പുതിയ വായനക്കാരുടെ അഭിപ്രായങ്ങളും അറിയുവാൻ ആഗ്രഹമുണ്ട്... കമന്റുകൾ സസന്തോഷം സ്വീകരിക്കുന്നതാണ്... :)

Thursday, January 7, 2010

സ്റ്റോം വാണിംഗ്‌ - 28

അസാമാന്യ വേഗതയിലാണ്‌ പോള്‍ ഗെറിക്കിന്റെ കാര്യങ്ങള്‍ പുരോഗമിച്ചത്‌. പ്രാഥമിക ചോദ്യം ചെയ്യല്‍ ഫാള്‍മൗത്തില്‍ വച്ച്‌ തന്നെ നടന്നു. അതിനിടെ അദ്ദേഹത്തിന്റെ തന്നെ വസ്ത്രങ്ങള്‍ അവര്‍ ഉണക്കി ധരിക്കുവാന്‍ കൊടുത്തു. പിന്നിട്‌ നേവല്‍ ഇന്റലിജന്‍സിന്റെ അകമ്പടിയോടെ അദ്ദേഹത്തെ പോര്‍ട്ട്‌സ്‌ മൗത്തിലേക്ക്‌ കാല്‍നടയായി കൊണ്ടുപോയി.

അത്യധികം ആദരവോടെ തന്നെയാണ്‌ അവര്‍ അദ്ദേഹത്തോട്‌ പെരുമാറിയത്‌. എന്തോ ഒരു പ്രത്യേകത അവര്‍ അദ്ദേഹത്തില്‍ ദര്‍ശിച്ചു. ക്രെട്‌ഷ്‌മറിന്‌ ശേഷം ആദ്യമായിട്ടാണ്‌ അവര്‍ക്ക്‌ ഇത്രയും ഉന്നതനായ ഒരു ജര്‍മന്‍ നേവല്‍ കമാന്ററെ പിടികിട്ടുന്നത്‌.

നീണ്ട അഞ്ച്‌ മണിക്കൂര്‍ ചോദ്യം ചെയ്യലിന്‌ ശേഷവും അദ്ദേഹത്തില്‍ നിന്ന് കാര്യമായ വിവരങ്ങളൊന്നും അവര്‍ക്ക്‌ ലഭിച്ചില്ല. തന്റെ വ്യക്തിപരമായ കാര്യങ്ങളല്ലാതെ യാതൊന്നും അദ്ദേഹം അവരോട്‌ വെളിപ്പെടുത്തിയില്ല.

ഉച്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ ലണ്ടനിലേക്ക്‌ കൊണ്ടുപോകുകയാണെന്ന് അവര്‍ അറിയിച്ചു. ഒരു നേവല്‍ പോലീസ്‌ വാഹനത്തിലായിരുന്നു യാത്ര. സായുധരായ ഒരു പെറ്റി ഓഫിസര്‍, ഒരു സബ്‌ ലെഫ്റ്റനന്റ്‌, രണ്ട്‌ അസിസ്റ്റന്റുമാര്‍ എന്നിവര്‍ അകമ്പടി സേവിച്ചു. ഗെറിക്കിന്റെ രണ്ട്‌ കൈകളും അവര്‍ ബന്ധിച്ചിരുന്നു.

വൈകുന്നേരം നാലരയോടെ അദ്ദേഹം ലണ്ടനിലെ കെന്‍സിങ്ങ്‌ടണ്‍ പാലസ്‌ ഗാര്‍ഡന്‍സിലുള്ള P.W Cage കെട്ടിട സമുച്ചയത്തിലെത്തി. എന്നാല്‍ അത്ര നല്ല പെരുമാറ്റമല്ല അവിടെ അദ്ദേഹത്തിന്‌ ലഭിച്ചത്‌. പ്രത്യേകിച്ച്‌ അവിടെ വച്ച്‌ ഗെറിക്കിന്റെ മേല്‍നോട്ടം ഏറ്റെടുത്ത ചീഫ്‌ പെറ്റി ഓഫീസര്‍ കാര്‍വറില്‍ നിന്ന്. ആജാനുബാഹുവായ ആ നാല്‍പ്പത്തിയാറുകാരനെ കണ്ടാല്‍ ഒരു ബോക്സര്‍ ആണെന്ന് തോന്നുമായിരുന്നു.


"എന്റെ ശരിക്കുള്ള അടവുകളൊക്കെ പുറത്തെടുത്താല്‍ ആറ്‌ റൗണ്ട്‌ എത്തുന്നതിന്‌ മുമ്പ്‌ തന്നെ റിങ്ങില്‍ നീ വീണിരിക്കും മോനേ..." ഗെറിക്കിനെ സ്വീകരിച്ചുകൊണ്ട്‌ അദ്ദേഹം പറഞ്ഞത്‌ ഇങ്ങനെയായിരുന്നു.

"അതൊന്നും എനിക്കറിയില്ല ചീഫ്‌..." ഗെറിക്ക്‌ ശാന്തത കൈവെടിയാതെ പറഞ്ഞു. "നിങ്ങളെ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത്‌ കൈയില്‍ കുപ്പിയുമായി ഇരുട്ട്‌ വീണ ഇടവഴിയില്‍ നിന്ന് ആടുന്ന ഒരു ശരാശരി മദ്യപനെയാണ്‌... ആ വേഷമാണ്‌ നിങ്ങള്‍ക്ക്‌ കൂടുതല്‍ ചേരുക..."

കാര്‍വറിന്റെ ഇടി തന്റെ മേല്‍ വീണത്‌ തന്നെ എന്ന് അദ്ദേഹം കണക്കാക്കി. എന്നാല്‍ അയാളെ കൂടാതെ വേറെ രണ്ട്‌ പേരും കൂടി സമീപത്തുണ്ടായിരുന്നതിനാല്‍ തല്‍ക്കാലം അത്‌ സംഭവിച്ചില്ല. ഇരച്ച്‌ കയറിയ ദ്വേഷ്യത്തോടെ കാര്‍വര്‍ ഒരു കാര്യം ചെയ്തു. ഗെറിക്കിന്റെ യൂണിഫോമിലുണ്ടായിരുന്ന സകല മെഡലുകളും ഊരിയെടുത്തു.

ഗെറിക്ക്‌ ഒരു റൂമിലേക്ക്‌ ആനയിക്കപ്പെട്ടു. ഒരു ഓഫീസ്‌ റൂം എന്നതിനെക്കാള്‍ ഒരു ഹാളിന്റെ പ്രതീതിയായിരുന്നു അതിന്‌. ചുമരിലെ ഷെല്‍ഫുകളില്‍ പുസ്തകങ്ങള്‍ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. ഒരു വശത്ത്‌ തീ കായാനുള്ള നെരിപ്പോട്‌. ജാലകത്തിലൂടെ നോക്കിയാല്‍ പുറമെയുള്ള പൂന്തോട്ടം വ്യക്തമായി കാണാം. അവിടെയുണ്ടായിരുന്ന വീതി കൂടിയ ഡെസ്കിനരികിലെ കസേരയില്‍ എന്തും നേരിടാനുള്ള മനക്കരുത്തോടെ ഗെറിക്ക്‌ ഇരുന്നു. ഇരുകൈകളും ബന്ധിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഇരുവശത്തും സായുധരായ രണ്ട്‌ സൈനികര്‍ കാവല്‍ നിന്നു.

അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ സൈനികവേഷം ധരിച്ച ഒരാള്‍ വാതില്‍ തുറന്ന് അവിടെയെത്തി. ഡെസ്കിന്റെ എതിര്‍വശത്തേക്ക്‌ നടന്ന അദ്ദേഹത്തിന്റെ യൂണിഫോമിലെ DSO അവാര്‍ഡും റിബണുകളും ഗെറിക്ക്‌ ശ്രദ്ധിച്ചു. റോയല്‍ നേവിയിലെ ഉയര്‍ന്ന പദവിയിലുള്ള ഒരു ക്യാപ്റ്റനായിരുന്നു അദ്ദേഹം. ഒരു ധ്യാനനിരതന്റെ മുഖഭാവമുള്ള അദ്ദേഹത്തിന്റെ മുടി നരച്ചിരുന്നു. അല്‍പ്പം മുന്നോട്ട്‌ കൂനുള്ള അദ്ദേഹം ഒരു വാക്കിംഗ്‌ സ്റ്റിക്കിന്റെ സഹായത്തോടെയാണ്‌ നടന്നത്‌.

കൂടെ കൊണ്ടുവന്ന രണ്ട്‌ ഫയലുകള്‍ ഡെസ്കിന്മേല്‍ ഇട്ടിട്ട്‌ ആചാര മര്യാദയോടെ അദ്ദേഹം പറഞ്ഞു.

"കമാന്‍ഡര്‍ ഗെറിക്ക്‌, മൈ നെയിം ഈസ്‌ വാന്‍... വെരി ഗ്ലാഡ്‌ റ്റു മീറ്റ്‌ യൂ..."

അദ്ദേഹം ഗെറിക്കിന്റെ അടുത്ത്‌ നിന്നിരുന്ന സൈനികനെ വിളിച്ചിട്ട്‌ പറഞ്ഞു. "ഇദ്ദേഹത്തിന്റെ കൈവിലങ്ങ്‌ അഴിച്ചുകൊള്ളൂ... എന്നിട്ട്‌ പുറത്ത്‌ കാത്ത്‌ നില്‍ക്കൂ..."

അയാള്‍ തന്റെ ജോലി നിര്‍വഹിച്ച്‌ പുറത്ത്‌ പോകുന്നത്‌ വരെ ഗെറിക്ക്‌ അനങ്ങാതെ ശാന്തനായി ഇരുന്നു. പിന്നെ മരവിച്ച്‌ തുടങ്ങിയ തന്റെ കൈകള്‍ നിവര്‍ത്തി കുടഞ്ഞു. "താങ്ക്‌ യൂ... ഇറ്റ്‌ സ്റ്റാര്‍ട്ടഡ്‌ ഗിവിംഗ്‌ മീ ട്രബിള്‍സ്‌..."

"സിഗരറ്റ്‌ പുകയ്ക്കുന്നോ...?" വാന്‍ ഒരു സിഗരറ്റ്‌ പാക്കറ്റ്‌ മേശപ്പുറത്തേക്കിട്ടു. പിന്നെ തന്റെ റീഡിംഗ്‌ ഗ്ലാസ്‌ മുഖത്ത്‌ വച്ചു കൊണ്ട്‌ തുടര്‍ന്നു. "താങ്കള്‍ വളരെ ഭംഗിയായി ഇംഗ്ലീഷ്‌ സംസാരിക്കുന്നുവല്ലോ... രണ്ട്‌ വര്‍ഷക്കാലം താങ്കള്‍ ലണ്ടനില്‍ ചെലവഴിച്ചിട്ടുണ്ടല്ലെ...? തൊള്ളായിരത്തി ഇരുപത്തിയാറ്‌ മുതല്‍ ഇരുപത്തിയെട്ട്‌ വരെ ഹള്ളിലെ ഒരു സ്കൂളില്‍ ഗ്രാമര്‍ പഠിക്കുവാനായി ..."

"വളരെ കൃത്യമായി താങ്കള്‍ എല്ലാം പറയുന്നു..."

"അതേ കമാന്‍ഡര്‍..." അദ്ദേഹം ശാന്തതയോടെ പറഞ്ഞു. "താങ്കളെക്കുറിച്ചുള്ള സകല കാര്യങ്ങളും... വളരെ നല്ല ഒരു റെക്കോര്‍ഡാണ്‌ താങ്കള്‍ ഉണ്ടാക്കിയിരിക്കുന്നത്‌. എന്റെ അഭിനന്ദനങ്ങള്‍..."

ഗെറിക്ക്‌ സുന്ദരമായി പുഞ്ചിരിച്ചു.

"Knights Cross മാത്രമല്ല, Oak Leaves ഉം കൂടി... വളരെ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഒരു മെഡല്‍ ആണ്‌ താങ്കള്‍ സ്വായത്തമാക്കിയിരിക്കുന്നത്‌..."

"ആങ്ങ്‌ഹ്‌... എന്റേതായിരുന്നു അതെല്ലാം..."

"അതെന്താ താങ്കള്‍ അങ്ങനെ പറഞ്ഞത്‌...?"

ഗെറിക്ക്‌ ലെതര്‍ കോട്ട്‌ തുറന്ന് മെഡലുകളൊന്നും ഇല്ലാത്ത തന്റെ യൂണിഫോം കാണിച്ചു കൊടുത്തു. "യുദ്ധത്തിന്റെ ദുഷ്‌ഫലങ്ങള്‍..."

വാനിന്റെ മുഖത്തെ ശാന്തത അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ വലത്‌ കവിളില്‍ ചുളിവുകള്‍ രൂപം കൊണ്ടു. "താങ്കളുടെ മെഡലുകള്‍ അപഹരിക്കപെട്ടുവെന്നാണോ പറഞ്ഞു വരുന്നത്‌...?"

"അതേ..."

"ഇവിടെ വച്ചോ...? ആരാണത്‌ ചെയ്തത്‌...?"

"എന്നെ സ്വീകരിക്കാനെത്തിയ പെറ്റി ഓഫീസര്‍... ഇവിടുത്തെ പതിവ്‌ ഇതാണെന്ന് തോന്നുന്നു..." ഗെറിക്ക്‌ പരിഹാസഭാവത്തില്‍ പറഞ്ഞു.

"ഞാന്‍ ഡ്യൂട്ടിയിലുള്ളപ്പോള്‍ ഇതനുവദിക്കില്ല... അക്കാര്യത്തില്‍ ഞാന്‍ ഉറപ്പ്‌ തരുന്നു കമാന്‍ഡര്‍..."

വാനിന്റെ മുഖം വിളറിയിരുന്നു. ഡെസ്കിലിരുന്ന ടെലിഫോണ്‍ എടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത്‌ ദ്വേഷ്യം ഇരച്ച്‌ കയറുകയായിരുന്നു. "ഇവിടെ, റൂം നമ്പര്‍ 22 ലേക്ക്‌, ചീഫ്‌ പെറ്റി ഓഫീസര്‍ കാര്‍വറെ ഉടന്‍ അയയ്ക്കൂ..."

വടിയുടെ സഹായത്തോടെ അദ്ദേഹം ജാലകത്തിനരികിലേക്ക്‌ നടന്നു. അല്‍പ്പം കഴിഞ്ഞ്‌ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു. കാര്‍വര്‍ ഉള്ളിലേക്ക്‌ പ്രവേശിച്ചു.

"എന്നെ വിളിച്ചുവോ സര്‍...?"

കാര്‍വറുടെ നേരെ തിരിയാതെ തന്നെ വാന്‍ പറഞ്ഞു. "കാര്‍വര്‍... ഈ ഓഫീസറുടെ മെഡലുകള്‍ എല്ലാം നിങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ഞാന്‍ അറിഞ്ഞു..."

"സര്‍... അത്‌ ..." കാര്‍വര്‍ വിക്കി വിക്കി പറഞ്ഞു.

വാന്‍ പെട്ടെന്ന് അയാളുടെ നേരെ വെട്ടിത്തിരിഞ്ഞു. "ഡാംന്‍ യുവര്‍ ഐസ്‌ മാന്‍... അവ ഇവിടെ മേശപ്പുറത്ത്‌ വയ്ക്കൂ... ഉം... റൈറ്റ്‌ നൗ...!"

കാര്‍വര്‍ ധൃതിയില്‍ അവ ഓരോന്നായി മേശമേല്‍ വയ്ക്കുവാന്‍ തുടങ്ങി. "Knights Cross, Iron Cross, First Class, Wound Badge എന്നിവ.

"എല്ലാമായോ...?" വാന്‍, ഗെറിക്കിനോട്‌ ചോദിച്ചു.

ഗെറിക്ക്‌ തല കുലുക്കി.

വാന്‍ കോപസ്വരത്തില്‍ കാര്‍വറോട്‌ പറഞ്ഞു. "തന്നെ ഞാന്‍ പിന്നെ കൈകാര്യം ചെയ്തോളാം... നൗ ഗെറ്റ്‌ ഔട്ട്‌..."

കാര്‍വര്‍ പോയതിന്‌ പിറകെ വാതില്‍ അടഞ്ഞപ്പോള്‍ ഗെറിക്ക്‌ തന്റെ മെഡലുകള്‍ എടുത്ത്‌ പോക്കറ്റില്‍ നിക്ഷേപിച്ചു.

വാന്‍ കസേരയിലേക്ക്‌ ചാഞ്ഞ്‌ ഒരു സിഗരറ്റിന്‌ തീ കൊളുത്തി. പിന്നെ അത്‌ ആഞ്ഞ്‌ വലിച്ചുകൊണ്ട്‌ ഒരു ഫയല്‍ തുറന്നു. "അപ്പോള്‍ ഞാന്‍ പറഞ്ഞുവന്നത്‌... മഹത്തായ ഒരു റെക്കോര്‍ഡാണ്‌ താങ്കള്‍ ഉണ്ടാക്കിയിരിക്കുന്നത്‌. കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് മടങ്ങിയെത്തിയതിന്‌ ശേഷം ബ്രെസ്റ്റില്‍ എത്തി പത്താം ഫ്ലോട്ടില്ലയില്‍ ചേര്‍ന്നു... ശരിയല്ലേ...?"

"ഞാന്‍ ആരാണെന്നുള്ള കാര്യം പറഞ്ഞുകഴിഞ്ഞു. എന്നില്‍ നിന്ന് താങ്കള്‍ക്ക്‌ ഇതില്‍ കൂടുതല്‍ വിവരങ്ങളൊന്നും കിട്ടാന്‍ പോകുന്നില്ല... അയാം റിയലി സോറി ക്യാപ്റ്റന്‍ വാന്‍... ഇതില്‍ കൂടുതലൊന്നും പറയാനില്ല എനിയ്ക്ക്‌..."

"ഓള്‍ റൈറ്റ്‌... പക്ഷേ താങ്കള്‍ എന്റെ പെരുമാറ്റം മോശമാക്കാന്‍ ശ്രമിക്കുകയാണ്‌... അതല്ലാതെ വേറെ വഴിയില്ല ഞങ്ങള്‍ക്ക്‌..."

"എന്ത്‌ മര്‍ദ്ദനമുറകള്‍ വേണമെങ്കിലും പ്രയോഗിച്ചോളൂ താങ്കള്‍... പക്ഷേ എന്നില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് താങ്കള്‍ കരുതേണ്ട..."

ഗെറിക്കിന്റെ ആ പ്രസ്താവന വാനിന്‌ രസിച്ചില്ല. "നോക്കൂ, ഞങ്ങള്‍ *ഗെസ്റ്റപ്പോകളല്ല. ആ രീതിയിലുള്ള ചോദ്യം ചെയ്യല്‍ ഞങ്ങള്‍ നടത്താറുമില്ല..." (*ഗെസ്റ്റപ്പോ - നാസി ജര്‍മനിയുടെ രഹസ്യ പോലീസ്‌ വിഭാഗം).

"അപ്പോള്‍ പിന്നെ താങ്കളുടെ അടുത്ത നടപടി എന്താണെന്നറിയാന്‍ എനിക്കാഗ്രഹമുണ്ട്‌ ക്യാപ്റ്റന്‍..."

വാന്‍ രണ്ടാമത്തെ ഫയല്‍ തുറന്നു. "1942 ഏപ്രില്‍ അഞ്ചാം തിയ്യതി അമേരിക്കയുടെ സമുദ്രാതിര്‍ത്തിയിലുള്ള റൊഡേ ദ്വീപിന്‌ സമീപത്ത്‌ വച്ച്‌ സാന്‍ ക്രിസ്റ്റബല്‍ എന്ന ഒരു ഓയില്‍ ടാങ്കര്‍ താങ്കള്‍ ടോര്‍പ്പിഡോ ചെയ്ത്‌ തകര്‍ത്തു."

"ശരിയാണ്‌..."

"അപ്പോള്‍ താങ്കളത്‌ മറന്നിട്ടില്ല. ബില്‍ബാവോയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു സ്പാനിഷ്‌ കപ്പലായിരുന്നു അത്‌. അങ്ങനെ ഒരു നിഷ്പക്ഷ രാജ്യത്തിന്റെ കപ്പല്‍ തകര്‍ത്തത്‌ അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്കെതിരാണ്‌..."

"താങ്കള്‍ അങ്ങനെ പറയരുത്‌..."

"പറയുക തന്നെ ചെയ്യും... മാത്രമല്ല, ഞങ്ങളുടെ അമേരിക്കന്‍ സുഹൃത്തുക്കള്‍ ആവശ്യപ്പെടുന്നത്‌ താങ്കള്‍ അതിന്‌ ഉത്തരം പറഞ്ഞേ തീരൂ എന്നാണ്‌. താങ്കള്‍ ഞങ്ങളുടെ കസ്റ്റഡിയിലുള്ള കാര്യം ഇന്ന് രാവിലെ ഞങ്ങള്‍ അവരെ അറിയിച്ചിട്ടുണ്ട്‌. ഒരു പക്ഷേ, രണ്ട്‌ മണിക്കൂറിനുള്ളില്‍ അവരിവിടെ എത്തും, താങ്കളെ ഏറ്റുവാങ്ങാന്‍. ഞാന്‍ അറിഞ്ഞിടത്തോളം താങ്കളെ അമേരിക്കയിലേക്ക്‌ കൊണ്ടുപോയി വിചാരണ നടത്തുവാനാണ്‌ അവരുടെ പദ്ധതി..."

ഗെറിക്ക്‌ പൊട്ടിച്ചിരിച്ചു. "എന്തൊരസംബന്ധം...! അമേരിക്കന്‍ വാര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്‌ ഓയില്‍ കൊണ്ടുപോകുവാനായി വാടകക്കെടുത്തിരിക്കുകയായിരുന്നു സാന്‍ ക്രിസ്റ്റബലിനെ അവര്‍..."

"അക്കാര്യത്തെ കുറിച്ച്‌ ഇതില്‍ പറയുന്നില്ല..."

"അത്ഭുതകരമായിരിക്കുന്നു...! താങ്കള്‍ക്ക്‌ ലഭിച്ചിരിക്കുന്ന മറ്റെല്ലാ വിവരങ്ങളും അക്ഷരംപ്രതി ശരിയാണ്‌..."

"എന്തായാലും അമേരിക്കക്കാര്‍ താങ്കളെ ആവശ്യപ്പെട്ടിട്ടുണ്ട്‌ ഗെറിക്ക്‌... സാന്‍ ക്രിസ്റ്റബലിന്റെ പേരിലാണ്‌ താങ്കളെ അവര്‍ വിചാരണ ചെയ്യുന്നതെങ്കില്‍ ഫലം അത്യന്തം ദുഃഖകരമായിരിക്കും..." വാന്‍ പറഞ്ഞു.

"എന്താ, താങ്കള്‍ക്കതില്‍ നിന്ന് എന്നെ രക്ഷിക്കാനാവുമോ...?"

"തീര്‍ച്ചയായും... താങ്കള്‍ ഞങ്ങളോട്‌ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍..."

ഗെറിക്ക്‌ നെടുവീര്‍പ്പിട്ടു. "ക്ഷമിക്കണം... താങ്കള്‍ വെറുതേ സമയം നഷ്ടപ്പെടുത്തുകയാണ്‌..."

വാന്‍, ശാന്തതയോടെ തല കുലുക്കി. പിന്നെ ആ ഫയലുകള്‍ എടുത്ത്‌ ഒരക്ഷരം പോലും ഉരിയാടാതെ പുറത്തേക്ക്‌ നടന്നു.

മുറിയില്‍ ഗെറിക്ക്‌ ഒറ്റയ്ക്കായി. പെട്ടെന്ന് എന്തോ ഒരു ഉള്‍പ്രേരണയെന്നോണം അദ്ദേഹം പോക്കറ്റില്‍ നിന്ന് തന്റെ ബാഡ്‌ജുകള്‍ എടുത്തു. അയേണ്‍ ക്രോസും വൂണ്ട്‌ ബാഡ്‌ജും തന്റെ ഷര്‍ട്ടില്‍ പിന്‍ ചെയ്തു വച്ചു. നൈറ്റ്‌സ്‌ ക്രോസ്‌ കണ്ഠത്തിന്‌ മുന്‍ഭാഗത്തും. പിന്നെ ജാലകത്തിനരുകിലേക്ക്‌ നടന്ന് ഇരുമ്പഴികള്‍ക്കിടയിലൂടെ പുറത്തേക്ക്‌ കണ്ണോടിച്ചു. സമൃദ്ധമായ ആ പൂന്തോട്ടം വളരെ ഉയര്‍ന്ന മതിലുകളാല്‍ വലയം ചെയ്തിരുന്നു. വലിയ ഒരു ബീച്ച്‌ മരത്തിന്റെ ചില്ലകള്‍ക്കിടയിലൂടെ തട്ടിത്തടഞ്ഞ്‌ വിശാലമായി പരന്ന് കിടക്കുന്ന റോഡണ്‍ഡ്രന്‍ ചെടികളുടെ മുകളില്‍ പതിച്ചുകൊണ്ടിരിക്കുന്ന മഴ... അത്‌ അദ്ദേഹത്തിന്റെ മനസ്സില്‍ എവിടെയോ ദുഃഖം പടര്‍ത്തി.

പെട്ടെന്ന് മുറിയുടെ വാതില്‍ തുറക്കപ്പെട്ടു. കാര്‍വറുടെ കൂടെയുണ്ടായിരുന്ന അസിസ്റ്റന്റിന്റെ കൈയില്‍ ഒരു ട്രേ ഉണ്ടായിരുന്നു.

"അതവിടെ വയ്ക്ക്‌ കുട്ടീ..." കാര്‍വര്‍ അയാളോട്‌ ആജ്ഞാപിച്ചു. പിന്നെ ഗെറിക്കിനോട്‌ ചോദിച്ചു. "കമാന്‍ഡര്‍... എന്തെങ്കിലും ഭക്ഷണം കഴിക്കണ്ടേ...?"

അപരന്‍ ട്രേ മേശമേല്‍ വച്ചിട്ട്‌ പുറത്ത്‌ കടന്നു. ഗെറിക്ക്‌ മേശയുടെ സമീപത്തേക്ക്‌ നടന്നു. പെട്ടെന്നാണ്‌ കാര്‍വര്‍ മുന്നോട്ട്‌ കുനിഞ്ഞ്‌ ഗെറിക്കിന്റെ കഴുത്തില്‍ പിടിച്ച്‌ മുകളിലേക്കുയര്‍ത്തിയത്‌. "എടാ ജര്‍മന്‍ തെമ്മാടീ... എന്റെ കൈയിലാണ്‌ നിന്നെ കിട്ടാന്‍ പോകുന്നത്‌. നിന്നെ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം..." അയാള്‍ അമര്‍ഷത്തോടെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

പിന്നെ ചുറ്റുമൊന്ന് കണ്ണോടിച്ച്‌, ഗെറിക്കിനെ വാന്‍ ഇരുന്നിരുന്ന കസേരയിലേക്ക്‌ തള്ളിയിട്ട്‌ വേഗം പുറത്തേക്ക്‌ കടന്നു.


* * * * * * * * * * * * * * * * * * * * *

(തുടരും)

12 comments:

  1. കഴിഞ്ഞ ലക്കങ്ങള്‍ വായിച്ച്‌ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവര്‍ക്കും രേഖപ്പെടുത്താതെ പോയവര്‍ക്കും ഒരു പോലെ നന്ദി...

    ബ്രീട്ടീഷ്‌ നാവികസേനയുടെ പിടിയിലായ പോള്‍ ഗെറിക്കിന്‌ എന്ത്‌ സംഭവിച്ചു എന്ന് നമുക്ക്‌ നോക്കാം...

    ReplyDelete
  2. വീണ്ടും ഗെറിക്കിന്റെ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. അദ്ദേഹത്തിന്റെ പെരുമാറ്റ രീതി വായനക്കാര്‍ക്ക് അദ്ദേഹത്തോടുള്ള മതിപ്പ് വര്‍ദ്ധിപ്പിയ്ക്കുന്നു.

    കഥയുടെ പുരോഗതിയ്ക്ക് കാത്തിരിയ്ക്കുന്നു.

    ReplyDelete
  3. katha purogamikkatte.. kathirikkunnu

    ReplyDelete
  4. ഗെറിക്കിന്റെ കാര്യം അറിയാന്‍ വേണ്ടി കാത്തിരിക്കുകയായിരുന്നു. അദ്ദേഹത്തെ അമേരിക്കയിലേക്ക്‌ കൊണ്ടുപോയാല്‍ കഷ്ടമാകുമല്ലോ. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    ReplyDelete
  5. വായിക്കുന്നുണ്ട്.:)

    ReplyDelete
  6. ശ്രീ ... അതേ, ഗെറിക്കിന്റെ ആകര്‍ഷകത്വം അത്‌ തന്നെയാണ്‌... ശത്രുക്കള്‍ക്ക്‌ പോലും മതിപ്പ്‌ തോന്നുന്ന വ്യക്തിത്വം...

    മനോരാജ്‌, ലേഖ, വേണു മാഷ്‌... ... സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും നന്ദി...

    ReplyDelete
  7. ജര്‍മനിയും സൈനികരും ലോകത്തിന്റെ മുഴുവന്‍ ശത്രുക്കളായി വര്‍ണ്ണിക്കപ്പെട്ടിരിക്കെ ഗെറിക്കിനെ വായിക്കുമ്പോള്‍ നമ്മുടെ ഹൃദയം അയാളോട് പറ്റിച്ചേരുന്നത് കണ്ടോ? ശരിക്കും ക്രാഫ്റ്റ് എന്ന് പറയുന്നത് ഇതല്ലേ?

    ReplyDelete
  8. തീര്‍ച്ചയായും അജിത്‌ഭായ്‌... ഇത്‌ എഴുതിയ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഒരു ബ്രിട്ടീഷ്‌കാരനാണെന്നതും ഓര്‍ക്കണം...

    ReplyDelete
  9. വായിക്കുന്നു ..

    ReplyDelete
  10. ഗെറിക്‌ ഒരു റിയൽ ജെർമ്മൻ ഹീറൊ തന്നെ.അയാൾ രക്ഷപെടും.അല്ലെങ്കിൽ സ്വയം ഒരു ധീരനാകും.ഉറപ്പ്‌.

    ReplyDelete
    Replies
    1. അനുവാചകരുടെ എല്ലാം ആഗ്രഹവും അത് തന്നെയാണ് സുധീ...

      Delete

ഇത്രയും ആയ നിലയ്ക്ക്‌ പറയാന്‍ വന്ന അഭിപ്രായം ഇവിടെയങ്ങട്‌ എഴുതിക്കോളൂ...