിടിച്ചിരുന്ന ജലകണങ്ങള്‍ എണ്ണവിളക്കിന്റെ പ്രകാശത്തില്‍ തിളങ്ങി.

"എന്താ മിസ്റ്റര്‍ സ്റ്റേം...?"

സ്റ്റേം സല്യൂട്ട്‌ ചെയ്തു. "എല്ലാം നോക്കി സര്‍... പ്രശ്നങ്ങളൊന്നും തന്നെയില്ല. ക്ലൂത്തും വെബ്ബറുമാണ്‌ സ്റ്റിയറിംഗ്‌ വീലില്‍.. ഏതാണ്ട്‌ പത്ത്‌ നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വടക്ക്‌ പടിഞ്ഞാറോട്ട്‌ കുതിക്കുന്നു..."

"എല്ലാ പായകളും നിവര്‍ത്തിയിട്ടുണ്ടോ...?"

"ഉണ്ട്‌ സര്‍... എല്ലാ പായകളിലും കാറ്റ്‌ നിറഞ്ഞിരിക്കുന്നു..."

"കാലാവസ്ഥ എങ്ങനെ...?"

"കാറ്റിന്റെ നില അഞ്ച്‌ ആണ്‌... കനത്ത മഴയുമുണ്ട്‌... മഴവെള്ളത്തിന്‌ നല്ല ചൂടുണ്ടെന്നതാണ്‌ അതിശയകരം..."

"വെരി ഗുഡ്‌..." ബെര്‍ഗര്‍ അലമാരയുടെ അടുത്ത്‌ ചെന്ന് ഒരു ബോട്ട്‌ല്‍ റമ്മും രണ്ട്‌ ഗ്ലാസുകളും എടുത്തു. "ഇന്നലെ നിങ്ങള്‍ എത്ര നേരം റേഡിയോ പ്രവര്‍ത്തിപ്പിച്ചു...?"

"കൃത്യം ഒന്നര മണിക്കൂര്‍..." ഗ്ലാസ്‌ വാങ്ങിയിട്ട്‌ സ്റ്റേം നന്ദിപൂര്‍വം പറഞ്ഞു.

"ബാറ്ററികളുടെ അവസ്ഥയെങ്ങനെ...?"

"അത്ര നല്ലതെന്ന് പറയാന്‍ പറ്റില്ല. ഒരു റേഡിയോ സെറ്റ്‌ എന്ന് പറയാമെന്ന് മാത്രം. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹേര്‍ പ്രേയ്‌ഗര്‍ സംഘടിപ്പിച്ചതല്ലേ.. അങ്ങനെ നോക്കിയാല്‍ വളരെ നല്ല സെറ്റ്‌ എന്ന് പറയാം. എന്നാലും..." അദ്ദേഹം ഒന്ന് സംശയിച്ചു. "തല്‍ക്കാലത്തേക്കിനി റേഡിയോ പ്രവര്‍ത്തിപ്പിക്കണ്ട എന്നാണോ താങ്കളുടെ അഭിപ്രായം...?"

"ഒരിക്കലുമല്ല... ആ ബ്രിട്ടീഷുകാരും അമേരിക്കക്കാരും നല്‍കുന്ന കാലാവസ്ഥാ പ്രവചനങ്ങളും യുദ്ധവാര്‍ത്തകളും തീര്‍ച്ചയായും നമുക്ക്‌ ഉപകാരപ്രദമാണ്‌. എന്നാല്‍ അവിടെ എത്താറാകുമ്പോഴാണ്‌ നമുക്കിത്‌ കൂടുതല്‍ ആവശ്യം വരിക. ചിലപ്പോള്‍ സഹായത്തിനായി സന്ദേശങ്ങള്‍ ട്രാന്‍സ്‌മിറ്റ്‌ ചെയ്യേണ്ടി വരും. അതുകൊണ്ട്‌ തന്നെ ബാറ്ററി വീക്ക്‌ ആകാതെ ശ്രദ്ധിക്കണം..."

"അപ്പോള്‍ ഇന്ന് രാത്രി പ്രവര്‍ത്തിപ്പിക്കണ്ട എന്ന് വയ്ക്കട്ടെ...?"

"അര മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചോളൂ..." ബെര്‍ഗര്‍ പറഞ്ഞു. "കാവല്‍ കഴിഞ്ഞ്‌ പോകാറാകുമ്പോള്‍... അത്‌ ധാരാളമാണെന്ന് തോന്നുന്നു..."

"ശരി സര്‍..." സ്റ്റേം തന്റെ ഗ്ലാസിലെ അവസാന തുള്ളിയും മൊത്തിക്കുടിച്ചു. "ഞാന്‍ ക്വാര്‍ട്ടര്‍ ഡെക്കിലേക്ക്‌ ചെല്ലട്ടെ..."

അദ്ദേഹം തിരിഞ്ഞ്‌ വാതില്‍പ്പടിയില്‍ കൈ വച്ചു. പെട്ടെന്ന് പുറത്ത്‌ എവിടെ നിന്നോ ഒരു സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളി ഉയര്‍ന്നു.


* * * * * * * * * * * * * * * * * * * * *

ആ ഇടുങ്ങിയ ക്യാബിനിലെ ഉഷ്ണം അസഹനീയമായിരുന്നു. ഈ യാത്രയ്ക്ക്‌ ഒരിക്കലും ഒരു അവസാനമില്ലെന്ന് ലോട്ടെയ്ക്ക്‌ തോന്നി. എവിടെ നിന്നോ തുടങ്ങി എവിടേക്കോ ഉള്ള യാത്ര. അവളെ നിര്‍ബന്ധിച്ച്‌ ആ മുറിയിലാക്കി പോയിരിക്കുകയാണ്‌ സിസ്റ്റര്‍ ആഞ്ചല.

ഏറ്റവും മുകളിലെ ബങ്കിലാണ്‌ അവള്‍ കിടക്കുന്നത്‌. ലിനന്‍ കൊണ്ടുള്ള നിശാവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളുവെങ്കിലും താങ്ങാവുന്നതില്‍ അധികമായിരുന്നു ചൂട്‌. അവള്‍ ഹെല്‍മട്ട്‌ റിക്ടറെക്കുറിച്ച്‌ ചിന്തിക്കുകയായിരുന്നു. ഇരുട്ടില്‍ നിന്ന് അദ്ദേഹത്തിന്റെ രൂപം പുറത്ത്‌ കൊണ്ടുവരുവാന്‍ അവള്‍ ശ്രമിച്ചു... ശാന്തമായ മന്ദഹാസം, അനുസരണമില്ലാതെ പാറിപ്പറക്കുന്ന മുടി, അതിന്‌ ചേരുന്ന ഭംഗിയുള്ള താടി...

തികച്ചും അന്തര്‍മുഖിയായിരുന്നു ലോട്ടെ. ഇത്രയും കാലമായിട്ട്‌ മറ്റുള്ളവരുമായി അവള്‍ക്ക്‌ കാര്യമായ സൗഹൃദം ഒന്നുമുണ്ടായിരുന്നില്ല. യാഥാസ്ഥിതികരായ കത്തോലിക്കന്‍ കുടുംബത്തിന്റെ നിര്‍ബന്ധത്തിന്‌ വഴങ്ങിയാണ്‌ അവള്‍ ഈ വഴിയില്‍ എത്തിപ്പെട്ടത്‌. പിന്നെ നേഴ്‌സിംഗ്‌ പരിശീലിച്ചു. അതിന്റെ പിന്‍ബലത്തില്‍ ഇപ്പോള്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ മെഴ്‌സിയുടെ സംഘത്തില്‍ ജോലി ചെയ്യുന്നു. അല്ലാതെ ദൈവത്തിന്റെ വിളി കൊണ്ടൊന്നുമായിരുന്നില്ല.

തന്നില്‍ തന്നെ ഒതുങ്ങിക്കൂടുവാന്‍ അവള്‍ പഠിച്ചിരുന്നു. പക്ഷേ റിക്ടര്‍ ... അദ്ദേഹത്തില്‍ എന്തോ ഒരു പ്രത്യേകത... വ്യത്യസ്ഥത... ഒരു ആകര്‍ഷകത്വം അവള്‍ ദര്‍ശിച്ചു. അദ്ദേഹത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോഴെല്ലാം അവളുടെ ചുണ്ടുകളില്‍ പുഞ്ചിരിയൂറുമായിരുന്നു.

വിയര്‍പ്പ്‌ കൊണ്ട്‌ അവളുടെ ദേഹമാസകലം നനഞ്ഞിരിക്കുന്നു. ആ മുറിയില്‍ ഇനിയൊരു നിമിഷം പോലും കഴിച്ച്‌ കൂട്ടാന്‍ സാധിക്കില്ല എന്നവള്‍ മനസിലാക്കി. അല്‍പ്പം ശുദ്ധവായുവിന്‌ വേണ്ടി അവളുടെ ശ്വാസകോശങ്ങള്‍ വിങ്ങി. പതുക്കെ നിലത്തിറങ്ങി തന്റെ മേലങ്കി ധരിച്ച്‌ അവള്‍ പുറത്തേക്ക്‌ നടന്നു.

ദൂരെ ചക്രവാളത്തില്‍ പ്രകാശിച്ചുകൊണ്ടിരുന്ന മിന്നല്‍പ്പിണരുകള്‍ ഇടയ്ക്ക്‌ വളരെ അടുത്തും മിന്നുന്നതായി തോന്നി. എല്ലാത്തിനും അപരിചിതമായ ഒരു തിളക്കം. ആ പ്രകാശത്തില്‍ കോരിച്ചൊരിഞ്ഞുകൊണ്ടിരുന്ന മഴത്തുള്ളികള്‍ മഞ്ഞുകണങ്ങള്‍ പോലെ തിളങ്ങി.

എല്ലാ പായകളും നിവര്‍ത്തിയ ഡോയ്‌ഷ്‌ലാന്റ്‌ മുന്നോട്ട്‌ കുതിച്ചുകൊണ്ടിരുന്നു. സ്റ്റിയറിംഗ്‌ വീല്‍ നിയന്ത്രിച്ചിരുന്ന ക്ലൂത്ത്‌ നല്ല ആഹ്ലാദത്തിലായിരുന്നു. ചുണ്ടത്ത്‌ ഒരു പൈപ്പുമായി വെബ്ബര്‍ സമീപത്ത്‌ തന്നെയുണ്ട്‌. ഇടനാഴിയില്‍ നിന്നും പുറത്തേക്ക്‌ വന്ന ലോട്ടെയെ അവര്‍ രണ്ട്‌ പേരും കണ്ടതേയില്ല.

എന്നാല്‍, അടുക്കളയില്‍ കാപ്പി തയ്യാറാക്കിക്കൊണ്ടിരുന്ന ഹെര്‍ബര്‍ട്ട്‌ വാള്‍സ്‌ അവളെ കാണുക തന്നെ ചെയ്തു.

ഇടത്‌ വശത്തുള്ള കൈവരികള്‍ക്ക്‌ സമീപം നിഴലുകളുടെ മറവില്‍ അവള്‍ നിന്നു. മഴത്തുള്ളികള്‍ മുഖത്ത്‌ പതിച്ചപ്പോള്‍ അവള്‍ക്ക്‌ എന്തെന്നില്ലാത്ത ഉന്മേഷം തോന്നി.

കുറച്ച്‌ സമയം കൂടി അവിടെ നിന്നിട്ട്‌ അവള്‍ മുന്നോട്ട്‌ നീങ്ങി. അടുക്കളവാതിലിന്‌ മുന്നിലെത്തിയതും വാള്‍സ്‌ പുറത്തേക്കിറങ്ങി അവളുടെ അരക്കെട്ടില്‍ കൈചുറ്റി തന്നോടടുപ്പിച്ചതും പെട്ടെന്നായിരുന്നു.

എന്താണ്‌ സംഭവിക്കുന്നതെന്ന് ലോട്ടെയ്ക്ക്‌ ആദ്യം മനസ്സിലായില്ല. അപ്രതീക്ഷിതമായുണ്ടായ ആ ആക്രമണത്തിന്റെ ഞെട്ടലില്‍ ഭയത്തോടെ അവള്‍ അലറി വിളിച്ചു. ചെവി തുളച്ചുകയറുന്ന ആ നിലവിളി കാറ്റിന്റെയും മഴയുടെയും ഇരമ്പിലും ഉയര്‍ന്ന് കേട്ടു.

* * * * * * * * * * * * * * * * * * * * * * * * * * *

നിദ്രയിലായിരുന്ന റിക്ടര്‍ അതേ നിമിഷം തന്നെ ഞെട്ടിയുണര്‍ന്നു. പിന്നെ ഒരു നിമിഷം പോലും ആലോചിക്കാന്‍ നിന്നില്ല. ക്യാപ്റ്റന്റെ മുറിയില്‍ നിന്ന് ബെര്‍ഗറും സ്റ്റേമും പുറത്തെത്തുന്നതിന്‌ മുമ്പ്‌ തന്നെ അദ്ദേഹം ഡെക്കിലെത്തിക്കഴിഞ്ഞിരുന്നു.

കപ്പല്‍ ഒന്ന് ചരിഞ്ഞപ്പോള്‍ ലോട്ടെയുടെ ബാലന്‍സ്‌ തെറ്റിപ്പോയി. കാലിടറി അവള്‍ ചെന്ന് വീണത്‌ റിക്ടറുടെ കാല്‍ച്ചുവട്ടിലാണ്‌. അദ്ദേഹം അവളെ പിടിച്ചെഴുനേല്‍പ്പിച്ചു. അവളുടെ ചുമലില്‍ കിടന്നിരുന്ന മേലങ്കി താഴെ വീണിരുന്നു. അപ്പോഴായിരുന്നു സിസ്റ്റര്‍ ആഞ്ചല ഇടനാഴിയില്‍ നിന്ന് പുറത്തേക്ക്‌ വന്നത്‌.

"ലോട്ടെ...!" അവര്‍ വിളിച്ചു.

അവളെ ഒരു വശത്തേക്ക്‌ മാറ്റി നിര്‍ത്തി റിക്ടര്‍ ഒരടി മുന്നോട്ട്‌ വച്ചു. വാള്‍സ്‌ സംശയത്തോടെ അടുക്കളയില്‍ നിന്ന് പുറത്തേക്ക്‌ വന്നു.

"വാള്‍സ്‌...!" റിക്ടര്‍ ശാന്തമായി വിളിച്ചു.

അദ്ദേഹത്തെ നേരിടാന്‍ തയ്യാറായി വാള്‍സ്‌ അവിടെത്തന്നെ നിന്നു. സാമാന്യം ശക്തിയോടെ വീശിയടിക്കുന്ന കാറ്റിന്‌ മിന്നല്‍പ്പിണരുകളുടെ അകമ്പടിയുണ്ടായിരുന്നു. അതിന്റെ പ്രകാശത്തില്‍ എല്ലാം വ്യക്തമായിരുന്നു ഡെക്കില്‍.

"റിക്ടര്‍...!" ബെര്‍ഗര്‍ പരിഭ്രമത്തോടെ വിളിച്ചു.

പക്ഷേ, റിക്ടര്‍ അദ്ദേഹത്തെ അവഗണിച്ചുകൊണ്ട്‌ മുന്നോട്ട്‌ നീങ്ങി. ഭയചകിതനായ വാള്‍സ്‌ പെട്ടെന്ന് പാമരത്തിലേക്കുള്ള കയറില്‍ ചാടിപ്പിടിച്ചു. എന്നിട്ട്‌ മുകളിലേക്ക്‌ കയറുവാന്‍ തുടങ്ങി. വളരെ ശ്രദ്ധയോടെ സാവധാനം റിക്ടറും അയാളെ അനുഗമിച്ചു. ധാരാളം സമയം തനിക്കുണ്ടെന്ന് തോന്നുമായിരുന്നു അദ്ദേഹം കയറുന്നത്‌ കണ്ടാല്‍.

അതിവേഗത്തിലായിരുന്നു വാള്‍സ്‌ കയറിക്കൊണ്ടിരുന്നത്‌. പായയുടെ തൊട്ടുതാഴെയെത്തിയപ്പോള്‍ അയാള്‍ ഒന്ന് നിന്നു. പിന്നെ തന്നെ പിന്തുടരുന്ന റിക്ടറെ ശ്രദ്ധിച്ചുകൊണ്ട്‌ ബെല്‍റ്റില്‍ ഘടിപ്പിച്ചിരുന്ന കത്തി നിവര്‍ത്തി തന്റെ തൊട്ടു താഴെ വച്ച്‌ കയര്‍ അറുത്തു. അത്‌ കണ്ടുകൊണ്ട്‌ നിന്ന ലോട്ടെ പെട്ടെന്ന് അലറി വിളിച്ചു. ഒപ്പം, താഴെ കൂടി നിന്നിരുന്ന എല്ലാവരും. പിന്നെ നിശബ്ദരായി ശ്വാസമടക്കിപ്പിടിച്ച്‌ ഉത്ക്കണ്ഠയോടെ അവര്‍ മുകളിലേക്ക്‌ നോക്കി നിന്നു.

പിടിച്ചുകയറിക്കൊണ്ടിരുന്ന കയര്‍ പെട്ടെന്ന് മുകളില്‍ വച്ച്‌ മുറിഞ്ഞ്‌ വേര്‍പെട്ടപ്പോള്‍ റിക്ടര്‍ താഴേക്ക്‌ പതിച്ചു. എന്നാല്‍ ഞൊടിയില്‍ ഒരു ട്രപ്പീസ്‌ വിദഗ്ദനെപ്പോലെ അദ്ദേഹം തൊട്ടടുത്ത കയറില്‍ പിടിച്ചുകഴിഞ്ഞിരുന്നു.

വീണ്ടും മുകളിലേക്ക്‌ കയറുന്നതിന്‌ മുമ്പ്‌ അദ്ദേഹം ഒരു നിമിഷം അവിടെ തൂങ്ങിക്കിടന്നു. മുകളിലേക്ക്‌ കയറിവരുന്ന റിക്ടറുടെ കൈകളില്‍ വെട്ടുവാനായി കത്തിയുമേന്തി വാള്‍സ്‌ കാത്ത്‌ നിന്നു. എന്നാല്‍ കത്തി ഓങ്ങിയ ഉടന്‍ തന്നെ കയറില്‍ തൂങ്ങി ഒരു വശത്തേക്ക്‌ ഒഴിഞ്ഞ്‌ മാറിയതിനാല്‍ അദ്ദേഹത്തിന്‌ വെട്ടേറ്റില്ല. പക്ഷേ, അപ്പോഴേക്കും വാള്‍സ്‌ അദ്ദേഹത്തിന്റെ മുഖത്ത്‌ ആഞ്ഞ്‌ ഒരു ചവിട്ട്‌ കൊടുത്തിരുന്നു.

ചവിട്ടേറ്റ റിക്ടര്‍ കയറില്‍ നിന്ന് പിടി വിട്ട്‌ താഴേക്ക്‌ പതിച്ചു. കരണം മറിഞ്ഞ്‌ സുരക്ഷിതമായി അദ്ദേഹം ഡെക്കില്‍ എത്തി. ലോട്ടെയുടെ കൈകളിലെ നീല ഞരമ്പുകള്‍ ഭയം കൊണ്ട്‌ വലിഞ്ഞ്‌ മുറുകിയിരുന്നു. അദ്ദേഹത്തെ പിടിച്ച്‌ നിര്‍ത്തുവാനായി സ്റ്റേം മുന്നോട്ട്‌ നീങ്ങി.

"അത്‌ അവര്‍ തന്നെ തീര്‍ക്കട്ടെ..." സ്റ്റേമിനെ തടഞ്ഞുകൊണ്ട്‌ ബെര്‍ഗര്‍ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

"ദൈവത്തെയോര്‍ത്ത്‌ എന്തെങ്കിലും ചെയ്യൂ ക്യാപ്റ്റന്‍... പ്ലീസ്‌..." സിസ്റ്റര്‍ ആഞ്ചല കെഞ്ചി.

"എന്ത്‌ ചെയ്യാനാണ്‌ സിസ്റ്റര്‍...?" മുകളില്‍ നിന്ന് കണ്ണെടുക്കാതെ അദ്ദേഹം ചോദിച്ചു.

അസാധാരണമായ ഒരു കാഴ്ചയായിരുന്നു അത്‌. ചക്രവാളത്തിന്റെ ഒരറ്റത്ത്‌ നിന്ന് മറ്റേ അറ്റം വരെ മിന്നല്‍പ്പിണരുകള്‍ പാഞ്ഞ്‌ നടക്കുന്നു. ഒപ്പം ചെകിടടപ്പിക്കുന്ന ഇടിനാദവും. ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തില്‍ പാമരത്തിലുള്ള വാള്‍സിനെ വ്യക്തമായി കാണാമായിരുന്നു.

അവിശ്വസനീയമായ വേഗതയിലാണ്‌ പിന്നിട്‌ റിക്ടര്‍ മുകളിലേക്ക്‌ കയറിയത്‌. ചെറുപായകളുടെ കയറുകള്‍ക്കിടയില്‍ അദ്ദേഹം തികച്ചും സുരക്ഷിതനായിരുന്നു.

വാള്‍സ്‌ പിന്നോട്ട്‌ തിരിഞ്ഞ്‌ ഏറ്റവും മുകളിലെ പായയുടെ നേര്‍ക്ക്‌ കയറിത്തുടങ്ങി. തുടര്‍ച്ചയായ മിന്നലില്‍ പാമരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ താഴെ നില്‍ക്കുന്നവര്‍ക്ക്‌ ഒരു വിധം വ്യക്തമായി കാണാന്‍ സാധിച്ചു.

പായ ബന്ധിച്ചിരിക്കുന്ന തിരശ്ചീനമായ മരത്തടിയില്‍ എത്തിക്കഴിഞ്ഞിരുന്നു വാള്‍സ്‌. ഒറ്റച്ചാട്ടത്തിന്‌ റിക്ടര്‍ അതില്‍ കയറിപ്പിടിച്ചു. എന്നിട്ട്‌ മദ്ധ്യഭാഗത്തേക്ക്‌ ഇഴഞ്ഞ്‌ നീങ്ങാന്‍ തുടങ്ങി. അത്‌ കണ്ട വാള്‍സ്‌ മറ്റേ അറ്റത്തേക്ക്‌ വേഗം നീങ്ങി.

വാള്‍സിന്റെ തൊട്ടടുത്ത്‌ എത്തിക്കഴിഞ്ഞിരിക്കുന്നു റിക്ടര്‍ ഇപ്പോള്‍. പെട്ടെന്നാണ്‌ വാള്‍സ്‌ കത്തി കൊണ്ട്‌ അദ്ദേഹത്തെ കുത്തിയത്‌. ഏതാണ്ട്‌ മൂന്നടി മാത്രം അകലെയായിരുന്ന അദ്ദേഹത്തിന്റെ കവിളില്‍ അതിന്റെ മുന കൊണ്ടു. എന്നാല്‍ അത്‌ കാര്യമാക്കാതെ അദ്ദേഹം മുന്നോട്ട്‌ തന്നെ നീങ്ങിയപ്പോള്‍ വാള്‍സ്‌ ഭയത്താല്‍ അലറി.

മുകളിലെ പായയുടെ കയറില്‍ മുറുകെ പിടിച്ചുകൊണ്ട്‌ അയാള്‍ കണ്ണില്‍ കണ്ട കയറുകളെല്ലാം അറുത്തുമുറിക്കുവാന്‍ തുടങ്ങി. കയര്‍ പൊട്ടിയതോടെ നിറഞ്ഞു നിന്നിരുന്ന പായയിലെ കാറ്റ്‌ ഒഴിഞ്ഞുപോയി. അതോടെ, അത്‌ ബന്ധിച്ചിരുന്ന മരത്തടി ഇരുവശത്തേക്കും ആടുവാന്‍ തുടങ്ങി. ഒപ്പം കാറ്റൊഴിഞ്ഞ പായയും.

റിക്ടര്‍ എടുത്തെറിയപ്പെടേണ്ടതായിരുന്നു. എന്നാല്‍ ഞൊടിയിടയില്‍ തന്നെ അദ്ദേഹത്തിന്‌ തൊട്ട്‌ താഴെയുള്ള പായത്തടിയില്‍ പിടി കിട്ടിയിരുന്നു.

പായ്‌ക്കയര്‍ പൊട്ടിയതോടെ അതില്‍ തൂങ്ങിക്കിടന്ന വാള്‍സ്‌ ലക്ഷ്യമില്ലാതെ ഇരുവശങ്ങളിലേക്കും ആടുവാന്‍ തുടങ്ങി. പിന്നെ യാതൊരു അക്രമത്തിനും മുതിരാതെ തന്റെ ജീവന്‌ വേണ്ടി സകല ശക്തിയും സംഭരിച്ച്‌ പൊട്ടിയ കയറില്‍ തൂങ്ങി കിടന്നു.

റിക്ടര്‍ ചടുലതയോടെ ഒരു കയറില്‍ നിന്ന് മറ്റൊന്നിലേക്ക്‌ ചാടി ചാടി വാള്‍സിന്‌ സമീപത്തേക്ക്‌ നീങ്ങി. പിന്നെ കയറില്‍ തൂങ്ങി നിന്ന് ഒരു നിമിഷം വാള്‍സിനെ നിരീക്ഷിച്ചു. തന്റെ അടുത്ത നീക്കം എന്തായിരിക്കണമെന്ന് ആലോചിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു അത്‌ സംഭവിച്ചത്‌.

കപ്പല്‍ പെട്ടെന്ന് ഒരു വശത്തേക്ക്‌ ചരിഞ്ഞു. അതോടെ കയറില്‍ തൂങ്ങിക്കിടന്നിരുന്ന വാള്‍സിന്റെ ആട്ടം ദ്രുതഗതിയിലായി. അപ്പോഴും അയാളുടെ ഒരു കൈയില്‍ കത്തിയുണ്ടായിരുന്നു. ഇരുകൈകളാലും കയറില്‍ മുറുകെ പിടിച്ച്‌ തൂങ്ങിക്കിടന്നിരുന്ന റിക്ടറും കപ്പല്‍ ചരിഞ്ഞതോടെ മുന്നോട്ട്‌ ആടി. ആ ആട്ടത്തില്‍ ശക്തിയോടെ അദ്ദേഹത്തിന്റെ കാലുകള്‍ നേരെ ചെന്ന് കൊണ്ടത്‌ വാള്‍സിന്റെ മുഖത്ത്‌... കയറില്‍ നിന്ന് പിടി വിട്ട വാള്‍സ്‌ ഒരു അലര്‍ച്ചയോടെ പിറകോട്ട്‌ അന്തരീക്ഷത്തിലൂടെ പറന്നു.

കപ്പലിന്റെ വലത്‌ ഭാഗത്ത്‌ അല്‍പ്പം ദൂരെയായി അയാള്‍ വെള്ളത്തില്‍ പതിച്ചു. കൈകള്‍ ഉയര്‍ത്തി വീശിക്കൊണ്ടിരുന്ന അയാളുടെ മുഖത്ത്‌ രക്ഷിക്കണേ എന്ന ദയനീയമായ നിശബ്ദ യാചന കാണാമായിരുന്നു. എന്നാല്‍ വന്യമായി ആഞ്ഞടിക്കുന്ന പായകളുമായി ഡോയ്‌ഷ്‌ലാന്റ്‌ അപ്പോഴും പത്ത്‌ നോട്ട്‌ വേഗതയില്‍ മുന്നോട്ട്‌ കുതിക്കുകയായിരുന്നു. വാള്‍സും അവരും തമ്മിലുള്ള ദൂരം കൂടിക്കൂടി വന്നു. ക്രമേണ അയാള്‍ ഇരുട്ടില്‍ ലയിക്കുന്നത്‌ നോക്കി ഡെക്കിലുള്ളവര്‍ നിസ്സഹായരായി നിന്നു.

"നാം ഇനി കപ്പല്‍ നിര്‍ത്താന്‍ പോകുകയാണ്‌ മിസ്റ്റര്‍ സ്റ്റേം... ഇപ്പോള്‍ സംഭവിച്ച കേടുപാടുകള്‍ തീര്‍ത്തിട്ടേ ഇനി യാത്ര തുടരാന്‍ സാധിക്കൂ. രണ്ട്‌ മണിക്കൂറുകള്‍ക്കകം എല്ലാം ശരിയാക്കിയിരിക്കണം..." ബെര്‍ഗര്‍ ആജ്ഞാപിച്ചു.

"ഒരു മനുഷ്യന്‍ മരണമടഞ്ഞിരിക്കുന്നു. എന്നിട്ട്‌ നിങ്ങള്‍ക്ക്‌ പറയാനുള്ളത്‌ ഇത്ര മാത്രമോ...?" സിസ്റ്റര്‍ ആഞ്ചല ചോദിച്ചു.

"ങ്‌ഹാ... ഈ സംഭവം ഞാന്‍ ലോഗ്‌ ബുക്കില്‍ രേഖപ്പെടുത്തുന്നതായിരിക്കും..." വികാരലേശമെന്യേ അദ്ദേഹം പറഞ്ഞു.

റിക്ടര്‍ താഴെയെത്തിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തെ കണ്ടതും ഇരുകൈകളും വിടര്‍ത്തി ലോട്ടെ ഓടിച്ചെന്നു. പക്ഷേ, അദ്ദേഹത്തിന്റെ മാറിലേക്ക്‌ എത്തുന്നതിന്‌ മുമ്പ്‌ തന്നെ അവള്‍ക്ക്‌ ബോധം മറയുന്നത്‌ പോലെ തോന്നി. അത്‌ ശ്രദ്ധിച്ച റിക്ടര്‍, താഴെ വീഴുന്നതിന്‌ മുമ്പ്‌ അവളെ പിടിച്ചുകഴിഞ്ഞിരുന്നു. പിന്നെ, കുഴഞ്ഞ്‌ വീഴാന്‍ പോകുന്ന അവളെ കോരിയെടുത്ത്‌ ഇടനാഴിയിലേക്ക്‌ നടന്നു. വാള്‍സിന്റെ കുത്തേറ്റ അദ്ദേഹത്തിന്റെ വലത്‌ കവിളില്‍ നിന്ന് അപ്പോള്‍ രക്തം ഒഴുകുന്നുണ്ടായിരുന്നു.

താഴെ കൂട്ടം കൂടി നിന്നിരുന്ന മറ്റ്‌ സിസ്റ്റര്‍മാര്‍ അദ്ദേഹത്തിന്‌ വഴിമാറി കൊടുത്തു. "അവള്‍ക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ ഹേര്‍ റിക്ടര്‍..?" സിസ്റ്റര്‍ കാത്തെ മാത്രം ചോദിച്ചു.

റിക്ടര്‍ മറുപടി പറഞ്ഞില്ല. അദ്ദേഹം നേരെ ലോട്ടെയുടെ ക്യാബിനിലേക്ക്‌ നടന്നു. പിന്നെ താഴത്തെ ബങ്കില്‍ അവളെ കിടത്തിയിട്ട്‌ പുതപ്പിക്കുവാനായി ഒരു ബ്ലാങ്കറ്റ്‌ എടുത്തു. പെട്ടെന്നാണവള്‍ കണ്ണുകള്‍ തുറന്നത്‌.

ഒരു നിമിഷം അവള്‍ മുകളിലേക്ക്‌ തുറിച്ച്‌ നോക്കി. സ്വബോധം തിരിച്ച്‌ കിട്ടുവാന്‍ അല്‍പ്പ സമയം വേണ്ടി വന്നു അവള്‍ക്ക്‌.

"ഹേര്‍ റിക്ടര്‍...?"

"അതെ.. ഞാന്‍ തന്നെ..." അദ്ദേഹം ശാന്തമായി പറഞ്ഞു.

പുറത്തേക്ക്‌ പോകുവാനായി അദ്ദേഹം എഴുനേറ്റു. അപ്പോഴാണ്‌ ലോട്ടെയുടെ ഭയം നിറഞ്ഞ ശബ്ദം കേട്ടത്‌. "പ്ലീസ്‌... എന്നെ വിട്ട്‌ പോകരുതേ..."

തിരികെ വന്ന് അദ്ദേഹം അവളുടെയരികില്‍ ഇരുന്നു. പിന്നെ അവളുടെ കരം ഗ്രഹിച്ചുകൊണ്ട്‌ പറഞ്ഞു. "ഇല്ല... ഇനിയൊരിക്കലും ഞാന്‍ നിന്നെ വിട്ടുപിരിയില്ല... ഇപ്പോള്‍ സമാധാനമായി ഉറങ്ങൂ..." അദ്ദേഹം അവളുടെ നെറ്റിത്തടം മൃദുവായി തലോടി.

സാവധാനം അവള്‍ കണ്ണുകള്‍ അടച്ചു. മുഖം ശാന്തമായി. അധികം താമസിയാതെ തന്നെ അവള്‍ സാധാരണഗതിയില്‍ ശ്വാസോച്ഛ്വാസം ചെയ്യുവാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൈകളില്‍ നിന്ന് അവളുടെ കരം ഊര്‍ന്ന് വീണു.

അവളെ ഒന്നു കൂടി നോക്കിയിട്ട്‌ അദ്ദേഹം എഴുനേറ്റു. മറ്റ്‌ കന്യാസ്ത്രീകള്‍ ആകാംക്ഷയോടെ ആ മുറിയിലേക്ക്‌ എത്തിനോക്കിക്കൊണ്ടിരുന്നത്‌ അപ്പോഴാണദ്ദേഹം ശ്രദ്ധിച്ചത്‌. അവരുടെ മുഖങ്ങളില്‍ അത്ഭുതം തുളുമ്പുന്നത്‌ ആ അരണ്ട വെളിച്ചത്തിലും അദ്ദേഹത്തിന്‌ കാണാമായിരുന്നു. വിളറിയ മുഖത്തോടെ മുറിയിലേക്കെത്തിയ സിസ്റ്റര്‍ ആഞ്ചല ലോട്ടെയുടെ അരികില്‍ ചെന്ന് അവളെ നിരീക്ഷിച്ചു. അവരുടെ അഭിപ്രായം അറിയുവാനായി റിക്ടര്‍ അവിടെത്തന്നെ നിന്നു.

എന്നാല്‍ പതിവ്‌ പോലെ ഇത്തവണയും അവര്‍ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കളഞ്ഞു.

"ഹേര്‍ റിക്ടര്‍... നിങ്ങള്‍ എന്റെയൊപ്പം വരൂ... നിങ്ങളുടെ കവിളിലെ മുറിവില്‍ ഒന്നോ രണ്ടോ സ്റ്റിച്ച്‌ ഇടേണ്ടി വരുമെന്ന് തോന്നുന്നു..." അവര്‍ സ്വതസിദ്ധമായ ശാന്തതയോടെ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * *

പ്രഭാതത്തിലെ മങ്ങിയ വെളിച്ചത്തില്‍ അവരുടെ ലക്ഷ്യമായ ബെര്‍ഗന്‍ തുറമുഖത്തിന്‌ ഒരു മൈല്‍ ഇപ്പുറത്ത്‌ വച്ച്‌ U235 സബ്‌മറീന്‍ സമുദ്രോപരിതലത്തിലെത്തി. അവിശ്വസനീയമായിരുന്നു ആ കാഴ്ച. സബ്‌മറീനിന്റെ മുന്‍ഭാഗം പൊട്ടിപ്പൊളിഞ്ഞ്‌ കൂര്‍ത്ത്‌ നില്‍ക്കുകയാണ്‌.

ഡെക്കില്‍ നിന്ന് മുന്നോട്ട്‌ നീണ്ട്‌ നില്‍ക്കുന്ന ഏതാണ്ട്‌ എട്ട്‌ മീറ്ററോളം ഭാഗം ഒടിഞ്ഞ്‌ ഒരു വശത്തേക്ക്‌ മടങ്ങിയിരിക്കുകയാണെന്ന് മിഡ്‌ചാനലില്‍ എത്തിയപ്പോഴായിരുന്നു അവര്‍ മനസ്സിലാക്കിയത്‌. അഡ്‌മിറല്‍ ഫ്രീമേല്‍ അക്കാര്യത്തിന്‌ പെട്ടെന്ന് തന്നെ ഒരു പോംവഴി കണ്ടു. ഫുള്‍ സ്പീഡില്‍ മുന്നോട്ടും പിന്നോട്ടും മൂന്ന് നാല്‌ തവണ ഓടിച്ചതോടെ ആ ഭാഗം വേര്‍പെട്ട്‌ തെറിച്ചുപോയി.

പിന്നീടങ്ങോട്ടുള്ള യാത്ര ശ്രമകരം തന്നെയായിരുന്നു. കഴിഞ്ഞ മുപ്പത്തിയാറ്‌ മണിക്കൂറുകളായി ഒരു പോള കണ്ണടച്ചിട്ടില്ല ഫ്രീമേല്‍. എന്‍ജലിന്റെ കൂടെ ബ്രിഡ്‌ജിലേക്ക്‌ വന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ അതിന്റെ ക്ഷീണം വ്യക്തമായി കാണാമായിരുന്നു.

സിഗ്നല്‍ ലാമ്പുകള്‍ മിന്നിച്ച്‌ കൊണ്ട്‌ സായുധരായ രണ്ട്‌ ട്രോളറുകള്‍ അവര്‍ക്ക്‌ സമീപത്തേക്ക്‌ വന്നു. അവയെ ബൈനോക്കുലറിലൂടെ നിരീക്ഷിച്ചിട്ട്‌ എന്‍ജല്‍ തിരിഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ ജീവന്റെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല. നൈറ്റിയില്‍ ഒരു ബാന്‍ഡേജുണ്ടായിരുന്നു അദ്ദേഹത്തിന്‌.

"അങ്ങനെ നമ്മള്‍ അത്‌ നിര്‍വ്വഹിച്ചു അല്ലേ അഡ്‌മിറല്‍...?"

"എന്ന് പറയാം..."

താഴെ നിന്ന് ഒരു നാവികന്‍ ഡെക്കിലെത്തി. കനം കൂടിയ ഒരു പേപ്പര്‍ അയാള്‍ ഫ്രീമേലിന്‌ നേര്‍ക്ക്‌ നീട്ടി. "ഒരു സന്ദേശമാണ്‌ സര്‍..."

"വായിക്കൂ..." അദ്ദേഹം എന്‍ജലിനോട്‌ പറഞ്ഞു.

"കണ്‍ഗ്രാജുലേഷന്‍സ്‌ ഹേര്‍ ഓട്ടോ ഫ്രീമേല്‍... ഫ്രം ഡോണിറ്റ്‌സ്‌, കമാന്‍ഡര്‍ ഇന്‍ ചീഫ്‌ ഓഫ്‌ ദി ക്രീഗ്‌സ്‌മറീന്‍ ആന്‍ഡ്‌ ബി.ഡി.യു..." എന്‍ജല്‍ പതിഞ്ഞ സ്വരത്തില്‍ വായിച്ചു. "ഇത്രയുമാണ്‌ സന്ദേശം സര്‍..."

"കണ്‍ഗ്രാജുലേഷന്‍സ്‌...! " ഫ്രീമേല്‍ ഭ്രാന്തമായി പൊട്ടിച്ചിരിച്ചു.

U235 മുന്നോട്ട്‌ സാവധാനം മുന്നോട്ട്‌ നീങ്ങുമ്പോള്‍ ഡെക്കിലുള്ളവരെല്ലാം ആഹ്ലാദഭരിതരായി ജയഭേരി മുഴക്കുന്നുണ്ടായിരുന്നു.

താഴെ നിന്ന് കയറി വരുന്ന ആരുടെയോ വിതുമ്പല്‍ കേട്ട്‌ ഫ്രീമേല്‍ തിരിഞ്ഞു. കൈയില്‍ മറ്റൊരു കാര്‍ഡുമായി കയറി വരുന്ന ഹെയ്‌നി റോത്തിന്റേതായിരുന്നു അത്‌. അദ്ദേഹത്തിന്റെ മുഖത്ത്‌ ദുഃഖവും ആനന്ദവും ഒരേ സമയം പ്രതിഫലിക്കുന്നുണ്ടായിരുന്നു.

"എന്തിനാണ്‌ നിങ്ങള്‍ കരയുന്നത്‌...?" ഫ്രീമേല്‍ പരിഭ്രമത്തോടെ ചോദിച്ചു.

"BdU ല്‍ നിന്ന് ഒരു സന്ദേശം കൂടി എത്തിയിരിക്കുന്നു അഡ്‌മിറല്‍... ഇതാണ്‌ ഉള്ളടക്കം... അബ്‌വെറിന്റെ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, പതിനൊന്നാം തിയ്യതി പോള്‍ ഗെറിക്ക്‌ ലണ്ടന്‍ കേജില്‍ എത്തിയിരിക്കുന്നു."

ഇരു കൈകളും വിടര്‍ത്തി ഫ്രീമേല്‍ ബ്രിഡ്‌ജില്‍ ചാരി നിന്നു. പിന്നെ തന്റെ പോക്കറ്റില്‍ നിന്ന് സിഗരറ്റ്‌ പാക്കറ്റ്‌ എടുത്തു. ഒന്ന് മാത്രമേ അതില്‍ അവശേഷിച്ചിരുന്നുള്ളൂ. ആ സിഗരറ്റിന്‌ തീ കൊളുത്തിക്കൊടുക്കുമ്പോള്‍ ഹെയ്‌നിയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു.

നല്ലൊരളവ്‌ പുക ഉള്ളിലേക്കെടുത്തിട്ട്‌ ഫ്രീമേല്‍ നെടുവീര്‍പ്പിട്ടു. "ആ നശിച്ച ഫ്രഞ്ച്‌ സിഗരറ്റിലെ അവസാനത്തേതാണിത്‌... എന്നിട്ടുമെന്തോ... ഒരു സിഗരറ്റിന്‌ ഇത്രയും രുചി തോന്നിയിട്ടില്ല എന്റെ ജീവിതത്തില്‍ ഇതിന്‌ മുമ്പ്‌..."

* * * * * * * * * * * * * * * * * * * * * * * * * * * * * *


(തുടരും)

10 comments:

  1. സംഭവ ബഹുലമായ ഒരു എപ്പിസോഡ്‌ എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു... കഴിഞ്ഞ ലക്കങ്ങളില്‍ വന്ന് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാ വായനക്കാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി...

    ReplyDelete
  2. ഈ തവണയും നടയടി എന്‍റെ വകതന്നെ ആവട്ടെ.. തികച്ചും സംഭവബഹുലമായ ഒരു അദ്ധ്യായം...

    ReplyDelete
  3. കൊള്ളാം നല്ല വായന
    അടുത്തതിനായി കാക്കുന്നു...

    www.tomskonumadam.blogspot.com

    ReplyDelete
  4. അതെ, സംഭവബഹുലം തന്നെ. പ്രണയവും അടിപിടിയും എല്ലാമായിട്ട്.

    ReplyDelete
  5. തികച്ചും സംഭവ ബഹുലമായ ഒരദ്ധ്യായം തന്നെ.

    ReplyDelete
  6. ഒരു പരാതി പറയാൻ പോകുന്നു.
    ഈ അധ്യായത്തിൽ അടുപ്പിച്ചടുപ്പിച്ച് മൂന്നു തവണ വിളിച്ചു എന്നെഴുതിയത് മാറ്റാമായിരുന്നു. അത് ഒരു രസക്കുറവുണ്ടാക്കി.

    ReplyDelete
  7. ഇപ്പഴാ ഒരു സ്റ്റണ്ട് കണ്ടത്

    ReplyDelete
  8. വായിക്കുന്നു ..

    ReplyDelete
  9. വായിച്ച്‌ ശ്വാസം മുട്ടിയല്ലോ.ഹോ!!!!
    റിക്ടറും ഗെറികും ഹീറോകൾ തന്നെ.

    ReplyDelete
    Replies
    1. രസം പിടിച്ച് വരുന്നു അല്ലേ സുധീ...?

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...